- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേരിൽ മുതലാളിമാർ; കാര്യത്തിൽ ശമ്പളമില്ലാത്ത തൊഴിലാളികൾ; കെ എസ് ആർ ടി സി സർക്കാർ പണം തിന്നുമ്പോൾ വർഷം തോറും ലക്ഷങ്ങൾ നികുതി കൊടുത്തിട്ടും ഇപ്പോൾ മരണ കയത്തിൽ; കോവിഡിൽ തകർന്നടിഞ്ഞ സ്വകാര്യ ബസ് വ്യവസായത്തെ ആരു രക്ഷിക്കും ?
കൊച്ചി: കേരളത്തിലെ ബസ് വ്യവസായത്തിന്റെ കരുത്ത് സ്വകാര്യ മേഖലയായിരുന്നു. തിരുവനന്തപുരത്തൊഴികെ ദീർഘദൂര സർവ്വീസുകളാണ് കെ എസ് ആർ ടി സി കൂടുതലുമായി നടത്തിയത്. ഇവിടെ എല്ലാം ജനങ്ങൾക്ക് യാത്രാ തുണയായത് സ്വകാര്യ ബസുകളാണ്. കോവിഡിൽ തകരുന്നത് ഈ കച്ചവടവും. മുതലാളിമാരെന്നാണ് ബസുടമകളെ എല്ലാവരും വിളിക്കുന്നത്. ഇവരിൽ പലരും അവരുടെ ബസിലെ ജീവനക്കാർ കൂടിയായിരുന്നു. ഇന്ന് ശമ്പളമില്ലാത്ത മുതലാളിമാരാണ് അതുകൊണ്ട് തന്നെ ബസുടമകൾ. കെ എസ് ആർ ടി സിയെ സർക്കാർ താങ്ങി നിർത്തും. പക്ഷേ സ്വകാര്യ ബസുകൾക്ക് താങ്ങും തണലുമാകാൻ ആരുമില്ല. അങ്ങനെ ഈ വ്യവസായം തന്നെ തകർച്ചയുടെ വക്കിലാണ്.
കെ എസ് ആർ ടി സിക്ക് നികുതികളൊന്നും കൊടുക്കേണ്ട. അവർക്ക് ഓടിയാൽ മതി. എന്നാൽ സ്വകാര്യ ബസുകൾക്ക് വർഷം തോറും ലക്ഷങ്ങൾ തന്നെ നികുതിയും ഇൻഷുറൻസുമായി നൽകണം. ഇതിനൊപ്പം എന്നും മോട്ടോർവാഹന വകുപ്പിന്റെ പരിശോധനയും പിഴയടയ്ക്കലും. ശതകോടികൾ നൽകിയാണ് കെ എസ് ആർ ടി സിയെന്ന വെള്ളാനയെ സർക്കാർ താങ്ങി നിർത്തുന്നത്. സർക്കാർ സഹായം നിന്നാൽ ബസ് നല്ല നിലയിൽ ഓടിയാലും കെ എസ് ആർ ടി സി നിലച്ചു പോകും. ഇതാണ് അവസ്ഥ. അങ്ങനെ കെ എസ് ആർ ടി സി സർക്കാർ പണം തിന്ന് നിൽകുമ്പോൾ സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിലാണ്.
ഒന്നര മാസമായി സ്വകാര്യ ബസുകൾ ഓട്ടം നിർത്തിയിട്ട്. വടക്കൻ ജില്ലകളിൽ പച്ചക്കറി വ്യാപാരത്തിനും തട്ടുകട നടത്താനും ബസ് ഉപയോഗിച്ച് തുടങ്ങിയ വ്യാപാരികളുമുണ്ട്. 2019 മാർച്ചിൽ ലോക്ഡൗണിന്റെ തുടക്കത്തിൽ പൊതുഗതാഗതം നിർത്തിവെക്കുമ്പോൾ ഒരു ലിറ്റർ ഡീസലിന് 67 രൂപയായിരുന്നു. കോവിഡിന്റെ ഒന്നാം തരംഗത്തിന് ശേഷം ബസുകൾ ഓടിത്തുടങ്ങിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. നിലവിൽ ഒരു ലിറ്റർ ഡീസലിന് 93 രൂപയോളമാണ്. ഈ നിരക്കിൽ ഡീസൽ നിറച്ച് സർവിസ് നടത്തുക ഒഒരിക്കലും ലാഭകരമാകില്ല.
10 ബസുകളുണ്ടായിരുന്ന എനിക്കിപ്പോൾ രണ്ടു ബസുകളാണുള്ളത്. രണ്ടും ലോക്ഡൗണിൽ വെറുതെ കിടക്കുകയാണ്. തൊഴിലാളികൾ പെട്രോൾ പമ്പിലെ ജോലിമുതൽ മരംവെട്ടു പണിക്ക് വരെ പോയാണ് ജീവിക്കുന്നത്. ഈ ബസുകളും വിൽക്കാമെന്നു വിചാരിച്ചാൽ ഒരു കാറിന്റെ വില പോലും ആരും പറയുന്നില്ല'' - ഇതാണ് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം.ബി. സത്യന്റെ അവസ്ഥ. വീടിനു മുന്നിൽ നിർത്തിയിട്ടിരിക്കുന്ന ബസിനരികിൽ പ്രതിഷേധത്തിന്റെ പ്ലക്കാർഡുകളും പിടിച്ച് ഈ ഉടമകൾ ഇന്നലെ പ്രതിഷേധിച്ചു. പക്ഷേ സർക്കാർ ഇതൊന്നും കാണുന്നില്ല. ഈ കണ്ണീരിന് വിലയും കൊടുക്കുന്നില്ല.
ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ ശനിയാഴ്ച ബസ്സുടമകൾ കുടുംബസമേതം നടത്തിയ സമരത്തിൽ ആയിരങ്ങളാണ് പങ്കെടുത്തത്. മുമ്പ് സംസ്ഥാനത്ത് 12,350 സ്വകാര്യ ബസുകളാണ് സർവീസ് നടത്തിയിരുന്നത്. ആദ്യഘട്ട ലോക്ഡൗണിനു ശേഷം വീണ്ടും സർവീസ് തുടങ്ങിയപ്പോൾ അത് 9000-ത്തിൽ താഴെയായി. രണ്ടാംഘട്ട വ്യാപനത്തിലെ ഈ ലോക്ഡൗൺ കഴിയുമ്പോൾ പിന്നെയും കുറേ ബസുകൾ നിരത്തിൽ നിന്ന് ഒഴിവാകും. 'നാറ്റ്പാക്' റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് 2014-ൽ 24,000, 2018-ൽ 19,000 വീതം ബസുകൾ ഉണ്ടായിരുന്നതാണ്.
കോവിഡ് ലോക്ഡൗണിനെ തുടർന്ന് 2020 മാർച്ച് 23-നാണ് ഞാൻ ബസുകൾ കയറ്റിയിട്ടത്. 2020 ഡിസംബർ 14-ന് ഒരു ബസ് വീണ്ടും നിരത്തിലേക്കിറക്കാൻ എനിക്ക് 1,30,000 രൂപ ചെലവായി. ആസമയത്ത് ബസ് ഓടിച്ചപ്പോൾ ലാഭമുണ്ടായില്ലെന്നു മാത്രമല്ല, ദൈനംദിന ചെലവിൽ 700-800 രൂപയോളം അങ്ങോട്ടേക്ക് കൊടുക്കേണ്ടിയും വന്നു. തൊഴിലാളികൾ സഹകരിച്ചതു കൊണ്ടാണ് നഷ്ടം അതിൽ നിന്നത് -സത്യൻ പറഞ്ഞു. ലോക്ഡൗൺ പിൻവലിച്ച് പൊതുഗതാഗതം പുനരാരംഭിച്ചാലും സംസ്ഥാനത്ത് ഭൂരിഭാഗം സ്വകാര്യ ബസുകളും സർവിസ് നടത്തില്ലെന്നാണ് സൂചന.
കോവിഡും ഇന്ധനവിലവർധനയും വരുത്തിവെച്ച ഭീമമായ നഷ്ടം സഹിച്ച് സർവിസ് നടത്താനാവില്ലെന്ന് ബസുടമകൾ പറയുന്നു. റോഡ് നികുതിയിൽ ഇളവ് അനുവദിച്ചാൽപോലും നിലവിലെ സാഹചര്യത്തിൽ സർവിസ് ലാഭകരമാകില്ലെന്നാണ് ഉടമകളുടെ നിലപാട്. ഇന്ധനച്ചെലവും ജീവനക്കാരുടെ ശമ്പളവുമടക്കം പ്രതിദിനം 8000 രൂപയോളം ചെലവാകും. ജീവനക്കാരുടെ ബോണസ്, ക്ഷേമനിധി, ബസ് പരിപാലനം എന്നീ ഇനങ്ങളിലെ ചെലവ് വേറെ. എന്നാൽ, കോവിഡ് ഭീതിമൂലം ജനങ്ങൾ പൊതുഗതാഗതത്തെ ആശ്രയിക്കാൻ മടിക്കുമെന്നതിനാൽ 4000 രൂപയിൽ കൂടുതൽ വരുമാനം കിട്ടില്ലെന്നും ഇത്രയും വലിയ നഷ്ടം സഹിച്ച് സർവിസ് മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നുമാണ് ഉടമകൾ പറയുന്നത്.
ലോക്ഡൗണിനുശേഷം സർവിസ് നടത്തണമെങ്കിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകളുടെ സംഘടന മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്. ലോക്ഡൗൺ കഴിയുന്നതുവരെ നികുതിയിളവ് അനുവദിക്കുക, ഡീസലിന് സബ്സിഡി, കോവിഡ് കാലത്തേക്ക് മാത്രമായി പ്രത്യേക പാക്കേജ് എന്ന നിലയിൽ യാത്രാനിരക്ക് വർധിപ്പിക്കുക, ഓടാതെ കിടന്ന ബസുകൾ നിരത്തിലിറക്കാനുള്ള ചെലവുകൾക്കായി ബസ് ഒന്നിന് മൂന്നുലക്ഷം രൂപ വീതം പലിശരഹിത വായ്പ അനുവദിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.
നഷ്ടത്തിലായ കെ.എസ്.ആർ.ടി.സിക്ക് ഓരോ ബജറ്റിലും ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്ന സർക്കാർ സ്വകാര്യബസ് വ്യവസായത്തെ അവഗണിക്കുകയാണെന്നും ബസുടമകൾ പരാതിപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ