കൊച്ചി: ആലുവ പൊലീസ് സ്റ്റേഷനിൽ സിഐയ്ക്കും എസ് ഐ മാരുമടക്കം 28 പേർ കോവിഡ് സ്ഥിരീകരിച്ചു.സ്റ്റേഷൻ പ്രവർത്തനം പ്രതിസന്ധിയിൽ. 72 പേരാണ് ഇവിടെ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്.ഇതിൽ 28 പേർക്ക് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ റൂറൽ ജില്ലയിലെ പ്രധാനപ്പെട്ട ഈ സ്റ്റേഷന്റ്‌റേഷൻ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

ഇലക്ഷൻ ഡ്യൂട്ടിയിക്കിടെയാണ് മിക്കവർക്കും കോവിഡ് വൈറസ്സ് ബാധയുണ്ടായതെന്നാണ് പ്രാഥമീക നിഗമനം.രോഗബാധിതരുമായി അടുത്തിഴപഴകിയവരും ഇവരുമായി സമ്പർക്കൽ ഏർപ്പെട്ടവരുമടക്കം നിരവധിപേർ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പ്രതിരോധമാർഗ്ഗങ്ങൾ സ്വയം സ്വീകരിച്ച് ഇപ്പോൾ ഇതെ സ്റ്റേഷനിൽ ജോലിയിൽ തുടരുന്നു.

ഇത്രയും കൂടുതൽ പേർക്ക് ഇവിടെ രോഗബാധ റിപ്പോർട്ടുചെയ്ത സാഹചര്യത്തിൽ മറ്റ് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരെ ഇവിടെ ഡ്യൂട്ടിക്കിട്ടാൽ ആ സ്റ്റേഷനിലേയ്ക്കും രോഗം പകരാനിടയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സമ്പർക്കപട്ടികയിൽപെടുന്നവരെ ഇവിടെ ജോലിയിൽത്തുടരാൻ നിർദ്ദേശിച്ചിട്ടുള്ളതെന്നാണ് സൂചന.

സമ്പർക്കപട്ടികയിൽപ്പെട്ടിട്ടുള്ള മുഴുവൻ പേരെയും പരിശോധനയ്ക്ക് വിധേയമാക്കുന്നതിനും രോഗം സ്ഥിരീകരിക്കുന്ന മുറയ്ക്ക് ഇവർക്ക് ആവശ്യമായ ചികത്സലഭ്യമാക്കുന്നതിനും ജില്ലാപൊലീസ് മേധാവി നിർദ്ദേശിച്ചിട്ടുണ്ട്.ആലുവ പൊലീസ് സ്റ്റേഷനിലെ പകുതിയോളം പേർ വിവിധ ചുമതലകളും ആയി മറ്റുപല ഓഫീസുകളിലും ആണ് ജോലി ചെയ്യുന്നത്.

കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ ആയ പൊലീസുകാരെ നീരീക്ഷണത്തിൽ പോകാൻ അനുവദിക്കാത്തത്്് രോഗം പടർന്നുപിടിക്കാൻ കാരണമെന്ന് പരക്കെ ആശങ്ക ഉയർന്നിട്ടുണ്ട്.സ്റ്റേഷനിലെ വനിതാ എസ്‌ഐ അടക്കമുള്ള പത്തിലധികം പേർ നേരത്തെ കോ വിഡ് ബാധിച്ചിരുന്നു. ഇന്നലെ കോവിഡ് പോസ്റ്റീവായ പൊലീസുകാർ കഴിഞ്ഞ ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയിരുന്നു.ഇവിരിൽ നിന്നും കൂടുതൽ പേരിലേയ്ക്ക് രോഗം പകർന്നിരിക്കാമെന്ന ആശങ്കയും വ്യാപകമായിട്ടുണ്ട്.ആലുവ എം എൽ എ അൻവർ സാദത്ത് കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലാണ്.

റൂറൽ ജില്ലയിൽ 2356 പോളിങ് സ്റ്റേഷനുകളാണ് ഉണ്ടായിരുന്നത്.19 വോട്ടെണ്ണൽ കേന്ദ്രങ്ങളും ഇവിടെയുണ്ട്.3500 പൊലീസുകാരാണ് ഇവിടങ്ങളിൽ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നത്.430 -ളം പേർ മ്റ്റ് ജില്ലകളിൽ നിന്നുള്ളവരാണ്.ഈ സാഹചര്യത്തിൽ രോഗവ്യാപനം നിയന്ത്രിയിക്കാൻ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും ശക്തമായ നടപടികൾ ഉണ്ടായില്ലങ്കിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാവുമെന്നാണ ചൂണ്ടികാണിക്കപ്പെടുന്നത്.