തിവേഗം പടരുകയും വാക്സിനുകളെ നിഷ്പ്രഭമാക്കുകയും ചെയ്യുന്ന പുതിയ ഇനം ഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസിനെ ഇന്ത്യയിൽ കണ്ടെത്തിയിരിക്കുന്നു. മഹാരാഷ്ട്രയിൽ ഒരു രോഗിയിലാണ് ഈ പുതിയ വകഭേദത്തെ കണ്ടെത്തിയതെന്ന് സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ഗവേഷകർ പറഞ്ഞു.

രണ്ട് വ്യത്യസ്ത തരം കൊറോണാ വൈറസുകൾ സംയോജിച്ചുണ്ടായതാണ് ഈ ഇനമെന്നും അവർ പറഞ്ഞു. വളരെ വിരളമായി മാത്രം നടക്കുന്ന ഒരു പ്രതിഭാസമാണ് ഒരു രോഗിയുടെ ശരീരത്തിനുള്ളിൽ വച്ച് രണ്ട് വ്യത്യസ്ത തരം വൈറസുകൾ സംയോജിച്ച് മറ്റൊന്നുണ്ടാവുക എന്നത്.

പ്രതിരോധശേഷിയെ വെല്ലുവിളിക്കുന്ന ഈ വകഭേദം അതിവേഗം പടർന്നു പിടിക്കുമെന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖർ പറയുന്നത്. എന്നാൽ, ഇന്ത്യയിൽ ഇപ്പോൾ വർദ്ധിച്ചുവരുന്ന ഈ പുതിയ തരംഗത്തിനു പിന്നിൽ ഈ വകഭേദമല്ലെന്നും ഇവർ പറയുന്നു. ഒരു തരംഗം സൃഷ്ടിക്കാവുന്നത്ര എണ്ണം വൈറസുകളൊന്നും ഈ പുതിയ വകഭേദത്തിലില്ല എന്നാണ് അനുമാനിക്കുന്നത്. ഇ 484 ക്യൂ, എൽ 452 ആർ എന്നിങ്ങനെ രണ്ട് മ്യുട്ടേഷനുകളാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ വൈറസിലുള്ളത്. ഇവ രണ്ടും സംഭവിച്ചിരിക്കുന്നത് സ്പൈക്ക് പ്രോട്ടീനിലാണ്.

എന്നാൽ, രണ്ട് വ്യത്യസ്ത ഇനം വൈറസുകൾ സംഗമിച്ചുണ്ടാകുന്നത് ഒരു റീകോമ്പിനേഷൻ വൈറസാണെന്ന് പറയാനുള്ള തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ പറയുന്നത്. അത് രണ്ടു മ്യുട്ടേഷനുകളിലൂടെ രൂപപ്പെട്ട ഒരു പുതിയ ഇനം വൈറസ് ആണെന്നാണ് അവർ പറയുന്നത്. ഇതുപോലെ ഒന്നിലധികം മ്യുട്ടേഷനുകൾ ബ്രസീൽ ഇനത്തിലും ദക്ഷിണാഫ്രിക്കൻ ഇനത്തിലും സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് രണ്ടു വ്യത്യസ്ത ഇനങ്ങൾ സംഗമിച്ചുണ്ടായതാണെന്ന് പറയാൻ കഴിയില്ല. ഇതുവരെ ഇത്തരത്തിൽ രണ്ടു വ്യത്യസ്ത ഇനങ്ങൾ സംഗമിച്ചുണ്ടായ ഒരു ഇനത്തെ മാത്രമെ ഇതുവരെ കണ്ടെത്തിയിട്ടുള്ളു, അത് അമേരിക്കയിലായിരുന്നു. കെന്റ് ഇനവും കാലിഫോർണിയയിൽ കണ്ടെത്തിയ ഒരു ഇനവും സംഗമിച്ചാണ് ഇതുണ്ടായത്.

ഈ പുതിയ ഇനം അതിവ്യാപന ശേഷിയുള്ളതാണെന്നും പ്രഹരശേഷി കൂടുതലാണെന്നുമുള്ള ഇന്ത്യൻ സർക്കാരിന്റെ വാദത്തെയും ബ്രിട്ടീഷ് ശാസ്ത്രജ്ഞർ തള്ളിക്കളയുന്നു. ബ്രസീൽ ഇനത്തിൽ കണ്ട ഇ 484 കെ എന്ന മ്യുട്ടേഷനെ അപേക്ഷിച്ച് അപകടം വളരെ കുറവുള്ള ഒന്നാണ് ഇ 484 ക്യു എന്ന മ്യുട്ടേഷൻ എന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെ, ബ്രസീലിയൻ-സൗത്ത് ആഫ്രിക്കൻ ഇനങ്ങളെ പോലെ വാക്സിനെ പ്രതിരോധിക്കാനുള്ള കഴിവ് ഇതിനുണ്ടാവില്ലെന്നും അവർ ഉറപ്പിച്ചു പറയുന്നു. അതേസമയം എൽ 452 ആർ എന്ന മ്യുട്ടേഷനെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടക്കുകയാണെന്നും അവർ പറഞ്ഞു.

പോസിറ്റീവ് കോവിഡ് ടെസ്റ്റിൽ ലഭിക്കുന്ന സാമ്പിളുകളിൽ ജീനുകളെ വിശദമായി പഠിക്കുന്ന ജീനോം സ്വീക്വെൻസിങ് എന്ന പ്രക്രിയയിലൂടെയാണ്ഈ പുതിയ ഇനത്തെ കണ്ടെത്തിയത്. എന്നാൽ, ഈ വൈറസ് ബാധയുള്ള എത്ര കേസുകൾ കണ്ടെത്തിയെന്ന് വ്യക്തമായിട്ടില്ല. എന്നാൽ ഇപ്പോൾ വ്യാപനത്തിലുണ്ടായിട്ടുള്ള വർദ്ധനവിന് ഈ ഇനവുമായി ബന്ധമില്ലെന്നാണ് സർക്കാർ പറയുന്നത്.