ന്ത്യയിൽ അങ്ങോളമിങ്ങോളം ജനജീവിതം നരകമാക്കിയ കോവിട് ദുരന്തത്തിന്റെ രണ്ടാം തരംഗത്തിനേകാൾ ഭീകരമാണ് തങ്ങളുടെ പരാജയവും ഉത്തരവാദിത്വമില്ലായ്മയും മറച്ചുവയ്ക്കുന്നതിനുവേണ്ടി കേന്ദ്രഗവൺമെന്റ് മുന്നോട്ടുവച്ച സോഷ്യൽമീഡിയയുടെ നിയന്ത്രണം എന്ന് പ്രോഗ്രസ്സീവ് പൊളിറ്റിക്കൽ ഫ്രണ്ട് സംസ്ഥാനകമ്മിറ്റി കുറ്റപ്പെടുത്തി. പത്രങ്ങൾ പ്രസിദ്ധീകരിച്ച വാർത്ത അനുസരിച്ച്, ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളോട് സർക്കാർ വിരുദ്ധമായ പോസ്റ്റുകൾ നീക്കുന്നതിന് വേണ്ടി കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇത്തരത്തിലുള്ള പോസ്റ്റുകൾ ഇന്ത്യൻ നിയമത്തിനെതിരാണ് എന്നു പറഞ്ഞുകൊണ്ടാണ് ഈ നടപടി. കോവിഡിനെതിരെയുള്ള എല്ലാ മുന്നറിയിപ്പുകളും അവഗണിച്ചുകൊണ്ട് കേവലം വീരവാദം മാത്രം മുഴക്കിയിരുന്ന കേന്ദ്രഗവൺമെന്റിന്റെ നടപടികൾ ആഗോളതലത്തിൽതന്നെ വിമർശനവിധേയമായി കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് ഈ നടപടി. ഉത്തരേന്ത്യയിലെ ചെറുപ്പക്കാർക്കിടയിൽ ഉയർന്നുവരുന്ന കേന്ദ്രഗവൺമെന്റ് വിരുദ്ധ സമീപനം സോഷ്യൽ മീഡിയയിലൂടെ പ്രതിഫലിക്കുന്നു എന്നതാണ് ജനാധിപത്യവിരുദ്ധമായി ഇത്തരമൊരു നടപടി ഗവൺമെന്റ് സ്വീകരിക്കുന്നതിന് കാരണമായത്.

ലോകത്തെതന്നെ കോവിട് ദുരന്തത്തിന്റെ പ്രവണത വീക്ഷിക്കുകയാണെങ്കിൽ, ഏറ്റവും മോശമായി അത് ബാധിച്ചത് ദേശീയതയെ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന ഗവൺമെന്റുകൾ നിലനിന്ന സാഹചര്യങ്ങളിലാണ് എന്ന് നിസ്സംശയം പറയാവുന്നതാണ്. നവഉദാരവൽക്കരണത്തിൽ അധിഷ്ഠിതമായ വലതുപക്ഷ നയങ്ങൾ എത്രത്തോളം നടപ്പിലാക്കിയോ, അത്രത്തോളം ആ രാജ്യങ്ങൾ രോഗനിയന്ത്രണത്തിന്റെ സമസ്ത വശങ്ങളിലും പരാജയമായി. ട്രംപിന്റെ അമേരിക്ക, ബ്രസീൽ, ഇന്ത്യ, തുടങ്ങിയ രാജ്യങ്ങൾ പരാജയത്തിന്റെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തിനുവേണ്ടി നിരന്തരം മത്സരിച്ചു; ഇപ്പോഴും മത്സരിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിൽ പോലും ബിജെപി ഭരിക്കുന്ന വലതുപക്ഷ സംസ്ഥാനങ്ങളാണ് കൂടുതൽ കഷ്ടനഷ്ടങ്ങളിലൂടെ കടന്നു പോകുന്നത് എന്നത് ശ്രദ്ധേയമാണ്.

ഉണ്ടാകാൻ പോകുന്ന രണ്ടാം തരംഗത്തിനെ പറ്റിയുള്ള മുന്നറിയിപ്പ് ലോകമെമ്പാടുമുള്ള ശാസ്ത്ര സമൂഹത്തിൽനിന്നും സമയത്ത് തന്നെ കിട്ടിയിരുന്നു. കൂടുതൽ ബാധിതമായ പ്രദേശങ്ങളിൽ വെന്റിലേറ്ററിനും ഓക്‌സിജനും ക്ഷാമം ഉണ്ടാകുന്നത് ഗവൺമെന്റ് കണ്ടറിഞ്ഞതാണ്. എന്നിട്ടും ഓക്‌സിജൻ ക്ഷാമം തീർക്കാൻപോലും ഗവൺമെന്റ് ഒന്നും ചെയ്തില്ല. ഡൽഹി ഹൈക്കോടതിക്ക് പ്രസ്തുത വിഷയത്തിൽ സ്വമേധയാ കേസെടുക്കേണ്ട അവസ്ഥ വന്നു. ആവശ്യത്തിലും വളരെയധികം ഓക്‌സിജൻ ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്ന പശ്ചാത്തലത്തിലാണ് ഇത് കാണേണ്ടത്. എന്നാൽ പ്രതിസന്ധിക്ക് തൊട്ടുമുമ്പുതന്നെ ടൺകണക്കിന് ഓക്‌സിജൻ ഇന്ത്യയിൽ നിന്നും വില്പന നടത്തുകയുണ്ടായി. അതോടൊപ്പം തന്നെ ഓക്‌സിജൻ എത്തിക്കുന്നതിനുവേണ്ടിയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയുമില്ല.

രോഗം പകരുന്നത് തടയുന്നതിനുവേണ്ടിയുള്ള നിയന്ത്രണങ്ങൾ, വാക്‌സിനേഷൻ, ചികിത്സാസൗകര്യങ്ങൾ, ദുരിതമനുഭവിക്കുന്നവർക്ക് ഉള്ള അത്യാവശ്യ സാമ്പത്തിക സഹായം ചെയ്യൽ, തുടങ്ങി രോഗ നിയന്ത്രണവും ചികിത്സയുമായി ബന്ധപ്പെട്ട സമസ്തമണ്ഡലങ്ങളിലും ഇന്നത്തെ കേന്ദ്രഗവൺമെന്റ് പരാജയമായി. 45 വയസ്സിൽ താഴെയുള്ള ജനങ്ങളുടെ വാക്‌സിനേഷൻ സമ്പൂർണ്ണമായും സ്വകാര്യമേഖലയിൽ ആക്കുന്ന ഗവൺമെന്റ് നയംകൂടി വന്നതോടെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇടിവെട്ടേറ്റവനെ പാമ്പുകടിച്ച അവസ്ഥയായി.

ഇത്തരമൊരു സാഹചര്യത്തിലാണ് കേന്ദ്രഗവൺമെന്റ് തങ്ങൾക്കെതിരെയുള്ള പ്രതിഷേധവും വളർന്നുവരുന്ന വിശ്വാസരാഹിത്യവും മറച്ചുവയ്ക്കുന്നതിനുവേണ്ടി മാധ്യമനിയന്ത്രണത്തിന്റെ നടപടികളുമായി മുന്നോട്ടു വരുന്നത്. അത്യന്തം ഗുരുതരമായ ഒരു അവസ്ഥയാണ് ഇത്തരത്തിൽ നമ്മുടെ രാജ്യത്ത് സംജാതമായിരിക്കുന്നത്.