- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തദ്ദേശസ്ഥാപനം മുഴുവൻ അടക്കുന്നതിന് പകരം കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട വാർഡുകൾ മാത്രം അടച്ചുള്ള ബദൽ പരിഗണനയിൽ; വെള്ളിയും തിങ്കളും തിരക്ക് വർധിക്കാൻ കാരണമായതിനാൽ വാരാന്ത്യ ലോക്ഡൗണും ഒഴിവാക്കും; ഇതി കൂടുതൽ തുറക്കൽ; കോവിഡ് ഭീതി തുടരുമ്പോൾ

തിരുവനന്തപുരം: സമ്പൂർണ്ണ അടച്ചിടലിലൂടെ മാത്രമേ കോവിഡിനെ പിടിച്ചു കെട്ടാൻ കഴിയൂവെന്ന് വിലയിരുത്തുന്ന ആരോഗ്യ വിദഗ്ധരാണ് ഏറെയും. എന്നാൽ പൂർണ്ണമായും തുറന്നു കൊടുത്ത് കോവിഡിനെ നിയന്ത്രിക്കണമെന്ന ആവശ്യക്കാരും ഉണ്ട്. ഇതിനാണ് വ്യാപാര-വ്യവസായ സമൂഹത്തിന്റേയും പിന്തുണ. അതുകൊണ്ട് തന്നെ ഇളവുകൾ നൽകി കോവിഡിനെ നിയന്ത്രിക്കുന്ന തന്ത്രമാകും ഇനി വരിക. അത് എത്രത്തോളം ഗുണകരമാകുമെന്ന് ആർക്കും അറിയില്ല.
ടിപിആർ അടിസ്ഥാനത്തിലെ സർക്കാരിന്റെ നിയന്ത്രണം അപ്പാടെ പാളിയിരുന്നു. സമൂഹ വ്യാപനം കൂട്ടാനായിരുന്നു ഇത് അവസരമൊരുക്കിയത്. ഈ സാഹചര്യത്തിൽ ടിപിആർ നിയന്ത്രണം ഇനി ഉണ്ടാകില്ല. ഈ സാഹചര്യത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ പൂർണമായും മാറ്റം വരുത്തിയുള്ള പുതിയ പരിഷ്‌കാരങ്ങൾ ബുധനാഴ്ച പ്രാബല്യത്തിലായേക്കും.
വിദഗ്ധ സമിതി ശുപാർശകൾ ചീഫ് സെക്രട്ടറി പരിശോധിച്ചു മുഖ്യമന്ത്രിക്കു കൈമാറും. നാളത്തെ അവലോകന യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളും ഇളവുകളും ഇന്നും നാളെയും തുടരും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു തുറക്കും.
കോവിഡ് നിയന്ത്രണങ്ങൾ പൊളിച്ചെഴുതുന്നത് കേരളം സന്ദർശിക്കുന്ന കേന്ദ്ര വിദഗ്ധസമിതിയുടെ നിർദ്ദേശം കൂടി പരിഗണിച്ചശേഷം മാത്രമെന്ന സൂചനയുമുണ്ട്. വിദഗ്ധസമിതിയുടെ ബദൽ നിർദ്ദേശം ചൊവ്വാഴ്ച ചേരുന്ന അവലോകനയോഗം പരിഗണിക്കും. രോഗവ്യാപനം കൂടിയ സ്ഥലങ്ങൾ മാത്രം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നാണ് കേന്ദ്രസംഘത്തിന്റെ നിർദേശങ്ങളിൽ പ്രധാനം.
കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ കൂടുതൽ സി.എഫ്.എൽ.ടി.സികൾ തുറക്കണമെന്നും കേന്ദ്രസംഘം നിർദേശിച്ചിട്ടുണ്ട്. അതിനാൽ രോഗമുണ്ടായാൽ തദ്ദേശസ്ഥാപനം മുഴുവൻ അടക്കുന്നതിന് പകരം കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട വാർഡുകൾ മാത്രം അടച്ചുള്ള ബദലാണ് സർക്കാറിന്റെ പരിഗണനയിലുള്ളത്. മറ്റ് സ്ഥലങ്ങളിൽ എല്ലാ ദിവസവും എല്ലാ കടകളും കോവിഡ് പ്രോട്ടോകോൾ പാലിച്ച് തുറന്നേക്കും. വെള്ളി, തിങ്കൾ ദിവസങ്ങളിൽ തിരക്ക് വർധിക്കാൻ കാരണമായതിനാൽ വാരാന്ത്യ ലോക്ഡൗണും ഒഴിവാക്കിയേക്കും.
വിവാഹം, മരണം, മറ്റ് പൊതുചടങ്ങുകൾ എന്നിവക്ക് കടുത്ത നിയന്ത്രണം തുടർന്നേക്കും. മാനദണ്ഡങ്ങളിൽ മാറ്റം വരുമ്പോൾ ആൾക്കൂട്ട നിയന്ത്രണത്തിന് കർശന നിലപാടും സർക്കാർ സ്വീകരിക്കും. പൊലീസ് നിരീക്ഷണം ശക്തമാക്കുന്നതോടൊപ്പം കോവിഡ് പരിശോധനകൾ ഇരട്ടിയാക്കാനും ശ്രമിക്കും. ആരോഗ്യ വിദഗ്ധസമിതിയുടെ നിർദേശങ്ങൾ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി തിങ്കളാഴ്ച ചർച്ച ചെയ്യും.
അതിനിടെ സംസ്ഥാനത്ത് 20,728 പേർക്കു കൂടി കോവിഡ് ഇന്നലെ സ്ഥിരീകരിച്ചു. 1.7 ലക്ഷം സാംപിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14 %. 56 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 16,837 ആയി. 17,792 പേർ കോവിഡ് മുക്തരായി. നിലവിൽ ചികിത്സയിലുള്ളത് 1.67 ലക്ഷം പേർ. ജില്ലകളിലെ കോവിഡ് കണക്ക്: മലപ്പുറം 3770, തൃശൂർ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂർ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസർകോട് 707, വയനാട് 666, ഇടുക്കി 441, പത്തനംതിട്ട 386.


