കൊച്ചി: വെന്റിലേറ്ററും ഓക്‌സിജനും കേരളത്തിലും പ്രശ്‌നമാകുകയാണ്. പരിഹരിക്കാനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുണ്ടാകുന്നുണ്ടെങ്കിലും പലപ്പോഴും പ്രതിസന്ധിയുണ്ടാകുന്നു. കൂടുതൽ കരുതൽ ഈ പ്രശ്‌നത്തിൽ കേരളം എടുക്കും. കോവിഡ് രോഗികൾ അനുദിനം ഉയരുന്ന സാഹചര്യമാണ് ഇതിന് കാരണം.

എറണാകുളം ജില്ലയിൽ വെന്റിലേറ്റർ സൗകര്യം ലഭിക്കാത്തതിനെ തുടർന്നു പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് രോഗി ചികിത്സ ഫലം കാണാതെ മരിച്ചിരുന്നു. ഉദ്യോഗമണ്ഡൽ കുറ്റിക്കാട്ടുകര എടക്കാട്ടുപറമ്പിൽ ഇ.ടി. കൃഷ്ണകുമാർ (54) ആണു മരിച്ചത്. വ്യാഴാഴ്ചയാണു കൃഷ്ണകുമാർ പോസിറ്റീവായത്. വീട്ടിൽ ചികിത്സയിൽ കഴിയവേ ആരോഗ്യ നില ഗുരുതരമായതിനെ തുടർന്നു വെള്ളിയാഴ്ച രാത്രി കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പ്രവേശനം കിട്ടിയില്ല.

തുടർന്നു നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ന്യുമോണിയ ബാധിച്ചതിനാൽ ഓക്‌സിജൻ നൽകിയിരുന്നു. ആരോഗ്യ നില മോശമായതിനെ തുടർന്നു വെന്റിലേറ്റർ സൗകര്യം അത്യാവശ്യമായി. എന്നാൽ ആശുപത്രിയിലെ വെന്റിലേറ്ററുകൾ എല്ലാം ഉപയോഗത്തിലായിരുന്നു. എറണാകുളം ജില്ലയിലെ മറ്റ് ആശുപത്രികളിൽ വെന്റിലേറ്ററുകൾ ഒഴിവുണ്ടോയെന്ന് അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. ഇതോടെ പത്തനംതിട്ടിയിലേക്ക് മാറ്റി.

ഇന്നലെ രാവിലെ എട്ടരയോടെ പത്തനംതിട്ടയിലെ ആശുപത്രിയിലേക്കു പുറപ്പെട്ടു. പത്തരയോടെ അവിടെ എത്തിക്കുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ, തുടർച്ചയായി രണ്ടു തവണയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ വൈകിട്ട് കൃഷ്ണകുമാർ മരിച്ചു. ഭാര്യ: കവിത, മക്കൾ: കാർത്തിക്, മാധവൻ. സംസ്‌കാരം നടത്തി. വെന്റിലേറ്ററിന്റെ കുറവാണ് ഈ മരണത്തിന് കാരണം.

ആരോഗ്യപ്രവർത്തകർ അതീവ ദുഷ്‌കരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഒരു ദിവസം ഏകദേശം 5 ലക്ഷത്തോളം മനുഷ്യരെ പരിപാലിക്കുക എന്ന ഭാരിച്ചഉത്തരവാദിത്വമാണ് അവർ നിറവേറ്റിക്കൊണ്ടിരിക്കുന്നത്. ഒരു ദിവസം നാലു ലക്ഷത്തിലേറെകോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. മരണ സംഖ്യയും അതിന് ആനുപാതികമായിവർദ്ധിച്ചു. കേരളത്തിൽ നിലവിൽ 3 ലക്ഷത്തിലധികംആക്റ്റീവ് കേസുകൾ ഉണ്ട്.

ഇന്നലെയുള്ള കണക്കുകൾ അനുസരിച്ച് എറണാകുളം ജില്ലയിൽ മാത്രം 50000-ൽ അധികം ആളുകൾ ചികിത്സയിൽ ഉണ്ട്. കോഴിക്കോട് ജില്ലയിൽ 41000-ൽ അധികവും മലപ്പുറത്ത്31000ത്തിനു മുകളിലും ആളുകൾ ചികിത്സയിൽ കഴിയുകയാണ്. ഒരു ജില്ലയിൽ മാത്രം 50000 കേസുകൾ കൈകാര്യം ചെയ്യേണ്ടി വരുന്ന സ്ഥിതി. ഇത് പ്രതിസന്ധിയായി മാറും. ഓക്‌സിജൻ വാർ റൂമുകൾ, ഡി.പി.എം.എസ്.യു, ഐസിയു ബെഡുകൾ, വെന്റിലേറ്ററുകൾ, സി.എഫ്.എൽ.ടിസികൾ തുടങ്ങിയ സംവിധാനങ്ങളെല്ലാം സജ്ജമായിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇതൊന്നും പ്രതിസന്ധി മൂർച്ഛിച്ചാൽ പ്രതിസന്ധിയെ നേരിടാൻ പോന്നവയല്ല.

രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം കൂടുതൽ പ്രധാനമാവുകയാണ്. നിലവിലുള്ള രോഗികളിൽ 90 ശതമാനം ആളുകളും ഗുരുതരമായ ലക്ഷണങ്ങളോ ആശുപത്രി ചികിത്സയോ ആവശ്യമില്ലാത്തതിനാൽ വീട്ടിൽ തന്നെയോ, ഡൊമിസിലിയറി കെയർ സെന്ററുകളിലോ ഐസൊലേഷനിൽ കഴിയുകയാണ്.