തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിലെ പ്രതികൾക്ക് നിയമവിരുദ്ധമായി പരോൾ അനുവദിച്ചതിന് എതിരെയുള്ള ഹർജി ഫയലിൽ സ്വീകരിച്ച്, സർക്കാരും ജയിൽ ഡി.ജി.പി യും വിശദീകരണം നൽകുവാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നോട്ടീസ് അയച്ചു.

അഭയ കേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കലാണ് ഹർജി നൽകിയത്. കേസിലെ മറ്റ് എതിർ കക്ഷികളായ തിരുവനന്തപുരം സെൻട്രൽ ജയിൽ സൂപ്രണ്ട്, അട്ടകുളങ്ങര വനിത ജയിൽ സൂപ്രണ്ട്, തിരുവനന്തപുരം സിബിഐ സ്‌പെഷ്യൽ ക്രൈം യൂണിറ്റ് എസ്‌പി, പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.

അഭയ കേസിൽ ഇരട്ട ജീവപര്യന്തം കഠിന തടവിനും, ജീവപര്യന്തം കഠിന തടവിനും കോടതി ശിക്ഷിച്ച, പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്ക് കഴിഞ്ഞ മെയ് 11 ന് 90 ദിവസം പരോൾ അനുവദിച്ചത്, സുപ്രീംക്കോടതി നിയോഗിച്ച ജയിൽ ഹൈപവർ കമ്മിറ്റി ആണെന്ന വ്യാജേന, ജയിൽ ഡി. ജി. പി പരോൾ അനുവദിച്ചത് നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടികാട്ടി.

സുപ്രീംക്കോടതി ഉത്തരവ് പ്രകാരം, ജയിൽ ഹൈപവർ കമ്മിറ്റി 10 വർഷത്തിൽ താഴെ ശിക്ഷിച്ച പ്രതികൾക്കാണ് പരോൾ അനുവദിച്ചിട്ടുള്ളു എന്ന്, ജയിൽ ഹൈപവർ കമ്മിറ്റിയുടെ ഉത്തരവിന്റെ കോപ്പി ഹർജിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. അഭയ കേസിലെ പ്രതികളെ ജീവപര്യന്തം കഠിനതടവിന് തിരുവനന്തപുരം സിബിഐ കോടതി ശിക്ഷിച്ച്, 5 മാസം തികച്ച് ജയിലിൽ കിടക്കുന്നതിന് മുൻപാണ്, പ്രതികൾക്ക് സംസ്ഥാന സർക്കാർ പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്ന് ഹർജിയിൽ കുറ്റപ്പെടുത്തി.