കാസർകോട്: പഠിക്കാം..... കോവിഡിനെതിരെ പോരാട്ടം തുടരാം.... വിദ്യാലയങ്ങൾ തുറക്കുമ്പോൾ കരുതൽ വേണമെന്ന് ആരോഗ്യ വകുപ്പ്. നീണ്ട ഒരിടവേളയ്ക്ക് ശേഷം നവംബർ ഒന്നിന് കുരുന്നുകളുടെ കാലൊച്ചകളും കലപിലാരവങ്ങളുമായി വിദ്യാലയ മുറ്റങ്ങൾ സജീവമാകും. കോവിഡ് പശ്ചാത്തലത്തിൽ വിദ്യാലയങ്ങൾ തുറക്കുമ്പോൾ അതീവ ജാഗ്രതയും കരുതലും ആവശ്യമാണെന്ന് കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഇൻ ചാർജ് ഡോ. ഇ മോഹനൻ പറഞ്ഞു.

ജാഗ്രത കൈവെടിയരുത്

കോവിഡ് മാനർഗ നിർദേശങ്ങൾ വിദ്യാലയങ്ങളിലും വീടുകളിലും കർശനമായി പാലിക്കാൻ വിദ്യാർത്ഥികൾ ശ്രദ്ധക്കണം. പ്രധാന നിർദ്ദേശങ്ങൾ;

മൂക്കും വായയും മറയുന്ന വിധം ശരിയായ രീതിയിൽ ഡബിൾ മാസ്‌ക് ധരിക്കുക.
സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുകയോ ചെയ്യണം.
വിദ്യാർത്ഥികൾ കൂട്ടംകൂടുന്ന സാഹചര്യം ഉണ്ടാകരുത്. ചുരുങ്ങിയത് രണ്ട് മീറ്റർ അകലം പാലിക്കണം.
ആഹാരം, കുടിവെള്ളം, പഠന സാമഗ്രികൾ എന്നിവ പരസ്പരം കൈമാറരുത്.
സ്‌കൂളിൽ പോകുമ്പോഴും സ്‌കൂളിൽ നിന്നും മടങ്ങുമ്പോഴും കടകളിൽ കയറുന്നത് ഒഴിവാക്കുക. സ്‌കൂൾ വിട്ടാലുടൻ വീട്ടിലേക്ക് മടങ്ങുക .
വീട്ടിലെത്തിയ ഉടൻ ധരിച്ച വസ്ത്രങ്ങൾ സോപ്പു വെള്ളത്തിലോ ഡിറ്റർജന്റ് ഉപയോഗിച്ച വെള്ളത്തിലോ മുക്കിവെച്ചതിന് ശേഷം കുളിക്കുക.
വീട്ടിലുള്ള കുട്ടികൾ, മുതിർന്നവർ, കിടപ്പിലായവർ എന്നിവരുടെ അടുത്ത് കുളിച്ചതിന് ശേഷം മാത്രം പോകുക.
മാസ്‌കുകൾ അലക്ഷ്യമായി ഇടരുത്. തുണി മാസ്‌ക് കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാവുന്നതാണ്. ഡിസ്പോസിബിൾ മാസ്‌കുകൾ കത്തിച്ചു കളയുക .
വ്യക്തിശുചിത്വം, പരിസര ശുചിത്വം, പോഷകാഹാരം എന്നിവ ശീലമാക്കുക.

കോവിഡ് ലക്ഷണങ്ങൾ അവഗണിക്കരുത്

തുമ്മൽ, ചുമ, ശരീര വേദന, ക്ഷീണം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ സ്‌കൂളിൽ പോകുകയോ മറ്റുള്ളവരുമായി ഇടപെഴുകുകയോ അരുത്. ഇത്തരം ലക്ഷണങ്ങളുള്ളവർ സമീപത്തുള്ള ആരോഗ്യകേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടുക. ഇക്കാര്യം അദ്ധ്യാപകരെ അറിയിക്കുക.
വീട്ടിൽ ആർക്കെങ്കിലും രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ രക്ഷിതാക്കൾ വിദ്യാർത്ഥികളെ ഒരു കാരണവശാലും സ്‌കൂളിലേക്ക് അയക്കരുത്.
സ്‌കൂളിലെത്തിയാൽ എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായാൽ അദ്ധ്യാപകരോട് തുറന്ന് പറയുക.