ഭോപ്പാൽ: ഗോമൂത്രത്തിന് കോവിഡ് മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധയെ ഭേദമാക്കാൻ സാധിക്കുമെന്ന് ഭോപ്പാലിലെ ബിജെപി. എംപി. പ്രജ്ഞാ സിങ് ഠാക്കൂർ. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ചുകൊണ്ടിരിക്കെയാണ് ബിജെപി. എംപിയുടെ പ്രസ്താവന.

ഗോമൂത്രം ജീവൻരക്ഷാ മരുന്നാണ്. താൻ എല്ലാ ദിവസവും ഗോമൂത്രം കുടിക്കുന്നുണ്ടെന്നും അതാണ് തന്നെ കൊറോണ വൈറസിൽനിന്ന് സംരക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.

'ഒരു തദ്ദേശീയ പശുവിന്റെ മൂത്രം എല്ലാ ദിവസവും കുടിക്കുന്നുണ്ടെങ്കിൽ അത് കോവിഡ്മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധയെ സുഖപ്പെടുത്തും. ഞാൻ എല്ലാ ദിവസവും പശുമൂത്രം കുടിക്കുന്നു. അതിനാൽ ഇപ്പോൾ എനിക്ക് കൊറോണയ്ക്കെതിരെ ഒരു മരുന്നും കഴിക്കേണ്ടതില്ല. എനിക്ക് കൊറോണ ഇല്ല' ഒരു പാർട്ടി പരിപാടിക്കിടെ പ്രജ്ഞാ സിങ് പറഞ്ഞു.

Twice Born Merit

Sadhvi Pragya Thakur says;
"Cow urine cures lung infection, I take it so I didn't get corona virus." pic.twitter.com/lpPOdcCwbz

- Suraj Kumar Bauddh (@SurajKrBauddh) May 17, 2021

പശുമൂത്രവും മറ്റു പശു ഉത്പന്നങ്ങളുമാണ് തന്റെ ക്യാൻസറിനെ സുഖപ്പെടുത്തിയതെന്ന് രണ്ടു വർഷം മുമ്പ് പ്രജ്ഞാ സിങ് അവകാശപ്പെട്ടിരുന്നു.

അതേ സമയം കഴിഞ്ഞ വർഷം ഡിസംബറിൽ കോവിഡ് ലക്ഷണങ്ങളോടെ പ്രജ്ഞാ സിങ് ഠാക്കൂറിനെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

പ്രജ്ഞാ സിങ് ഠാക്കൂറിനെ കൂടാതെ മറ്റു ചില ബിജെപി നേതാക്കളും കോവിഡ് ചികിത്സക്ക് ഗോമൂത്രം ഉപയോഗിക്കാൻ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ഗോമൂത്രവും ചാണകവും ഉപയോഗിച്ചുള്ള ഇത്തരം ചികിത്സകൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും അപകടം വരുത്തിവെയ്ക്കുമെന്നും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ മാസം ആദ്യം ഉത്തർപ്രദേശിലെ ബിജെപി. എംഎ‍ൽഎ. സുരേന്ദ്ര സിങ് ഗോമൂത്രം കുടിക്കുന്നതുകൊറോണ വൈറസിൽ നിന്ന് തന്നെ സംരക്ഷിച്ചുവെന്ന് അവകാശപ്പെട്ട് വീഡിയോയുമായി രംഗത്തെത്തിയിരുന്നു. 'ഒരു ഗ്ലാസ് തണുത്ത വെള്ളത്തിൽ പശു മൂത്രം ലയിപ്പിച്ചാണ് കുടിക്കേണ്ടതെന്നും അദ്ദേഹം ശുപാർശ ചെയ്യുകയുണ്ടായി.