- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുംഭമേളയിൽ മാസ്കും സാന്നിറ്റൈസറും ഉപയോഗിക്കുന്നത് കുറവ്; സന്യാസിമാർ ഉൾപ്പെടെയുള്ളവരിൽ രോഗ വ്യാപനം; മഹാരാഷ്ട്രയിൽ ലോക്ഡൗണിന് സമാനമായ നിരോധനാജ്ഞ; ഇന്ത്യ വീണ്ടും കോവിഡ് ഭീതിയിലേക്ക്
ന്യൂഡൽഹി: വീണ്ടും ഇന്ത്യ ലോക്ഡൗണിലേക്കോ? സമ്പൂർണ്ണ അടച്ചിടൽ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ പറയുമ്പോഴും പരോക്ഷമായി അത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കും. നിരോധനാജ്ഞയും രാത്രികാല കർഫ്യൂവും പ്രഖ്യാപിച്ച് കോവിഡിനെ പിടിച്ചു കെട്ടാനാണ് തീരുമാനം. നിരോധനാജ്ഞ ഫലത്തിൽ ലോക്ഡൗണിന്‌സമാനമായി മാറും.
പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞതിന്റെ ആഘാതത്തിലാണ് ഇന്ത്യ. തിരഞ്ഞെടുപ്പുകളും ഉത്സവാഘോഷങ്ങളും സ്ഥിതി കൂടുതൽ അപകടകരമാക്കുമെന്ന ആശങ്ക ഒരു ഭാഗത്തുണ്ട്. ഇതിനിടയിൽ, സ്ഥിതി മെച്ചപ്പെടുത്താനുള്ള നിയന്ത്രണപ്രതിരോധ നടപടികളിലാണ് സംസ്ഥാന സർക്കാരുകൾ. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യവും ജാഗ്രതാ നടപടികളും കേന്ദ്രസർക്കാർ പരിശോധിക്കുന്നുണ്ട്. മിക്ക സംസ്ഥാനങ്ങളിലും സ്‌കൂളുകളും കോളേജുകളും അടച്ചു. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷം. ഇവിടെ നിന്നെത്തുന്നവർ 72 മണിക്കൂറിനുള്ളിൽ ലഭിച്ച ആർടിപിസിആർ നെഗറ്റീവ് പരിശോധന ഫലം ഹാജരാക്കണമെന്ന് പല സംസ്ഥാനങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്.
ഛത്തീസ്‌ഗഡിൽ അതിഗുരുതരമായ സ്ഥിതിയാണുള്ളത്. കഴിഞ്ഞദിവസം മാത്രം 15,000 കേസുകളും നൂറിലധികം മരണങ്ങളും ഉണ്ടായി. റായ്പുർ, ദുർഗ് ജില്ലകളിൽ ലോക്ഡൗണാണ്. ഒട്ടുമിക്ക ജില്ലകളിലും രാത്രികാല കർഫ്യൂവും ഉണ്ട. ഗുജറാത്തും ആശങ്കയിലാണ്. കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തത് 7410 കേസുകളാണ്. 24 നഗരങ്ങളിൽ രാത്രികാല കർഫ്യു. പൊതുചടങ്ങുകൾക്കു കർശന നിരോധനം എന്നിവ ഏർപ്പെടുത്തി. ഇതര സംസ്ഥാനക്കാർക്ക് ആർടിപിസിആർ നിർബന്ധമാക്കുകയും ചെയ്തു. കർണാടകയിൽ ബെംഗളൂരു, മൈസൂരു, മംഗളൂരു ഉൾപ്പെടെ 7 ജില്ലകളിൽ രാത്രികാല കർഫ്യൂ നിലവിൽ വന്നു. ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിരോധനാഞ്ജയും.
ആന്ധ്രപ്രദേശിൽ പ്രതിദിന കോവിഡ് കേസുകൾ കാര്യമായി ഉയരുന്നു. കഴിഞ്ഞദിവസം 4000 കേസുകൾ റിപ്പോർട്ടു ചെയ്തു. മഹാരാഷ്ട്രയാണ് കോവിഡ് ഏറ്റവും രൂക്ഷമായ സംസ്ഥാനം. പ്രധാന നഗരങ്ങളിലെല്ലാം കടുത്ത വ്യാപനം. മെയ് 1 വരെ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ. അവശ്യസേവനങ്ങൾക്കു മാത്രം ഇളവ് നൽകി നിരോധനാജ്ഞ. ഷൂട്ടിങ്ങിന് ഉൾപ്പെടെ വിലക്ക്. ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, ഗോവ, കേരളം എന്നിവിടങ്ങളിൽ നിന്ന് എത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധം. ഇങ്ങനെ കാര്യങ്ങൾ കർശനമാക്കുകയാണ് മഹാരാഷ്ട്ര. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സ്ഥിതി ശാന്തമാണ്.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കുംഭമേളയിൽ പങ്കെടുത്ത 1,701 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആർടി-പിസിആർ, റാപ്പിഡ് ആന്റിജൻ പരിശോധനകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രിൽ 10നും 14നും ഇടയിലാണ് 1,701 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ചവരിൽ സന്ന്യാസിമാരും ഉൾപ്പെടുന്നു. ഇതും ഉത്തരേന്ത്യയെ പ്രതിസന്ധിയിലാക്കുന്നു. കൂടുതൽ ആർടി-പിസിആർ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും രോഗബാധിതരുടെ എണ്ണം രണ്ടായിരമായി ഉയരുമെന്നും ഹരിദ്വാർ ചീഫ് മെഡിക്കൽ ഓഫിസർ ശംഭു കുമാർ ഝാ പറഞ്ഞു.
ഉത്തരാഖണ്ഡിലെ ഹരിദ്വാർ, തെഹ്രി ഗർവാൾ, ഡെറാഡൂൺ ജില്ലകളിലായി 670 ഹെക്ടർ പ്രദേശത്താണ് കുംഭമേള നടക്കുന്നത്. ദിവസവും ലക്ഷക്കണക്കിന് ആളുകൾ കുംഭമേളയിൽ പങ്കെടുക്കുന്നുണ്ട്. ഏപ്രിൽ 12, ഏപ്രിൽ 14 തീയതികളിൽ നടന്ന 'ഷാഹി സ്നാനിൽ' പങ്കെടുത്ത 48.51 ലക്ഷം ആളുകളിൽ ഭൂരിഭാഗം പേരും മാസ്‌ക്, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ