- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ചെറിയ ലക്ഷ്ണമുള്ളവർക്കും പരിശോധന; റെംഡിസിവർ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഓക്സിജൻ ആവശ്യമുള്ള രോഗികൾക്ക് മാത്രം നൽകിയാൽ മതി; പ്ലാസ്മ തെറാപ്പി ആവശ്യമെങ്കിൽ രോഗം ബാധിച്ച് ഏഴ് ദിവസത്തിനുള്ളിൽ നൽകാം; കോവിഡിനെ പിടിച്ചു കെട്ടാൻ പുതിയ മാർഗ്ഗ രേഖയുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: വൈറസ് വ്യാപനം അതിരൂക്ഷമായതോടെ കോവിഡ് ചികിത്സയ്ക്ക് പുതിയ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. ഇനിമുതൽ കാറ്റഗറി എ വിഭാഗത്തിൽപ്പെടുന്ന ചെറിയ ലക്ഷണങ്ങളുള്ളവരെയും പരിശോധിക്കും. 24 - 48 മണിക്കൂർ കൂടുമ്പോൾ ഇവരെ പരിശോധിക്കണം. ഇവർക്ക് കൂടുതൽ ലക്ഷണങ്ങൾ പ്രകടമായാൽ അടുത്ത കാറ്റഗറിയിലേക്ക് മാറ്റി മികച്ച ചികിത്സ നൽകും.
രോഗ തീവ്രതയനുസരിച്ച് നൽകേണ്ട മരുന്നിനെക്കുറിച്ചും അവയുടെ ഡോസേജ് സംബന്ധിച്ചും പുതിയ മാർഗരേഖയിൽ വ്യക്തമായ നിർദ്ദേശമുണ്ട്. സി കാറ്റഗറിയിൽ വരുന്ന ഗുരുതരാവസ്ഥയിലുള്ളവർക്ക് ഫാബിപിറാവിൻ, ഐവർമെക്സിൻ തുടങ്ങിയ മരുന്നുകൾ നൽകാം. റെംഡിസിവർ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഓക്സിജൻ ആവശ്യമുള്ള രോഗികൾക്ക് മാത്രം നൽകിയാൽ മതിയെന്നാണ് നിർദ്ദേശം. മരുന്നിന് ക്ഷാമം ഉണ്ടാകാനുള്ള സാധ്യത തിരിച്ചറിഞ്ഞാണ് ഈ തീരുമാനം.
പ്ലാസ്മ തെറാപ്പി ആവശ്യമെങ്കിൽ രോഗം ബാധിച്ച് ഏഴ് ദിവസത്തിനുള്ളിൽ നൽകാം. രണ്ടാം തരംഗത്തിൽ രോഗ ലക്ഷണങ്ങൾക്കുറഞ്ഞവർ പോലും പെട്ടെന്ന് ഗുരുതരാവസ്ഥയിലേക്ക് മാറുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് പുതിയ മാർഗരേഖ ഇറക്കിയിരിക്കുന്നത്. കോവിഡ് പ്രോടോകോൾ ലംഘനവും ഇനി സൂക്ഷ്മ നിരീക്ഷണത്തിലാകും. ജനിതക മാറ്റമുള്ള വൈറസ് എത്തിയോ എന്ന സംശയവും ആരോഗ്യ വകുപ്പിനുണ്ട്. കേരളത്തിൽ ഇന്ന് 28,469 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു.
രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബുധൻ, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇതുൾപ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,773 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.46 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എംപി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,51,16,722 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 116 പേർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരിൽ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5110 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,70,558 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,50,993 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 19,565 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3279 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ