- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
1984-ലെ ഭോപാൽ വാതകദുരന്തത്തിനുശേഷം ശ്മശാനങ്ങൾ നിറയുന്നത് ആദ്യം: കോവിഡ് മരണങ്ങൾ കൂടുമ്പോൾ ഉത്തരേന്ത്യയിലെ ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ കുന്നു കൂടുന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിസന്ധി അതിരൂക്ഷം. മരണവും കൂടുകയാണ്. ഇതോടെ രാജ്യത്തെ ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ കുന്നുകൂടുന്നു. ഡൽഹി, ലഖ്‌നൗ, അഹമ്മദാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ദിവസം 15-20 മൃതദേഹങ്ങൾ സംസ്‌കരിച്ചിരുന്ന ശ്മശാനങ്ങളിൽ നൂറിലധികം മൃതദേഹങ്ങളാണ് എത്തുന്നത്.
ഉത്തരേന്ത്യയിൽ മിക്ക ശ്മശാനങ്ങളും ഇടവേളകളിലാതെയാണ് പ്രവർത്തിക്കുന്നത്. ഗ്യാസ്, വൈദ്യുതി ശ്മശാനങ്ങൾക്കു പുറമേ മിക്കയിടങ്ങളിലും വിറകുപയോഗിച്ചും ദഹിപ്പിച്ചുതുടങ്ങി. പെട്രോളും മണ്ണെണ്ണയുമൊക്കെ മൃതദേഹങ്ങൾ വേഗം കത്തിക്കാനായി ഉപയോഗിക്കുന്നതായും റിപ്പോർട്ടുണ്ട്. ഇത് പരിസരവാസികൾക്ക് അസൗകര്യവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നതായി പരാതിക്കിടയാക്കിയിട്ടുണ്ട്.
നൂറിലേറെയാണ് ഡൽഹിയിലെ കോവിഡ് മരണങ്ങൾ. ഏറ്റവും വലിയ ശ്മശാനമായ നിഗം ബോധ് ഘാട്ടിൽ ദിവസവും സംസ്‌കരിക്കപ്പെടുന്നത് നൂറിലേറെ മൃതദേഹങ്ങൾ. ഇതിൽ മുപ്പതിലേറെ കോവിഡ് മൃതദേഹങ്ങളാണെന്ന് ശ്മശാനം നടത്തിപ്പുകാരനായ അവധേഷ് ശർമ പറഞ്ഞു. ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെ ദിവസവും മൂന്നോ നാലോ മൃതദേഹങ്ങളായിരുന്നു. ഏപ്രിൽ ആറുമുതൽ പത്തുവരെ ഇത് പത്തോ പന്ത്രണ്ടോ ആയി വർധിച്ചു. ഏപ്രിൽ 12-ന് 24 കോവിഡ് മൃതദേഹങ്ങൾ സംസ്‌കരിച്ചു. ഏപ്രിൽ 13-ന് 36 മൃതദേഹങ്ങളും 14-ന് 37 എണ്ണവും. ഓരോ ദിവസവും ഇതുതന്നെയാണ് സ്ഥിതി.
മൃതദേഹങ്ങളുമായി എത്തുന്ന ആളുകളുടെ നീണ്ടവരിയാണ് ഗുജറാത്തിലെ ശ്മശാനങ്ങളിൽ. അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്കോട്ട് എന്നിവിടങ്ങളിലാണ് സ്ഥിതിരൂക്ഷം. മധ്യപ്രദേശിലെ ഭോപാലിൽമാത്രം 37 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. 1984-ലെ ഭോപാൽ വാതകദുരന്തത്തിനുശേഷം ശ്മശാനങ്ങൾ നിറയുന്നത് ആദ്യമാണ്.
ഉത്തർപ്രദേശിലെ ലഖ്നൗവിലും സ്ഥിതി രൂക്ഷമാണ്. 70-80 മൃതദേഹങ്ങളാണ് ഇവിടെ കോവിഡ് ശ്മശാനത്തിൽ എത്തുന്നത്. 7-8 മൃതദേഹങ്ങൾ വന്നിരുന്നതിൽനിന്നാണ് ഈ വർധന. ഈ സാഹചര്യത്തിൽ ലഖ്നൗവിൽ പുതുതായി അഞ്ച് വൈദ്യുതിശ്മശാനങ്ങൾ ഉടൻ തുറക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.

