ഓസ്റ്റിൻ: ടെക്സസ് സംസ്ഥാനത്തെ പതിനാറു വയസ്സിനു മുകളിലുള്ള എല്ലാവർക്കും മാർച്ച് 29 മുതൽ കോവിഡ് വാക്സിൻ ലഭിക്കുമെന്ന് ടെക്സസ് സ്റ്റേറ്റ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ടെക്സസ് സംസ്ഥാനത്തു മാത്രമുള്ളവർക്കല്ല, മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ വരുന്നവർക്കും വാക്സിൻ നൽകുന്നതിനാണഅ തീരുമാനിച്ചിട്ടുള്ളതെന്നും ഇവർ അറിയിച്ചു.

ഇതുവരെ ടെക്സസ്സിൽ 10 മില്യൺ വാക്സിൻ ഡോസ് നൽകി കഴിഞ്ഞിട്ടുണ്ട്. കൂടുതൽ വാക്സിൻ ലഭിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സി.എസ്.എച്ച്.എസ്. അസ്സോസിയേറ്റ് കമ്മീഷ്ണർ ഇമൾഡാ ഗാർസിയ പറഞ്ഞു.50 വയസ്സിനു മുകളിലുള്ളവർക്കും, ഹെൽത്ത് കെയർ വർക്കേഴ്സിനും, സ്‌ക്കൂൾ ജീവനക്കാർക്കും ചുരുക്കം ചില മറ്റു വിഭാഗങ്ങൾക്കു മാത്രമാണ് ഇതുവരെ വാക്സിൻ നൽകിയിരുന്നത്.

മാർച്ച് 10ന് സംസ്ഥാനത്ത് മാസ്‌ക് മാൻഡേറ്റ് നീക്കം ചെയ്തുവെങ്കിലും, ജാഗ്രത പാലിക്കേണ്ടതു ണ്ടെന്നും, കോറോണ വൈറസിനേക്കാൾ മാരമായ വേരിയന്റ് സംസ്ഥാനങ്ങൾക്ക് കണ്ടെത്തിയിട്ടുള്ളത് വളരെ ഗൗരവമായി കാണണമെന്നും കമ്മീഷ്ണർ അഭ്യർത്ഥിച്ചു.

അമേരിക്കൻ പ്രസിഡന്റ് ബൈഡൻ മെയ് 1ന് മുമ്പു എല്ലാവർക്കും വാക്സിൻ ലഭ്യമാക്കണമെന്ന് സംസ്ഥാന ഗവൺമെന്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.സംസ്ഥാന ഗവൺമെന്റ് വാക്സിൻ നൽകാൻ തയ്യാറായിട്ടും സ്വീകരിക്കുവാൻ മടിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ടെക്സസിലുണ്ട്. ടെക്സസ്സിലെ മുഴുവൻ സ്ഥാപനങ്ങളും നൂറുശതമാനം പ്രവർത്തനസജ്ജമാക്കിയിട്ടും കോവിഡ് വ്യാപനം വർദ്ധിക്കുന്നില്ല എന്നതാണ് പ്രത്യേകം എടുത്തു പറയേണ്ട ഒരു വസ്തുത.