തിരുവനന്തപുരം: ലോക്ഡൗണിൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ സാധ്യത. പ്രഖ്യാപിക്കപ്പെട്ട ഇളവുകളിൽ ചിലത് വെട്ടിക്കുറച്ചേക്കും. നിർമ്മാണ മേഖലയിലും ധനകാര്യ സ്ഥാപനങ്ങൾ തുറക്കുന്നതിലും നിയന്ത്രണങ്ങൾ വേണമെന്ന് പൊലീസ് നിലപാട്. നിർമ്മാണ മേഖലയ്ക്ക് കൂടുതൽ ഇളവ് നൽകിയാൽ കൂടുതൽ ആൾക്കാർ പുറത്തിറങ്ങുന്ന സാഹചര്യം ഉണ്ടാകുമെന്ന് പൊലീസ് പറയുന്നു. നാളെ മുതൽ 9 ദിവസത്തേക്കാണ് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ.

നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് ഇന്നലെ ഇറങ്ങിയ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് സംബന്ധിച്ച് പൊലീസിന് ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ട്. വലിയ ഇളവുകൾ നൽകിക്കൊണ്ട് ലോക്ഡൗൺ എങ്ങനെ നടപ്പാക്കും എന്നതിലാണ് ആശയക്കുഴപ്പം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെയും ചീഫ് സെക്രട്ടറിയേയും പൊലീസ് അറിയിച്ചിട്ടുണ്ട്. നിർമ്മാണ മേഖല പ്രവർത്തിപ്പിച്ചാൽ അത് ജനങ്ങളെ നിയന്ത്രിക്കുന്നതിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും.

സഹകരണ മേഖലയിൽ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതും കൂടുതൽ പേർ പുറത്തിറങ്ങുന്നതിന് വഴിയൊരുക്കും. കടകളുടെ പ്രവർത്തന സമയം പരമാവധി അഞ്ച് മണിക്കൂർ ആയി നിശ്ചയിക്കണമെന്നും പൊലീസ് ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തെ ഗൗരവത്തോടെ സർക്കാരും പരിഗണിക്കും. പൊലീസിന്റെ ഉന്നതതല യോഗം ഇന്ന് ചേരുന്നുണ്ട്. അതിലെ പൊലീസിന്റെ നിലപാട് കൂടി പരിഗണിച്ച ശേഷം മിക്കവാറും സർക്കാരിന്റെ ഭാഗത്തുനിന്ന് പുതിയ ഉത്തരവ് ഇറങ്ങിയേക്കുമെന്നാണ് കരുതുന്നത്.

സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ഏർപ്പെടുത്തുന്ന സമ്പൂർണ ലോക്ഡൗണുമായി ബന്ധപ്പെട്ട മാർഗരേഖ പുറത്തിറങ്ങിയിരുന്നു. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാത്രി 7.30 വരെ പ്രവർത്തിക്കാമെന്ന് മാർഗരേഖ വ്യക്തമാക്കുന്നു. എല്ലാ കടകളും പരമാവധി ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തണം. പെട്രോൾ പമ്പുകൾ, കോൾഡ് സ്റ്റോറേജുകൾ, സുരക്ഷാ ഏജൻസികൾ എന്നിവയ്ക്കും പ്രവർത്തിക്കാം. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകളിൽ അവശ്യ സേവനങ്ങൾ നൽകുന്നവ മാത്രമെ പ്രവർത്തിക്കൂ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണം. ട്രെയിനിങ്, റിസർച്ച്, കോച്ചിങ് സെന്ററുകളെല്ലാം ഇതിൽ ഉൾപ്പെടും.

പൊലീസിന്റെ ആവശ്യ പ്രകാരമാണ് രണ്ടാം ലോക്ഡൗൺ. എന്നാൽ നിർമ്മാണ മേഖലയ്ക്ക് ഇളവു നൽകുന്നത് പ്രശ്‌നമാകുമെന്നാണ് പൊലീസ് നിലപാട്. അവശ്യ വസ്തുക്കൾക്ക് മാത്രം പ്രവർത്തനാനുമതി എന്ന് മാറ്റണമെന്നാണ് പൊലീസിന്റെ ആവശ്യം.