ഡാളസ്: യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതിരുന്ന ഇരുപത് വയസുകാരന്റെ മരണത്തോടെ ഏപ്രിൽ മൂന്നാം തീയതി ശനിയാഴ്ച കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഡാളസ് കൗണ്ടിയിൽ ഇരുപതായി ഉയർന്നതായി കൗണ്ടി ജഡ്ജി ക്ലെ ജങ്കിൻസ് അറിയിച്ചു. 294 പേരിൽ കൊറോണ വൈറസ് സ്ഥിരീകരിക്കുകയും ചെയ്തു. മരിച്ചവരിൽ 30 വയസ് മുതൽ 80 വയസുവരെ പ്രായമുള്ളവരാണ് ഉൾപ്പെടുന്നതെന്നും, മിക്കവാറും പേർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും ജഡ്ജി പറഞ്ഞു.

ഇതോടെ ഡാളസ് കൗണ്ടിയിൽ മാത്രം മരിച്ചവരുടെ എണ്ണം 3591 ആയി ഉയർന്നു. 2,52,583 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡാളസ് കൗണ്ടിയിൽ മറ്റൊരു മാരക കൊറോണ വൈറസിന്റെ വ്യാപനം ഉണ്ടായതായും, ഇതുവരെ 19 പേരിൽ ഈ വൈറസ് സ്ഥിരീകരിക്കുകയും ചെയ്തതായി ജഡ്ജി പറഞ്ഞു.

കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർ അടിയന്തരമായി രജിസ്റ്റർ ചെയ്യണമെന്നും, മാസ്‌കും, സാമൂഹിക അകലവും പാലിക്കണമെന്നും ജഡ്ജി അഭ്യർത്ഥിച്ചു. ടെക്സസിലെ 16 വയസിനു മുകളിലുള്ള മൂന്നിൽ ഒരു ഭാഗം പേർക്ക് ഇതുവരെ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചതായും ജഡ്ജി കൂട്ടിച്ചേർത്തു.