- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ഡൗൺ കാഴ്ചകൾ വീണ്ടും; റോഡുകളെ വിജനമാക്കി കോവിഡ് പ്രതിരോധത്തിന് കർശന നിയന്ത്രണങ്ങൾ; പുറത്തിറങ്ങുന്നവർക്ക് നേരിടേണ്ടി വരുന്നത് പൊലീസിന്റെ പരിശോധനകൾ; ഇന്നും നാളേയും കേരളത്തിൽ അവശ്യ സർവ്വീസ് മാത്രം; പ്രോട്ടോകോൾ ലംഘനം ഒഴിവാക്കാൻ നിരീക്ഷണം അതിശക്തം
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ, സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങൾ ആണുള്ളത്. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരും വീടിനു പുറത്തിറങ്ങരുതെന്നും ഈ ദിവസങ്ങൾ കുടുംബത്തിനായി മാറ്റിവയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചിരുന്നു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒരു കാരണവശാലും അനുവദിക്കില്ല. കേരളത്തിൽ ഉടനീളം പരിശോധനകൾ രാവിലെ തന്നെ തുടങ്ങിയിട്ടുണ്ട്.
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെയുള്ളവ തുറക്കരുത്. ആശുപത്രികൾ, മാധ്യമ / ടെലികോം / ഐടി സ്ഥാപനങ്ങൾ, പാൽ, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവയ്ക്കു പ്രവർത്തിക്കാം. സർക്കാർ ഓഫിസുകൾക്കും ഇന്ന് അവധിയാണ്. കോവിഡ് വാക്‌സീൻ എടുക്കാൻ പോകുന്നവർക്കു തടസ്സമില്ല. ഗുരുതര സ്ഥിതിയാണ് രൂപപ്പെടുന്നതെന്നും കൂടുതൽ കർശന നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വരുംദിവസങ്ങളിൽ എന്തൊക്കെ നിയന്ത്രണങ്ങൾ വേണമെന്ന് 26നു രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ തീരുമാനിക്കും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി.
നേരത്തേ തീരുമാനിച്ച വിവാഹങ്ങൾ നടത്താം. ഹാളിൽ പരമാവധി 75 പേർ. തുറസ്സായ സ്ഥലങ്ങളിൽ 150 പേർ. 'കോവിഡ് ജാഗ്രത' പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. പങ്കെടുക്കാൻ പോകുന്നവർ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കരുതണം. മരണാനന്തര ചടങ്ങുകൾക്കു പരമാവധി 50 പേർ. ദീർഘദൂര യാത്ര ഒഴിവാക്കണം. വിവാഹം, മരണം മുതലായ ചടങ്ങുകൾക്കും ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ കാണാനും മരുന്ന്, ഭക്ഷണം എന്നിവ വാങ്ങാനും യാത്രയാകാം. സ്വന്തമായി തയാറാക്കിയ സത്യപ്രസ്താവന കയ്യിൽ കരുതണം. ഇതിനു പ്രത്യേക മാതൃക ഇല്ല. പാൽ, പച്ചക്കറി, പലവ്യഞ്ജനം, മീൻ, മാംസം എന്നിവ വിൽക്കുന്ന കടകൾ തുറക്കാം.
കെഎസ്ആർടിസി, ട്രെയിൻ, വിമാന സർവീസുകൾക്കു തടസ്സമില്ല. പൊലീസ് പരിശോധനാ സമയത്ത് യാത്രക്കാർ തിരിച്ചറിയൽ കാർഡ്, ടിക്കറ്റ് / ബോർഡിങ് പാസ് എന്നിവ കാട്ടണം. ദീർഘദൂര സർവീസുകൾ നടത്താമെങ്കിലും നിയന്ത്രണങ്ങളുണ്ടാകും. ഹോട്ടലുകളും തുറക്കാം. എന്നാൽ ഇരുന്നു കഴിക്കാൻ അനുവദിക്കില്ല, പാഴ്‌സൽ മാത്രം. ഹോം ഡെലിവറി നടത്താം. വളരെ അത്യാവശ്യഘട്ടങ്ങളിൽ ഹോട്ടലുകളിൽ പോയി ഭക്ഷണം വാങ്ങാം. ഇതിനായി സത്യപ്രസ്താവന കയ്യിൽ കരുതണം.
ഇന്നത്തെ പ്ലസ് ടു പരീക്ഷ നടക്കും. ബന്ധപ്പെട്ട അദ്ധ്യാപകർക്കും കുട്ടികൾക്കും യാത്ര ചെയ്യാം. പരീക്ഷാകേന്ദ്രങ്ങളിൽ കുട്ടികളെ എത്തിക്കുന്ന രക്ഷിതാക്കൾ കൂട്ടം കൂടി നിൽക്കാതെ ഉടൻ മടങ്ങണം. പരീക്ഷ തീരുമ്പോഴേക്കും തിരിച്ചെത്തിയാൽ മതി. പരീക്ഷാകേന്ദ്രത്തിനു മുന്നിൽ അകലം പാലിക്കണം. യാത്രാ സൗകര്യങ്ങൾക്കായി ആവശ്യമായ ഇടപെടൽ നടത്താൻ കലക്ടർമാർക്കു സർക്കാർ നിർദ്ദേശമുണ്ട്. തുണിക്കടകൾ, ജൂവലറികൾ, ബാർബർ ഷോപ്പുകൾ എന്നിവ തുറക്കില്ല. ഓട്ടോ, ടാക്‌സി, ചരക്ക് വാഹനങ്ങൾ അത്യാവശ്യത്തിനു മാത്രം. ഇവ പൊലീസ് പരിശോധിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കു പോകുന്നവർ തിരിച്ചറിയൽ കാർഡ് കാണിക്കണം.
സംസ്ഥാനത്ത് ഇന്നും നാളെയും 60% സർവീസുകൾ നടത്തുമെന്നു കെഎസ്ആർടിസി അറിയിച്ചു. ഞായറാഴ്ചകളിൽ നടത്താറുള്ള ദീർഘദൂര സർവീസുകളും ഓർഡിനറി സർവീസുകളും ഉൾപ്പെടെയാണിത്. നിന്ത്രണങ്ങളിൽ നിന്ന് അവശ്യവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന വ്യവസായങ്ങൾക്ക് ഇളവ് അനുവദിച്ചു. മരുന്ന്, ഫാർമസ്യൂട്ടിക്കൽ, ശുചീകരണ ഉൽപന്നങ്ങൾ, ഓക്‌സിജൻ, മെഡിക്കൽ ഉപകരണങ്ങൾ, മെഡിക്കൽ ടെക്‌സ്‌റ്റൈൽസ്, ഇതിനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ എന്നിവ ഉൽപാദിപ്പിക്കുന്ന സ്ഥാപനങ്ങൾക്കു പ്രവർത്തിക്കാം.
ഭക്ഷ്യോൽപാദന, സംസ്‌കരണ മേഖലയിലെ വ്യവസായങ്ങൾ, കോഴിത്തീറ്റ, വളർത്തു മൃഗങ്ങളുടെ തീറ്റ എന്നിവ ഉൽപാദിപ്പിക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്കും അനുമതിയുണ്ട്. കാർഷികോൽപന്നങ്ങൾ, വളം, കാർഷിക ഉപകരണങ്ങൾ, അനുബന്ധ സാധനങ്ങൾ എന്നിവ ഉൽപാദിപ്പിക്കുന്ന സ്ഥാപനങ്ങൾ, എല്ലാവിധ കയറ്റുമതി യൂണിറ്റുകൾ, പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ സാമഗ്രികൾ നിർമ്മിക്കുന്ന യൂണിറ്റുകൾ, കാർഷിക, പ്രതിരോധ, ആരോഗ്യ മേഖലയ്ക്കാവശ്യമായ ഓട്ടമൊബീൽ, അനുബന്ധ ഘടകങ്ങൾ ഉൽപാദിപ്പിക്കുന്നയിടങ്ങൾ, ഇത്തരം മേഖലകൾക്കായി പാക്കജിങ് ഉൽപന്നങ്ങൾ നിർമ്മിക്കുന്ന കേന്ദ്രങ്ങൾ എന്നിവയ്ക്കും ഇളവ് ബാധകമാണ്.
തുടർച്ചയായി പ്രവർത്തിക്കേണ്ടി വരുന്ന സ്ഥാപനങ്ങൾക്കും അനുമതി നൽകി. ടയർ ഉൽപാദന കേന്ദ്രങ്ങൾ, പേപ്പർ മില്ലുകൾ, റിഫൈനറികൾ, സ്റ്റീൽ പ്ലാന്റുകൾ, സിമന്റ് പ്ലാന്റുകൾ, കെമിക്കൽ വ്യവസായ കേന്ദ്രങ്ങൾ, പഞ്ചസാര മില്ലുകൾ, വളം ഫാക്ടറികൾ, ഗ്ലാസ് പ്ലാന്റുകൾ, ഇലക്ട്രോണിക് വ്യവസായങ്ങൾ, ഓട്ടമൊബീൽ നിർമ്മാണ യൂണിറ്റുകൾ, വലിയ ടെക്‌സ്‌റ്റൈൽ യൂണിറ്റുകൾ എന്നിവയ്ക്കും പ്രവർത്തിക്കാം.
മറുനാടന് മലയാളി ബ്യൂറോ