- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അലിഗഡ് യൂണിവേഴ്‌സിറ്റിയിൽ കോവിഡ് ബാധിച്ച് 44 മരണം; ജീവൻ നഷ്ടമായവരിൽ അദ്ധ്യാപകരും അനധ്യാപകരും; വകഭേദമെന്ന് സംശയം; അന്വേഷണം ആവശ്യപ്പെട്ട് വൈസ് ചാൻസലറുടെ കത്ത്

ന്യൂഡൽഹി: കോവിഡ് ബാധിച്ച് അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിൽ അദ്ധ്യാപകരും അനധ്യാപകരും ഉൾപ്പെടെ 44 പേർ മരിച്ചു. ചെയർമാൻ, ഡീൻ, മുതിർന്ന പ്രഫസർമാർ ഉൾപ്പെടെ മരണത്തിനു കീഴടങ്ങി.
രാജ്യത്തെ പ്രധാനപ്പെട്ട യൂണിവേഴ്‌സിറ്റിയിൽ ഇത്രയും പേർ മരിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു വൈസ് ചാൻസലർ താരിഖ് മൻസൂർ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന് (ഐസിഎംആർ) കത്തയച്ചു.
മാരകമായ വൈറസ് മൂലമാണ് മരണം സംഭവിച്ചത് എന്നറിയിച്ചാണ് കത്തെഴുതിയത്. യൂണിവേഴ്‌സിറ്റിയിലും പരിസരത്തുമായി പ്രത്യേക വിഭാഗത്തിൽപ്പെട്ട വൈറസ് വ്യാപിച്ചതായാണ് സംശയം. ജനിതക മാറ്റം സംഭവിച്ച വൈറസാണോ എന്നു പഠിക്കുന്നതിനായി ഡൽഹി സിഎസ്‌ഐആറിലേക്ക് സാംപിളുകൾ അയച്ചു. യൂണിവേഴ്‌സിറ്റി ശ്മശാനം നിറഞ്ഞുവെന്ന് പൊളിറ്റിക്കൽ സയൻസ് വിഭാഗം പ്രഫസർ ഡോ. അർഷി ഖാൻ പറഞ്ഞു.
ആരോഗ്യവാന്മാരായ യുവാക്കളും കോവിഡ് ബാധിച്ച് മരിച്ചു. വലിയ ദുരന്തമാണിതെന്നും അദ്ദേഹം പറഞ്ഞു. മുപ്പതിനായിരത്തോളം വിദ്യാർത്ഥികളാണ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നത്. 19 ഹോസ്റ്റലുകളിലായി 16,000 വിദ്യാർത്ഥികൾ താമസിക്കുന്നുണ്ട്. കോവിഡ് വ്യാപനത്തെത്തുടർന്ന് യൂണിവേഴ്‌സിറ്റി അടച്ചതിനാൽ വിദ്യാർത്ഥികൾ താമസം മാറി. കുറച്ചുപേരെ യൂണിവേഴ്‌സിറ്റിയിൽ താമസിക്കുന്നുള്ളൂ.


