- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഏതു സമയവും ഉണ്ടാവാം; അധികൃതരും ജനങ്ങളും പ്രകടിപ്പിക്കുന്ന അലംഭാവം ആശങ്കപ്പെടുത്തുന്നത്; ടൂറിസവും മതപരമായ ആഘോഷങ്ങളും പിന്നീടാകാം; ആളുകൾ കൂട്ടമായെത്തുന്നത് സൂപ്പർ സ്പ്രെഡിന് ഇടയാക്കുമെന്ന മുന്നറിയിപ്പുമായി ഐഎംഎ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തംരംഗം ഏതു സമയത്തും ഉണ്ടാവാമെന്ന് ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കോവിഡ് പ്രതിരോധത്തിൽ ജാഗ്രത കൈവിടരുത്. രോഗവ്യാപനത്തിന്റെ നിർണായക ഘട്ടത്തിൽ രാജ്യത്തെ പലയിടത്തും അധികൃതരും പൊതുജനങ്ങളും കോവിഡ് മാനദണ്ഡങ്ങളിൽ കാണിക്കുന്ന അലംഭാവത്തിൽ ഐഎംഎ ആശങ്ക പ്രകടിപ്പിച്ചു.
കോവിഡ് രണ്ടാം തരംഗത്തിൽനിന്ന് രാജ്യം ഏതാണ്ട് പുറത്തുകടന്നിട്ടേയുള്ളൂ. രാഷ്ട്രീയ നേതൃത്വവും ആധുനിക വൈദ്യശാസ്ത്രവും കൂട്ടായി യത്നിച്ചതുകൊണ്ടാണ് രണ്ടാം തരംഗത്തെ നേരിടാനായതെന്ന് ഐഎംഎ പറയുന്നു. ''ആഗോളതത്തിലെ പ്രവണതകൾ അനുസരിച്ചും മഹാമാരികളുടെ ചരിത്രപ്രകാരവും ഏതു നിമിഷവും രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാവാം. എന്നാൽ പലയിടത്തും കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആൾക്കൂട്ടമുണ്ടാവുന്നത് കാണാനാവുന്നുണ്ട്. ജനങ്ങളും അധികാരികളും അലംഭാവം പ്രകടിപ്പിക്കുന്നത് വേദനാജനകമാണ്''- ഐഎംഎ പ്രസ്താവനയിൽ പറഞ്ഞു.
വിനോദ സഞ്ചാരം, തീർത്ഥാടന യാത്ര, മതപരമായ ആഘോഷങ്ങൾ എന്നിവയെല്ലാം ആവശ്യമാണ്. എന്നാൽ ഇവയെല്ലാം അനുവദിക്കാൻ കുറച്ചുമാസങ്ങൾ കൂടി കാത്തിരിക്കണം. ഇത്തരം ഇടങ്ങളിൽ വാക്സിൻ എടുക്കാതെ ആളുകൾ കൂട്ടമായെത്തുന്നത് കോവിഡ് മൂന്നാം തരംഗത്തിന്റെ സൂപ്പർ സ്പ്രെഡിന് ഇടയാക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകി.
കോവിഡ് ബാധിച്ച ഒരാളെ ചികിത്സിക്കുന്നതും അതിന്റെ സാമ്പത്തിക പ്രത്യാഘാതവും കണക്കിലെടുത്താൽ ഇത്തരം കൂടിച്ചേരലുകൾ ഒഴിവാക്കിയാൽ ഉണ്ടാവുന്ന സാമ്പത്തിക നഷ്ടം കുറവായിരിക്കുമെന്ന് ഐഎംഎ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഒന്നര വർഷത്തിലെ അനുഭവത്തിൽ വാക്സിനേഷനിലൂടെയും കോവിഡ് മാനണ്ഡദങ്ങൾ പാലിക്കുന്നതുവഴിയും മൂന്നാം തരംഗത്തിന്റെ ആഘാതം ലഘൂകരിക്കാനായിട്ടുണ്ടെന്നും ഐഎംഎ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്