- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് ഒക്ടോബറോടെ കോവിഡ് മൂന്നാം തരംഗം; കുട്ടികളിലും രോഗവ്യാപനം വർധിക്കാൻ സാധ്യത; അനാരോഗ്യവും വൈകല്യങ്ങളുമുള്ള കുട്ടികൾക്ക് മുൻഗണനാ അടിസ്ഥാനത്തിൽ വാക്സിൻ നൽകണം; ഐസിയു കിടക്കകൾ സജ്ജമാക്കണം; ചികിത്സാസൗകര്യം വർധിപ്പിക്കണമെന്ന് വിദഗ്ധസമിതി
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 മൂന്നാം തരംഗം ഒക്ടോബർ മാസത്തോടെ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റിനു കീഴിൽ രൂപവത്കരിച്ച സമിതിയാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകിയിരിക്കുന്നത്. മൂന്നാം തരംഗത്തിൽ മുതിർന്നവരേപ്പോലെതന്നെ കുട്ടികളിലും രോഗവ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്.
കുട്ടികളിൽ വലിയതോതിൽ രോഗവ്യാപനം ഉണ്ടായാൽ രാജ്യത്തെ ആശുപത്രികളിൽ നിലവിലുള്ള സൗകര്യങ്ങൾ അപര്യാപ്തമായിരിക്കും. കേരളത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കോവിഡ് വ്യാപന തോത് ഉയർന്നു നിൽക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് റിപ്പോർട്ട് നൽകിയിരിക്കുന്നതെന്നാണ് സൂചന.
ഡോക്ടർമാർ, ജീവനക്കാർ, വെന്റിലേറ്റേഴ്സ്, ആംബുലൻസ് തുടങ്ങിയവയുടെ എണ്ണം വളരെയധികം ആവശ്യമുണ്ട്. എല്ലാ ആശുപത്രികളിലും പീഡിയാട്രിക് വാർഡുകൾ, പീഡിയാട്രിക് ഐസിയുകൾ എന്നിവയുടെ എണ്ണവും വർധിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. അനാരോഗ്യവും വൈകല്യങ്ങളുമുള്ള കുട്ടികൾക്ക് മുൻഗണനാടിസ്ഥാനത്തിൽ വാക്സിൻ നൽകേണ്ടത് അത്യാവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
മൂന്നാം തരംഗം ഒക്ടോബർ അവസാന ആഴ്ചയോടെ ഉച്ചസ്ഥായിയിൽ എത്തുമെന്നാണ് വിലയിരുത്തൽ. നിലവിൽ ആശുപത്രികളിലുള്ള കിടക്കകൾ, ഓക്സിജനറേറ്ററുകൾ തുടങ്ങിയവയൊക്കെ കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ ആവശ്യമായതിനേക്കാൾ വളരെക്കുുറവാണെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇവയുടെ എണ്ണം വളരെയധികം വർധിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
സെപ്റ്റംബറോടെ രണ്ട് ലക്ഷം ഐസിയു കിടക്കകൾ സജ്ജമാക്കണമെന്ന് നീതി ആയോഗ് അംഗം വി കെ പോൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇനിയൊരു കോവിഡ് തരംഗം ഉണ്ടായാൽ 100ൽ 23 രോഗികൾ വരെ ആശുപത്രിയിൽ പ്രവേശിക്കപ്പെടാമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
രണ്ട് ലക്ഷം ഐസിയു കിടക്കകൾ സജ്ജമാക്കണമെന്നും ഇതിൽ 1.2 ലക്ഷം കിടക്കകളിൽ വെന്റിലേറ്റർ സൗകര്യവും വേണമെന്നും നിർദ്ദേശം നൽകി. ഏഴ് ലക്ഷം നോൺ ഐസുയു കിടക്കകൾ (ഇതിൽ ഓക്സിജൻ സൗകര്യമുള്ള അഞ്ച് ലക്ഷം) 10 ലക്ഷം ഐസൊലേഷൻ കിടക്കകൾ എന്നിവയും സജ്ജീകരിക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
അതേസമയം കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ഓണവിപണിയിലെ തിരക്കും ആഘോഷവും കോവിഡ് കണക്കിൽ പ്രതിഫലിച്ച് തുടങ്ങിയിട്ടില്ല. പക്ഷേ അതിന് മുൻപേ രോഗവ്യാപനം രൂക്ഷമാവുകയാണ്. മൂന്നുമാസത്തനിടെ ആദ്യമായി ഇന്നലെ ടിപിആർ 17 % കടന്നു. ആനുപാതികമായി ആശുപത്രിയിലുള്ള രോഗികളും കൂടുകയാണ്.
പതിനൊന്ന് ജില്ലകളിൽ ആശുപത്രി കിടക്കകൾ 50 ശതമാനത്തിലേറെ നിറഞ്ഞു. രോവ്യാപനം കൂടുതലുള്ള വടക്കൻ ജില്ലകളിൽ കോവിഡ്, കോവിഡ് ഇതര വിഭാഗങ്ങളിലായി സർക്കാർ ആശുപത്രികളിലെ കിടക്കകളും ഐസിയുകളും നിറയുകയാണ്. മലപ്പുറത്ത് സർക്കാർ ആശുപത്രികളിൽ 72 ശതമാനം കിടക്കകളിലും രോഗികളുണ്ട്. വരും ദിവസങ്ങളിൽ സാഹചര്യം തുടർന്നാൽ സ്വകാര്യ ആശുപത്രികളെ കൂടുതലായി ആശ്രയിക്കേണ്ടി വരും. പ്രതിദിന മരണസംഖ്യ കുറയാത്തതും ആശങ്കയാണ്.
887 കിടക്കകളുള്ള കാസർകോട് 704-ലും രോഗികളായി, അതായത് 79%. തൃശൂരിൽ 73 % പാലക്കാട് 66.3 % കോഴിക്കോട് 56 % എന്നിങ്ങനെയുമാണ് രോഗികൾ. വയനാട്, പത്തനംതിട്ട, എറണാകുളം, ഇടുക്കി. കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ 40 ശതമാനം കിടക്കകളാണ് അവശേഷിക്കുന്നത്. നിലവിൽ 1.78 ലക്ഷമാണ് ആക്റ്റീവ് കേസുകൾ. അടുത്തമാസത്തോടെ ഇത് നാലുലക്ഷം വരെ ഉയരാമെന്നാണ് വിലയിരുത്തൽ. ഇപ്പോഴും രാജ്യത്ത് ആകെ രോഗികളുടെ അൻപത് ശതമാനത്തിലധികവും കേരളത്തിൽ തന്നെയാണ്. പൊതുസ്ഥലങ്ങളിൽ പരിശോധന വീണ്ടും കർശനമാക്കും.
ന്യൂസ് ഡെസ്ക്