- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂലൈയിൽ കോവിഡ് നാലാം തരംഗമെന്ന് സൂചന; ആശങ്കയായി ഒമൈക്രോണിന്റെ വകഭേദങ്ങൾ ; പ്രതിരോധം ഊർജ്ജിതമാക്കാൻ കേന്ദ്രം; വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി
ന്യൂഡൽഹി: രാജ്യം കോവിഡ് നാലാം തരംഗത്തിന്റെ പിടിയിലേക്ക് പോകുന്നതായി ആശങ്കയുയരുന്നു. രാജ്യത്തെ കോവിഡ് കേസുകളിലുണ്ടായ വർധനയാണ് ആ ആശങ്കയ്ക്ക് അടിസ്ഥാനം. ജൂലൈയിൽ രാജ്യത്ത് കോവിഡ് നാലാം തരംഗം രൂക്ഷമായേക്കുമെന്ന് ഐഐടി കാൺപൂരിലെ വിദഗ്ധരുടെ പ്രവചനം. 84 ദിവസങ്ങൾക്ക് ശേഷം വെള്ളിയാഴ്ച രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം നാലായിരം കടന്നിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3962 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഫെബ്രുവരി നാലിനുശേഷമുണ്ടാകുന്ന ഉയർന്ന രോഗബാധയാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഓമിക്രോൺ വകഭേദങ്ങളാണ് പുതിയ തരംഗത്തിന് പിന്നിൽ. രോഗവ്യാപനം ഉയരുന്നത് കണക്കിലെടുത്ത് ഡൽഹിയിൽ വിമാനത്താവളങ്ങളിലടക്കം നിയന്ത്രണങ്ങൾ കർശനമാക്കി.
രാജ്യത്ത് കോവിഡ് വർധിക്കുന്ന അഞ്ചു സംസ്ഥാനങ്ങൾക്ക് രോഗവ്യാപനം തടയാൻ പ്രതിരോധനടപടികൾ ഊർജ്ജിതപ്പെടുത്താൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. തമിഴ്‌നാട്, കേരളം, തെലങ്കാന, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കർശന നിർദ്ദേശം.
മെയ് 27 ന് അവസാനിച്ച ആഴ്ചയിൽ 15,708 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഒരാഴ്ചയ്ക്കിടെ ജൂൺ 03 ന് അവസാനിച്ച ാഴ്ചയിൽ ഇത് 21,055 ആയി കുതിച്ചുയർന്നതായി കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. പ്രതിവാര ടിപിആർ 0.52 ആയിരുന്നത് ഒരാഴ്ച കൊണ്ട് 0.73 ആയാണ് ഉയർന്നത്.
തമിഴ്‌നാട്ടിൽ പ്രതിവാര ടിപിആർ 0.4 ആയിരുന്നത് 0.8 ആയാണ് ഉയർന്നത്. ചെന്നൈ, ചെങ്കൽപേട്ട് എന്നിവിടങ്ങളിലാണ് രോഗവ്യാപനം കൂടുന്നത്. രാജ്യത്തെ പുതിയ രോഗികളിൽ 31.14 ശതമാനവും കേരളത്തിൽ നിന്നാണ്. പ്രതിവാര ടിപിആർ 5.2 ൽ നിന്ന് 7.8 ആയി കുതിച്ചുയർന്നു. സംസ്ഥാനത്തെ 11 ജില്ലകളിൽ രോഗവ്യാപനം ഉയരുകയാണെന്നും കേന്ദ്ര ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
കർണാടകയിൽ രോഗസ്ഥിരീകരണ നിരക്ക് 0.8 ൽ നിന്നും 1.1 ലേക്ക് ഉയർന്നു. മഹാരാഷ്ട്രയിലാകട്ടെ രോഗവ്യാപനം കുതിച്ചുയരുകയാണ്. ഒരാഴ്ചയ്ക്കിടെ ഇരട്ടിയിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ടിപിആർ 1.5 ൽ നിന്നും 3.1 ലേക്ക് കുതിച്ചു. മുംബൈ, താനെ, പൂണെ അടക്കം ആറു ജില്ലകളിൽ കോവിഡ് കേസുകൾ ഉയരുന്നതായി കേന്ദ്ര ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പരിശോധനകൾ കൂട്ടാൻ ബ്രിഹൻ മുംബൈ കോർപ്പറേഷൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
രാജ്യത്ത് ഒമൈക്രോണിന്റെ ഉപവകഭേദമായ ആഅ.4, ആഅ.5 എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകരാജ്യങ്ങൾക്കിടയിൽ പുതിയ തരംഗത്തിന് കാരണമായതാണ് ഈ വകഭേദങ്ങളെന്ന് ആരോഗ്യ വിദഗ്ദ്ധർ സൂചിപ്പിക്കുന്നു. അതിനാൽ തന്നെ ജാഗ്രതയും മുൻകരുതലും സ്വീകരിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ അണുബാധയെക്കുറിച്ച് അമിതമായി ആശങ്കപ്പെടേണ്ടതില്ല. ഭൂരിഭാഗം ജനങ്ങളും വാക്സിനേഷൻ എടുത്തവരോ അണുബാധയേറ്റവരോ ആയതിനാൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും വൈറോളജിസ്റ്റുകളും വിദഗ്ധരും അഭിപ്രായപ്പെട്ടു.
നാലാം തരംഗ ഭീതി ശക്തമാകുന്നതിനിടെ, ബോംബെ ഐഐടി കോവിഡ് ക്ലസ്റ്ററായി മാറി. ഇവിടെ 30 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മുംബൈയിൽ ഇന്നലെ മാത്രം 700 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഹൗസിങ് സൊസൈറ്റികളിൽ പരിശോധനാ ക്യാംപുകൾ സജ്ജീകരിക്കാനും വാർ റൂമുകൾ തുറക്കാനും മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർക്ക് നിർദ്ദേശം നൽകി. നിലവിൽ ദിവസവും 8000 പരിശോധനകളാണ് നടക്കുന്നത്. ഇത് ദിവസം 30,000 40,000 ആക്കി വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ