- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മതാചാര പ്രകാരം ഖബറടക്കിയവർക്കെതിരെ കേസെടുത്തത് ഖേദകരം; പ്രോട്ടോക്കോൾ അനുസരിച്ച് മാതാചാരപ്രകാരമുള്ള ഖബറടക്കം സാധിക്കുമെന്ന് തെളിയിച്ചതാണ്; രണ്ടാം തരംഗത്തിൽ അത് നിർത്തലാക്കിയത് പുനപരിശോധിക്കണമെന്നും മുസ്ലിം ലീഗ്

മലപ്പുറം; മാതാചാര പ്രകാരം കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഖബറടക്കിയവർക്കെതിരെ കേസെടുത്ത സംഭവം ഖേദകരമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഓൺലൈനായി നടന്ന മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതാചാര പ്രകാരം കോവിഡ് ബാധിച്ചവരുടെ മയ്യിത്ത് ഖബറടക്കാനുള്ള അനുവാദം നേരത്തെ ഉണ്ടായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് അത് സാധിക്കുമെന്ന് തെളിയിക്കപ്പെട്ടതാണ്. എന്നാൽ രണ്ടാം തരംഗത്തിൽ ഇങ്ങനെ ഖബറടക്കം നടത്തിയവർക്കെതിരെ കേസെടുത്തത് ഖേദകരമാണെന്നും ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം സർക്കാർ കൈക്കൊള്ളണമെന്ന് ഇന്ന് ചേർന്ന മുസ്ലിം ലീഗ് നേതൃയോഗം സർക്കാറിനോട് അഭ്യർത്ഥിച്ചതായും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗും പോഷക സംഘടനകളും നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കൂടുതൽ ശക്തിപ്പെടുത്താനും തീരുമാനിച്ചതായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സേവന രംഗത്ത് സജീവമാണ്. കോവിഡ് പ്രതിരോധത്തിനുള്ള സർക്കാർ സംവിധാനങ്ങളുമായും പ്രാദേശിക ഭരണകൂടങ്ങളുടെ പ്രവർത്തനങ്ങളുമായും മുസ്ലിംലീഗ് സഹകരിക്കും. പരിസര ശുചീകരണം, വാക്‌സിനേഷൻ, കോവിഡ് രോഗികളുടെ പരിചരണം തുടങ്ങിയ കാര്യങ്ങളിൽ പാർട്ടി ഘടകങ്ങൾ സജീവമാകും. ആദ്യ തംരംഗത്തിന്റെ സമയത്തെന്ന പോലെ കെ.എം.സി.സി നോർക്കയുമായി സഹകരിച്ച് സഹായങ്ങൾ ചെയ്യുന്നുണ്ട്.
പാർട്ടി തലത്തിലുള്ള പ്രവർത്തനങ്ങൾക്കും കെ.എം.സി.സി സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.മഴക്കെടുതിയിൽ പട്ടിണിയിലായ തീരദേശങ്ങളിൽ പാർട്ടി പ്രത്യേക ശ്രദ്ധ നൽകി സന്നദ്ധ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും നേതാക്കൾ അറിയിച്ചു. മലപ്പുറം ജില്ലാ സഹകരണ ആശുപത്രി ഒരാഴ്ച കൊണ്ട് 100 ബെഡ്ഡിൽ ജനങ്ങളുടെ സഹകരണത്തോടെ സൗജന്യ കോവിഡ് ചികിത്സ ഒരുക്കും. ജില്ലാ, മണ്ഡലം തലങ്ങളിൽ കോവിഡ് പ്രതിരോധത്തിന് സർക്കാറുമായി സഹകരിച്ചും പാർട്ടി സ്വന്തം നിലക്കും സംവിധാനങ്ങൾ ഒരുക്കും. ഫലസ്തീനിൽ ഇസ്രയേൽ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരെ ഇന്ത്യ ഉൾപ്പെടെ ലോകരാജ്യങ്ങൾ ഇടപെടണമെന്നും മുസ്ലിംലീഗ് ആവശ്യപ്പെട്ടു.
ഓൺലൈനായി ചേർന്ന മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെയും ജില്ല, പ്രസിഡന്റ് ജനറൽ സെക്രട്ടറിമാരുടെയും യോഗത്തിലെ തീരുമാനങ്ങൾ നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, പി.എം.എ സലാം എന്നിവർ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

