- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തേജസ്വി സൂര്യയുടെ ആരോപണങ്ങൾ തിരിഞ്ഞുകുത്തി; കോവിഡ് രോഗികളുടെ കിടക്കകൾ കരിഞ്ചന്തയിൽ വിറ്റ കേസിൽ ബിജെപി എംഎൽഎയുടെ സഹായി അറസ്റ്റിൽ
ബംഗളുരു: കേവിഡ് രോഗികളുടെ കിടക്കകൾ കരിഞ്ചന്തയിൽ വിറ്റ കേസിൽ ബിജെപി എംഎൽഎയുടെ സഹായി പിടിയിലായതോടെ ബിജെപി സമ്മർദ്ദത്തിൽ. ബിജെപി എംഎൽഎ സതീഷ് റെഡ്ഡിയുടെ സഹായിയാണ് പിടിയിലായത്. ഇയാളെ ബംഗളൂരു സിറ്റി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് അറസ്റ്റ് ചെയ്തത്. വർഗീയ പരാമർശം നടത്തി ഒടുവിൽ മാപ്പുപറഞ്ഞ് തടിതപ്പേണ്ടി വന്ന ബിജെപി എംപി തേജസ്വി സൂര്യ ഉയർത്തിവിട്ട കരിഞ്ചന്തക്കേസിൽ ബിജെപി ബന്ധമുള്ളവർ തന്നെ പിടിയിലാകുന്നത് വലിയ രീതിയിൽ രാജ്യമെമ്പാടും ചർച്ചയാകുകയാണ്. കരിഞ്ചന്ത ആരോപണത്തിന് പിന്നാലെ കോവിഡ് വാർ റൂം സന്ദർശിക്കുമ്പോൾ സതീഷ് റെഡിയും തേജസ്വി സൂര്യയ്ക്കൊപ്പമുണ്ടായിരുന്നു.
ബ്രിഹത് ബാംഗ്ലൂരു മഹാനഗര പാലക് (BBMP)എന്ന പേരിൽ അറിയപ്പെടുന്ന സെൻട്രലൈസ്ഡ് സിസ്റ്റം വഴിയാണ് കോവിഡ് രോഗികൾക്കുള്ള ഐ സി യു ബെഡുകൾ വിവിധ ആശുപത്രികൾക്ക് വിതരണം ചെയ്യുന്നത്. ബിബിഎംപിയിലെ ചില ഉദ്യോഗസ്ഥർ കിടക്കകൾ മറിച്ചുവിറ്റെന്നായിരുന്നു തേജസ്വി സൂര്യ ഉയർത്തിവിട്ട ആരോപണം. ആരോപണം ഉന്നയിച്ചതിന് പിന്നാലെ കോവിഡ് വാർ റൂമിലെത്തി തേജസ്വി സൂര്യ മുസ്ലിം ജീവനക്കാരെ പുറത്താക്കിയതും വർഗീയ പരാമർശം നടത്തിയതും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
സൗത്ത് സോൺ വാർ ഓഫീസിനു പുറമേ മറ്റ് എട്ടു വാർ റൂമുകളിലും പതിനാറു ആശുപത്രികളിലും പൊലീസ് പരിശോധന നടത്തി. ഇതേ തുടർന്നുള്ള അന്വേഷണങ്ങളിലാണ് ബിജെപി എംഎൽഎ സതീഷ് റെഡ്ഡിയുടെ സഹായിയും ഇപ്പോൾ പിടിയിലായിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മുൻപ് നാല് പേർ അറസ്റ്റിലായിരുന്നു.
മറുനാടന് ഡെസ്ക്