പത്തനംതിട്ട: പരിശോധനാഫലം നെഗറ്റീവ് ആയ ആളെ പോസിറ്റീവാണെന്ന് പറഞ്ഞ് എട്ടു കോവിഡ് രോഗികൾക്കൊപ്പം ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ഇട്ടത് മൂന്നു ദിവസം. കോവിഡ് പോസിറ്റീവ് ആണെന്ന് അധികൃതർ പറഞ്ഞയാളുടെ റിസൾട്ട് എടുത്തു നോക്കിയപ്പോൾ നെഗറ്റീവ്. രണ്ടു സംഭവങ്ങളും ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ആറന്മുളയിലെ മെഴുവേലി പഞ്ചായത്തിലാണ് സംഭവം. പഞ്ചായത്ത് 13-ാം വാർഡിൽ ഉള്ളന്നൂർ വട്ടമുകടിയിൽ രാജനെയാണ് ആരോഗ്യവകുപ്പ് അധികൃതരൂടെ അനാസ്ഥ കാരണം മൂന്നു ദിവസം കോവിഡ് രോഗികൾക്കൊപ്പം കിടത്തിയത്. ഇതേ സ്ഥലത്ത് പരിശോധന നടത്തില വികെ തമ്പി എന്നയാൾക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് അറിയിക്കുകയും പരിശോധനാഫലം ഡൗൺലോഡ് ചെയ്തപ്പോൾ നെഗറ്റീവ് ആണെന്ന് കാണുകയും ചെയ്തു.

മെഴുവേലി പഞ്ചായത്ത് 13-ാം വാർഡ് പറയങ്കര ആര്യാട്ടുമോടി ലക്ഷം വീട് കോളനി കേന്ദ്രീകരിച്ച് കോവിഡ് വ്യാപനമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മെഴുവേലി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഉള്ളന്നൂർ പറയങ്കര ജങ്ഷനിൽ വച്ച് 15 ന് നടത്തിയ പരിശോധനയിലാണ് രാജന്റെയും തമ്പിയുടെയും സാമ്പിൾ ശേഖരിച്ചത്. 16 ന് കോവിഡ് പോസിറ്റീവ് ആണെന്ന് ആശാ വർക്കർ വിളിച്ച് അറിയിച്ചു. ഇതോടെ രാജൻ ക്വാറന്റൈനിൽ പ്രവേശിച്ചു. 13-ാം വാർഡിലെ ജാഗ്രതാ ലിസ്റ്റിൽ പേരുള്ളതിനാൽ അന്ന് വൈകിട്ട് തന്നെ ആംബുലൻസിൽ രാജനെ ഇലവുംതിട്ട ബോധി ആശുപത്രിയിൽ പ്രവർത്തിക്കുന്ന കോവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റി.

എട്ടു കോവിഡ് രോഗികൾക്കൊപ്പം മൂന്നു ദിവസം രാജന് ഒരു മുറിയിൽ കഴിയേണ്ടി വന്നു. മൂന്നാം ദിവസമാണ് ഞങ്ങൾക്ക് തെറ്റു പറ്റിയതാണ് താങ്കൾക്ക് കോവിഡില്ല എന്ന് ആരോഗ്യ പ്രവർത്തകർ വിളിച്ച് അറിയിച്ചത്. മൂന്നു ദിവസം താൻ അനുഭവിച്ച മാനസിക സംഘർഷത്തിനും മനോവേദനക്കും ബുദ്ധിമുട്ടുകൾക്കും ആര് സമാധാനം പറയുമെന്ന് രാജൻ ചോദിക്കുന്നു. എത്ര നിരുത്തരവാദിത്തപരമായിട്ട് ആണ് സാമ്പിളുകൾ ശേഖരിക്കുന്നതും പരിശോധന ഫലം തയ്യാറാക്കുന്നതും. ഇത്തരം പിഴവുകൾ മൂലം എനിക്ക് മാത്രം അല്ല മറ്റു പലർക്കും കോവിഡ് രോഗികൾ ആയി ഭയന്ന് കഴിയേണ്ടി വന്നു. ഇതിന് ഉത്തരവാദികൾ ആയവരുടെ പേരിൽ നടപടികൾ സ്വീകരിക്കണം എന്ന് രാജൻ ആവശ്യപ്പെട്ടു.

ഇതേ ദിവസം ഇതേ സ്ഥലത്താണ് വികെ തമ്പിയും സാമ്പിൾ നൽകിയത്. 16 ന് വൈകിട്ട് തമ്പി പോസിറ്റീവാണെന്ന് മെഴുവേലി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും അറിയിപ്പ് വന്നു. സമൂഹത്തോടുള്ള പ്രതിബദ്ധത കണക്കിലെടുത്ത് താൻ ഉടൻ തന്നെ ക്വാറന്റൈനിൽ പ്രവേശിച്ചുവെന്ന് തമ്പി പറയുന്നു. 18-ാം തീയതി വരെ റിസൾട്ട് വരാത്തതിനാൽ ഹെൽത്ത് ഇൻസ്പെക്ടറോട് അതിന്റെ കോപ്പി ആവശ്യപ്പെട്ടു. കോപ്പി ലഭിക്കാതെ വന്നപ്പോൾ തമ്പി സ്വയം റിസൾട്ട് എടുത്തു. റിസൾട്ടിൽ കോവിഡ് നെഗറ്റീവ് ആണെന്നാണ് പറഞ്ഞിരുന്നത്.

എത്ര നിരുത്തരവാദപരമായിട്ടാണ് കോവിഡ് പോലൊരു രോഗം ആരോഗ്യ വകുപ്പ് അധികൃതർ കൈകാര്യം ചെയ്യുന്നത് എന്നാണ് തമ്പി ചോദിക്കുന്നത്. ഒരേ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ഒരാൾക്ക് മാത്രമാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ കൈപ്പിഴ എന്നു പറയാമായിരുന്നു. ഇതിപ്പോൾ ഒന്നിൽ കൂടുതൽ പേർക്ക് സംഭവിച്ചപ്പോൾ ഇതിനെ അനാസ്ഥയെന്ന് തന്നെ വേണം വിളിക്കാൻ.