തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കോവിഡ് രോഗിയുടെ മൃതദേഹം കാണാതായതായി പരാതി. നെയ്യാറ്റിൻകര സ്വദേശി പ്രസാജിന്റെ മൃതദേഹമാണ് കാണാതായത്. പ്രസാദിന്റെ ബന്ധുക്കളാണ് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയത്.

പ്രസാദ് എന്ന പേരിൽ മോർച്ചറിയിൽ മറ്റൊരു മൃതദേഹം കൂടി ഉണ്ടായിരുന്നു. ഇരുവരും കോവിഡ് പോസിറ്റീവ് ആയിരിക്കെയാണ് മരിച്ചത്. മൃതദേഹം മാറി പോയതാണെന്നാണ് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചതെന്ന് കുടുംബം പറയുന്നു. മൃതദേഹം മാറി സംസ്‌കരിച്ചതായാണ് വിവരമെന്ന് നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ പറഞ്ഞു.

മോർച്ചറിയിൽ മൃതദേഹം കൈകാര്യം ചെയ്തവർക്ക് പറ്റിയ പിഴവാണ് എന്നാണ് റിപ്പോർട്ടുകൾ. മെഡിക്കൽ കോളേജ് അധികൃതരുമായി ബന്ധപ്പെട്ടെന്നും കാര്യങ്ങൾ പരിശോധിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.