ഓസ്റ്റിൻ: മെയ് 16 ഞായറാഴ്ച ടെക്സസ്സിൽ ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. എന്നാൽ സംസ്ഥാനമൊട്ടാകെ 650 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായും അധികൃതർ പറഞ്ഞു.

ടെക്സസ്സിൽ ഇതുവരെ 49877 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്. 2919889 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ടെക്സസ്സിൽ ആശുപത്രികളിൽ 2199 രോഗികൾ ചികിത്സയിലുണ്ട്.

സംസ്ഥാനത്ത് കഴിഞ്ഞ ഏഴു ദിവസത്തെ(ശനിയാഴ്ചവരെ) കോവിഡ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിൽ കൂടുതലായാൽ മാത്രമേ ഭയപ്പെടേണ്ടതുള്ളൂവെന്ന് ഗവർണ്ണർ ഗ്രേഗ് ഏബട്ട് പറഞ്ഞു.

ടെക്സസ്സിൽ ഇതുവരെ 11821141 പേർക്ക് സിങ്കിൾ ഡോസ് വാക്സിൻ ലഭിച്ചപ്പോൾ 9344696 പേർക്ക് രണ്ടു ഡോസ് വാക്സിൻ നൽകി കഴിഞ്ഞതായും ഗവർണ്ണർ പറഞ്ഞു.

ടെക്സസ് സംസ്ഥാനത്തെ ജനജീവിതം സാധാരണ സ്ഥിതിയിലേക്ക് അതിവേഗം മടങ്ങിവരികയാണ് പല പ്രമുഖ സ്ഥാപനങ്ങളിലും മാസ്‌ക് നിർബന്ധമല്ല. ബോർഡുകൾ പുറത്തു പ്രദർശിപ്പിച്ചിരുന്നത് എടുത്തുമാറ്റിയിരിക്കുന്നു. ദേവാലയങ്ങളും തുറന്ന ആരാധനകൾ ആരംഭിച്ചിട്ടുണ്ട്. റസ്റ്റോറന്റുകളും, ജിമ്മും പൂർണ്ണമായും പ്രവർത്തനക്ഷമമായിട്ടുണ്ട്.