ലണ്ടൻ: പ്രായമായവരും അപകടസാധ്യത കൂടിയ വിഭാഗത്തിൽ പെടുന്നവരുമായവർ വാക്സിന്റെ രണ്ടു ഡോസുകൾ എടുത്തിട്ടുകൂടി കോവിഡിന് കീഴടങ്ങി മരണം വരിക്കുന്ന വാർത്തകൾ പുറത്തുവരുന്നു. നാളുകൾ കഴിയുന്തോറും രണ്ടാം ഡോസിന്റെ ശക്തിയും ക്ഷയിച്ചു വരുന്നു എന്നാണ് ചീഫ് മെഡിക്കൽ ഓഫീസർ പറയുന്നത്. അതുകൊണ്ടു തന്നെ ബൂസ്റ്റർ ഡോസിന് അർഹതയുള്ളവർ എല്ലാം തന്നെ അത് എടുക്കണമെന്ന ആവശ്യവുമായി യു കെ ഹെൽത്ത് സെക്യുരിറ്റി ഏജൻസിയിലെ ഡോ. സൂസൻ ഹോപ്കിൻസ് രംഗത്തെത്തി.

എൻ എച്ച് എസ് ആശുപത്രികളിലെല്ലാം ഇപ്പോൾ തന്നെ തിരക്ക് വർദ്ധിച്ചിരിക്കുകയാണെന്നവിവരം പുറത്തുവന്നയുടനെയാണ് ഡോ. സൂസന്റെ പ്രസ്താവനയും പുറത്തുവന്നത്. ക്രിസ്ത്മസ് കാലത്ത് കോവിഡിന്റെ മറ്റൊരു വരവ് ഒഴിവാക്കുവാനായി പ്രായമുള്ളവരും അപകട സാധ്യതയുള്ള വിഭാഗത്തിൽ ഉൾപ്പെടുന്നവരും കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് എടുക്കണമെന്ന ആവശ്യവുമായി ഹെൽത്ത് സെക്രട്ടറി സജിദ് വാജിദും രംഗത്തെത്തിയിട്ടുണ്ട്.

വാക്സിന്റെ രണ്ടു ഡോസുകളുടെയും പ്രതിരോധ ശേഷി കുറഞ്ഞുവരുന്നതിനാൽ രണ്ട് ഡോസുകൾ എടുത്തവരും രോഗം മൂർച്ഛിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുകയും മരണമടയുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായതിനെ തുടർന്നാണ് ഈ ആവശ്യമുയർന്നത്. രണ്ടാം ഡോസ് എടുത്ത് അഞ്ചോ ആറോ മാസങ്ങൾ കഴിയുമ്പോൾ തന്നെ അതിന്റെ പ്രഭാവം കുറഞ്ഞുവരുമെന്ന് നേരത്തേ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്നായിരുന്നു സർക്കാർ ബൂസ്റ്റർ ഡോസ് പദ്ധതി നടപ്പിലാക്കിയത്.

ഇപ്പോൾ മരണമടയുന്നതിൽ കൂടുതലും പ്രായമുള്ളവരും അപകടസാധ്യത ഏറെയുള്ള വിഭാഗത്തിൽ പെടുന്നവരുമാണെന്ന് ഡോ ഹോപ്കിൻസ് ചൂണ്ടിക്കാട്ടി. ബി ബി സിയുടേ ആൻഡ്രൂ മാർ ഷോയിൽ സംസാരിക്കുകയായിരുന്നു അവർ. വാക്സിൻ നൽകുന്ന പ്രതിരോധശേഷി കുറഞ്ഞുവരുന്നതാണ് ഇതിനു കാരണമെന്നും അവർ പറഞ്ഞു. അതുകൊണ്ട് തന്നെ ആളുകൾ മൂന്നാം ഡോസ് എടുക്കാൻ മുന്നോട്ട് വരണമെന്നും അവർ ആവശ്യപ്പെട്ടു. വാക്സിൻ എടുക്കാത്തവരിൽ മരണം സംഭവിക്കുന്നുണ്ട്. അത് സ്വാഭാവികമാണെന്നും അവർ കൂട്ടിച്ചേർത്തു.

വാക്സിന്റെ രണ്ട് ഡോസുകൾ എടുത്തവർക്ക് തങ്ങൾ സുരക്ഷിതരാണെന്ന തെറ്റിദ്ധാരണ ഉണ്ടെന്നും അതാണ് ബൂസ്റ്റർ ഡോസ് വാക്സിൻ പദ്ധതി പ്രതീക്ഷിച്ച വേഗതയിൽ നടക്കാത്തതെന്നും അവർ ചൂണ്ടിക്കാട്ടി. നമ്മുടെ ചുറ്റുപാടുകളിൽ ഇപ്പോഴും വലിയ അളവിൽ തന്നെ വൈറസ് നിലവിലുണ്ടെന്നും അതിനാൽ മൂന്നാം ഡോസ് അത്യാവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. ഇതുവരെ 10 മില്യൺ ബ്രിട്ടീഷുകാരാണ് കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുള്ളത്.

ശൈത്യകാലത്ത് സാധാരണ ആശുപത്രികളിൽ അനുഭവപ്പെടാറുള്ള തിരക്കിന്റെ പാരമ്യതയിൽ ഇപ്പോൾ തന്നെ പല ആശുപത്രികളും എത്തിക്കഴിഞ്ഞു എന്ന് എൻ എച്ച് എസ് പ്രൊവൈഡേഴ്സ് ചീഫ് എക്സിക്യുട്ടീവ് ക്രിസ് ഹോപ്സൺ സൂചിപ്പിച്ചു. കോവിഡിനൊപ്പം ഫ്ളൂവും ഇക്കാലത്ത് വരുന്നതിനാൽ തിരക്ക് അഭൂതപൂർവ്വമായി വർദ്ധിക്കാൻ ഇടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

അതേസമയം ബ്രിട്ടനിലെ കോവിഡ് വ്യാപനം വീണ്ടും താഴോട്ട് വരികയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബൂസ്റ്റർ വാക്സിനൊപ്പം ഇപ്പോൾ കണ്ടുപിടിച്ചിട്ടുള്ള അദ്ഭുത മരുന്നും വലിയൊരു ദുരന്തത്തിൽ നിന്നും ബ്രിട്ടനെ രക്ഷിക്കുമെന്ന് വലിയൊരു വിഭാഗം ആരോഗ്യ പ്രവർത്തകർ വിശ്വസിക്കുന്നു. വ്യാപന നിരക്കിനൊപ്പം മരണ നിരക്കും കുറഞ്ഞുവരികയാണ് അതുപോലെ ചികിത്സതേടി ആശുപത്രികളിലെത്തുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലും കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്.