- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓക്‌സിജൻ ഇല്ലാതെ പ്രാണവായുവിന് വേണ്ടി നെട്ടോട്ടം ഓടുന്നവർ; ആശുപത്രി കിടക്കയും രാജ്യ തലസ്ഥാനത്ത് കിട്ടാക്കനി; പ്രതിസന്ധിക്കിടയിലും ഭരണസിരാകേന്ദ്രം മോടി പിടിപ്പിക്കാനുള്ള സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമ്മാണവും മുന്നേറ്റവും; ഡൽഹി പൊട്ടിക്കരയുമ്പോഴും ഈ പണിക്ക് മാത്രം തടസ്സമില്ല
ന്യൂഡൽഹി: ഓക്‌സിജനും ആശുപത്രിയിൽ കിടക്കകളുമില്ലാതെ കോവിഡ് രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമം. അപ്പോഴും ഡൽഹിയിൽ ഭരണസിരാകേന്ദ്രം മോടി പിടിപ്പിക്കാനുള്ള സെൻട്രൽ വിസ്ത പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഓക്‌സിജൻ ക്ഷാമത്തിൽ ഡൽഹിയിലെ ആശുപത്രികളിൽ മരിക്കുന്നവരുടെ എണ്ണം കൂടുമ്പോഴും പാർലമെന്റ് മന്ദിരം ഉൾപ്പെടുന്ന 20,000 കോടി രൂപയിലേറെ മുതൽമുടക്കു വരുന്ന പദ്ധതിയുമായി മുന്നോട്ടു പോകുകയാണ് മോദി സർക്കാർ, സെൻട്രൽ വിസ്ത പദ്ധതിയുടെ ആദ്യഭാഗമാണു നിർമ്മാണത്തിലിരിക്കുന്ന പുതിയ പാർലമെന്റ് മന്ദിരം.
ലട്യൻസ് ഡൽഹിയെ പുതുക്കിപ്പണിയാനുള്ള തീരുമാനം കഴിഞ്ഞ വർഷം സെപ്റ്റംബറിലാണു കേന്ദ്രസർക്കാർ സ്വീകരിച്ചത്. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള രാജ്പഥിലെ 3.5 കിലോമീറ്റർ ദൂരത്തെ കെട്ടിടങ്ങളെല്ലാം പൊളിച്ചു പണിയാനാണു തീരുമാനം. ആദ്യം പാർലമെന്റ് മന്ദിരം. ഇപ്പോൾ ഇന്ദിരാഗാന്ധി സെന്റർ നാഷനൽ സെന്റർ ഫോർ ആർട്‌സ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു 2023 ആകുമ്പോൾ സെൻട്രൽ സെക്രട്ടേറിയറ്റിലെ 3 കോംപ്ലക്‌സുകൾ. ഇന്ദിരാഗാന്ധി സെന്ററിനെ നിലവിലെ ജൻപഥ് ഹോട്ടലിലേക്കു മാറ്റുന്നു. ഈ മുഖം മിനുക്ക് പണിയാണ് കോവിഡു കാലത്തും തുടരുന്നത്.
അവശ്യസർവീസ് എന്ന നിലയിലാണു നിർമ്മാണ ജോലികൾ പുരോഗമിക്കുന്നതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡൽഹി സർക്കാർ പ്രഖ്യാപിച്ച് ലോക്ഡൗൺ നിർദേശങ്ങളിൽ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കണമെന്നാണ് പറഞ്ഞിരുക്കുന്നത്. എന്നാൽ അവശ്യ നിർമ്മാണങ്ങളുടെ പട്ടികയിലാണ് പുതിയ പാർലമെന്റ് മന്ദിരത്തെ മോദി സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽത്തന്നെ ഇതിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ലോക്ഡൗണിലും തുടരും
നോർത്ത്‌സൗത്ത് ബ്ലോക്കുകൾ ഉൾപ്പെടുന്ന നിലവിലെ ഭരണകേന്ദ്രത്തിനു പകരം കേന്ദ്രസർക്കാർ ആവിഷ്‌കരിച്ചിരിക്കുന്ന സെൻട്രൽ വിസ്ത പദ്ധതിയിൽ 10 മന്ദിരമാണുള്ളത്. ഇതിൽ 51 കേന്ദ്രസർക്കാർ വകുപ്പുകളിലെ 51,000 ജീവനക്കാർക്കു ജോലി ചെയ്യാനുള്ള സൗകര്യമുണ്ടാകും. ഇവർക്കായി എല്ലാ മന്ദിരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രത്യേക ഭൂഗർഭ മെട്രോ പാത, അത്യാധുനിക സൗകര്യങ്ങളും കോൺഫറൻസ് സെന്ററുകളും ഉൾപ്പെടുന്ന സംവിധാനമാണു രൂപകൽപന ചെയ്തിട്ടുള്ളത്.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ കരാർ ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡാണു സ്വന്തമാക്കിയത്. ഇപ്പോഴത്തെ മന്ദിരം പുരാവസ്തുവായി സംരക്ഷിക്കും. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെ നവീകരിക്കുന്നതാണു സെൻട്രൽ വിസ്ത പദ്ധതി. നിലവിലെ പാർലമെന്റിന്റെ ബലക്ഷയവും ഭാവിയിൽ മണ്ഡല പുനർനിർണയത്തിനുശേഷം എംപിമാരുടെ എണ്ണം കൂടാൻ ഇടയുള്ളതും ചൂണ്ടിക്കാട്ടിയാണു പുതിയ മന്ദിരം പണിയുന്നത്.
രാജ്യം കടുത്ത പ്രതിസന്ധി നേരിടുമ്പോൾ അമിത ആർഭാടമാണ് ഈ വികസന പദ്ധതിയെന്നതു മാത്രമല്ല സെൻട്രൽ വിസ്തയ്ക്കു മുന്നിലെ പ്രതിസന്ധി. പരിസ്ഥിതി പ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ