- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രിയിൽ കിടന്ന് മരിച്ചിട്ടും കോവിഡ് ലിസറ്റിൽ സിപിഎം നേതാവായിരുന്ന പി ബിജു പോലുമില്ല; ദിവസവും ശരാശരി 40 ചരമ വാർത്തകൾ കൊടുത്തിരുന്ന മുഖ്യധാരാ പത്രങ്ങളിലേക്ക് ഇപ്പോൾ പ്രതിദിനം എത്തുന്നത് 120ൽ അധികം മരണ വിവരങ്ങൾ; കോവിഡ് മരണക്കണക്കിൽ സർക്കാർ പുനർചിന്തനത്തിന്
തിരുവനന്തപുരം: പത്രങ്ങൾക്ക് ചരമ അറിയിപ്പിന് പേജുകൾ കൂട്ടി വയ്‌ക്കേണ്ട കാലം. ശരാശരി 40 മരണങ്ങൾ ദിവസവും കൊടുത്തിരുന്ന മനോരമയ്ക്കും മാതൃഭൂമിക്കും ഓരോ ജില്ലയിലും 120ഓളം മരണങ്ങൾ നൽകേണ്ടി വരുന്നു. പത്രത്തിലൂടെ കണ്ണോടിക്കുന്നവർക്ക് മരണക്കണക്കിലെ ഭീമമായ വർദ്ധന മനസ്സിലാകും. ഇതിന് കാരണം കോവിഡ് ആണെന്ന് ഏവരും തിരിച്ചറിയുന്നു. പക്ഷേ സംസ്ഥാന സർക്കാരിന്റെ കോവിഡ് മരണക്കണക്കിൽ ഇത് പ്രതിഫലിക്കുന്നുമില്ല. ഇതോടെയാണ് മരണക്കണക്കിൽ കള്ളക്കളിയെന്ന ചർച്ച സജീവമാകുന്നത്. ഇതിൽ ചില വസ്തുതയുണ്ടെന്ന് സർക്കാരിലെ ചിലരെങ്കിലും വിശ്വസിക്കുന്നു. അതുകൊണ്ടാണ് നയം മാറ്റം. ഇനിയുള്ള ദിവസങ്ങൾ അതുകൊണ്ട് തന്നെ നിർണ്ണായകമാണ്. മരണ നിരക്ക് ക്രമാതീതമായി ഇനി ഉയർന്നാൽ അത് സർക്കാരിനെ വിമർശന മുനയിൽ നിർത്തും.
കോവിഡ് മരണക്കണക്കുകൾ ഒളിപ്പിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തെ സർക്കാർ തള്ളിയെങ്കിലും തിരുത്തൽ നടപടികൾ ഉണ്ടാകുന്നുവെന്നതാ് വസ്തുത. ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്റെയും മാർഗനിർദ്ദേശ പ്രകാരമാണു മരണം കണക്കാക്കുന്നതെന്നു സർക്കാർ ആവർത്തിക്കുമ്പോഴും കോവിഡ് മരണങ്ങളെക്കുറിച്ചുള്ള സംസ്ഥാന, ജില്ലാ കണക്കുകൾ പൊരുത്തപ്പെടുന്നില്ല. ആശുപത്രികളിലെയും ശ്മശാനങ്ങളിലെയും കോവിഡ് മരണക്കണക്കുകൾ ഔദ്യോഗിക കണക്കിനെക്കാൾ കൂടുതലാണെന്നും വാർത്തകൾ പുറത്തു വന്നിരുന്നു. കോവിഡ് മരണം സ്ഥിരീകരിക്കുന്ന രീതി മാറ്റാൻ സർക്കാർ തീരുമാനിച്ചതും ഇതു കൊണ്ടാണ്.
ജില്ലാതലത്തിൽ കോവിഡ് മരണക്കണക്ക് പുറത്തുവിടുന്നതു പരിഗണിക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗം തീരുമാനം. നിലവിൽ സംസ്ഥാനതല കണക്കാണു പുറത്തുവിടുന്നത്. ജില്ലാതല കണക്കുകൾ ക്രോഡീകരിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോൾ എണ്ണം കുറച്ചുകാണിക്കുന്നു എന്നാണ് ആരോപണം. ചികിത്സിക്കുന്ന ഡോക്ടർമാരാവും ഇനി മരണകാരണം തീരുമാനിക്കുക. ഇതിനായി കൃത്യമായ മാനദണ്ഡം നിശ്ചയിക്കണമെന്നു മുഖ്യമന്ത്രി നിർദ്ദേശിച്ചു. നിലവിൽ ആരോഗ്യ വകുപ്പിനു കീഴിലുള്ള സമിതിയുടെ മാനദണ്ഡമാണ് അടിസ്ഥാനമാക്കുന്നത്. ഇത് ശരിയല്ലെന്ന് ഡോക്ടർമാരും പറഞ്ഞിരുന്നു. കോവിഡ് മരണക്കണക്കുകളിൽ തിരുത്തൽ ആവശ്യപ്പെട്ട് ആദ്യ തരംഗ സമയത്തുതന്നെ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി കത്തു നൽകിയിരുന്നു. എന്നാൽ, കണക്കുകളെല്ലാം കൃത്യമാണെന്ന നിലപാടാണു സർക്കാർ സ്വീകരിച്ചത്. എ്ന്നാൽ ഇപ്പോൾ സർക്കാരിനും ചില സംശയങ്ങൾ തോന്നുകയാണ്.
കേരളം മുഴുവൻ ഒരുപോലെ ബാധിച്ച കോവിഡിനെത്തുടർന്ന് ഇടുക്കി, കാസർകോട് പോലുള്ള ചില ജില്ലകളിൽ മാത്രം മറ്റു ജില്ലകളെ അപേക്ഷിച്ച് മരണം വളരെ കുറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? എന്ന ചോദ്യവും വിമർശകർ ചർച്ചയാക്കുന്നുണ്ട്. സർക്കാർ അവകാശപ്പെടുന്നതു പോലെ ആരോഗ്യ സംവിധാനങ്ങളുടെ മികവാണു മരണനിരക്കു കുറയാൻ ഇടയാക്കിയതെങ്കിൽ ഇടുക്കിയിലും കാസർകോട്ടുമാണോ കേരളത്തിലെ ഏറ്റവും മികച്ച ആരോഗ്യസംവിധാനങ്ങൾ? ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയ തിരുവനന്തപുരത്ത് ആരോഗ്യ സംവിധാനങ്ങളുടെ മികവ് കുറവാണോ? എന്നതും ഉയരുന്ന ചോദ്യമാണ്.
കോവിഡ് ചികിത്സിക്കുന്ന ഡോക്ടർമാരാണു മരണം കോവിഡ് മൂലമാണോ അല്ലയോ എന്നു തീരുമാനിക്കേണ്ടതെന്നാണ് ലോകാരോഗ്യ സംഘടനയുടെ മാർഗരേഖയിലുള്ളത്. കേരളത്തിൽ മാത്രം ഇതു തീരുമാനിക്കാൻ മറ്റു കമ്മിറ്റികളെ നിശ്ചയിച്ചത് എന്തിനെന്നാണ് ഉയരുന്ന ചോദ്യം. ആരോഗ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചത് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരമാണെന്നായിരുന്നു. അതിന് ശേഷം സർക്കാരിന് തിരുത്തേണ്ടി വരുന്നു.
കോവിഡ് ബാധയെത്തുടർന്നു മരിച്ച കോങ്ങാട് മുൻ എംഎൽഎമാരായ കെ.വി.വിജയദാസ്, എം.നാരായണൻ, സിപിഎം നേതാവായിരുന്ന പി.ബിജു, മാധ്യമപ്രവർത്തകൻ വിപിൻ ചന്ദ് എന്നിവരെപ്പോലുള്ളവരുടെ മരണം ഇപ്പോഴും സർക്കാരിന്റെ മരണപ്പട്ടികയിൽ ഇല്ല. ഇതെല്ലാം വിവാദമായി മാറി. കോവിഡ് ബാധിച്ചു രക്ഷിതാക്കൾ മരിക്കുന്ന കുട്ടികൾക്കുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ, ഔദ്യോഗിക മരണപ്പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതു മൂലം നിഷേധിക്കപ്പെടും. ഈ വിവാദം കൂടി മനസ്സിലാക്കിയാണ് സർക്കാർ തിരുത്തലിന് തയ്യാറാകുന്നത്.
കോവിഡ് ബാധിച്ചാണ് ബിജു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിച്ചത്. മറ്റ് ആരോഗ്യപ്രശ്‌നമൊന്നും ഇല്ലായിരുന്നു. ചികിൽസയ്ക്കിടെയാണ് മരണം സംഭവിച്ചത്. എന്നിട്ടും ഇത് കോവിഡ് മരണകണക്കിൽ ഇല്ലാത്തത് ഏവരേയും അത്ഭുതപ്പെടുത്തുന്നുണ്ട്. യുവജന കമ്മീഷൻ വൈസ് ചെയർമാനായിരുന്ന ബിജുവിന്റെ മരണത്തിൽ അടക്കം പുനർചിന്തനമുണ്ടാകും. കോവിഡ് കേസായി ഇത് മാറ്റുകയും ചെയ്യും. അങ്ങനെ വന്നാൽ കേരളത്തിന്റെ മരണക്കണക്ക് കുത്തനെ ഉയരാനും സാധ്യത ഏറെയാണ്.
മറുനാടന് മലയാളി ബ്യൂറോ