കോവിഡ് ഒരിക്കൽ ബാധിച്ചാൽ അതിനെതിരെയുള്ള പ്രതിരോധ ശേഷിശരീരം ആർജ്ജിക്കും എന്നത് വെറും കെട്ടുകഥയെന്ന് ശാസ്ത്രജ്ഞർ. ഒരിക്കൽ ബാധിച്ചാൽ മൂന്നാഴ്‌ച്ചകൾക്കുള്ളിൽ അത് വീണ്ടും ബാധിച്ചേക്കാം. 20 ദിവസത്തെ ഇടവേളയിൽ ആദ്യം ഡെൽറ്റ വകഭേദവുമയായും പിന്നീട് ഓമിക്രോണുമായും പടപൊരുതേണ്ടി വന്ന 31 കാരനായ ഒരു സ്പാനിഷ് ആരോഗ്യ പ്രവർത്തകയുടെ ഉദാഹരണം എടുത്തുകാട്ടിയാണ് അവർ ഇതു പറയുന്നത്. മാഹാവ്യാധി ആരംഭിച്ചതിനു ശേഷമുള്ള, പുനർ ബാധയ്ക്കെടുത്ത ഏറ്റവും കുറഞ്ഞ കാലയളവാണിതെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്.

ഒരു മെഡിക്കൽ കൊൺഫറൻസിൽ പരാമർശിക്കപ്പെട്ട കോവിഡ് ബാധയുണ്ടായ ഈ യുവതി ബൂസ്റ്റർ ഡോസും എടുത്തിട്ടുണ്ട് എന്നതാണ് മറ്റൊരു അതിശയകരമായ കാര്യം. അതുകൊണ്ടു തന്നെ, വാക്സിന്റെ എല്ലാ ഡോസുകളും എടുത്തവരും തങ്ങൾ സമ്പൂർണ്ണ സുരക്ഷിതരാണെന്ന് കരുതരുത് എന്നാണ് ഇവരെ ശുശ്രൂഷിച്ച കാറ്റലോണിയയിലെ ഡോക്ടർമാർ പറയുന്നത്. ഒരിക്കൽ രോഗം ബാധിച്ചവരാണെങ്കിൽ പോലും സമ്പൂർണ്ണ സുരക്ഷിതത്വം ഉറപ്പു പറയാനാകില്ല എന്നാണ് അവർ പറയുന്നത്.

മറ്റു വകഭേദങ്ങൾ ബാധിച്ചോ അല്ലെങ്കിൽ വാക്സിനിലൂടെയോ നേടിയെടുത്ത പ്രതിരോധത്തെ ചെറുത്ത്, രോഗബാധയുണ്ടാക്കാൻ ഓമിക്രോൺ വകഭേദത്തിന് കഴിയും എന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്ന് ഇൻസ്റ്റിറ്റിയുട്ട് കാറ്റല ഡി ല സലുട്ടിലെ ഡോ. ജെമ്മ റെസിയോ പറയുന്നു. ചുരുക്കത്തിൽ, ഒരിക്കൽ കോവിഡ് വന്ന ഭേദമായവരിൽ, അവർ വാക്സിന്റെ മുഴുവൻ ഡോസുകളും എടുത്തിട്ടുണ്ടെങ്കിൽ കൂടി വീണ്ടും രോഗം ബാധിക്കില്ലെന്ന കാര്യത്തിൽ ഒരു ഉറപ്പും ഇല്ലെന്നർത്ഥം.

അതേസമയം, നേരത്തേ രോഗം ബാധിച്ചതിലൂടെ ആർജ്ജിച്ച പ്രതിരോധ ശേഷിയും അതുപോലെ വാക്സിൻ പ്രദാനം ചെയ്യുന്ന പ്രതിരോധ ശേഷിയും, രോഗം ഗുരുതരമാകാതെ നോക്കുമെന്ന് ഡോ. ജെമ്മ പറയുന്നു. 2021 ഡിസംബറിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നതിന് 12 ദിവസം മുൻപായിരുന്നു ഈ ആരോഗ്യ പ്രവർത്തക ബൂസ്റ്റർ ഡോസ് എടുത്തത്. അതിനുശേഷമാണ് ഇവർ പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്. ലക്ഷണങ്ങൾ ഒന്നും ഇവർ പ്രദർശിപ്പിച്ചിരുന്നില്ല. ഡെൽറ്റ വകഭേദമാണ് അവരെ ബാധിച്ചതെന്നും തെളിഞ്ഞിരുന്നു.

ഐസൊലേഷന് ശേഷം 10 ദിവസം കഴിഞ്ഞ് ഇവർ വീണ്ടും ജോലിക്ക് ഹാജരായി. അപ്പോൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നുവോ എന്നകാര്യത്തിൽ വ്യക്തതയില്ല. എന്നാൽ, അധികം താമസിയാതെ അവർക്ക് വീണ്ടും ചുമയും പനിയും ഉണ്ടാവുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് അവർ വീണ്ടും പൊസിറ്റീവ് ആണെന്ന് തെളിഞ്ഞത്. തുടർന്ന് നടത്തിയ ജനിതക പരിശോധനയിൽ അവരെ ബാധിച്ചിരിക്കുന്നത് ഓമിക്രോൺ ആണെന്ന് തെളിഞ്ഞു.

കോവിഡ് രോഗികളിൽ ബാധിച്ച വകഭേദം ഏതെന്ന് തിരിച്ചറിയുന്നതിനുള്ള ജനിതക പരിശോധന അത്യാവശ്യമാണെന്നു കൂടി ഈ കേസ് അടിവരയിട്ടു പറയുന്നതായി ഡോ. ജെമ്മ പറഞ്ഞു. അത്തരത്തിലുള്ള പരിശോധനകൾ ഭാഗികമായിട്ടെങ്കിലും പ്രതിരോധത്തെ തകർക്കുവാൻ കഴിവുള്ള വകഭേദങ്ങളെ തിരിച്ചറിയാൻ സഹായിക്കുമെന്നും അവർ പറഞ്ഞു.