- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാപാരികളുടെ ജീവിതം വഴിമുട്ടിച്ച കോവിഡ് കാലം; കേരളത്തിൽ പൂട്ടുവീണത് ജി.എസ്.ടി. രജിസ്ട്രേഷനുള്ള 20,000 വ്യാപാരസ്ഥാപനങ്ങൾക്ക്; ഇവയിൽ 12,000 ഹോട്ടലുകൾ; പ്രവർത്തനം നിലച്ചവയിൽ കരകൗശലവില്പനശാലകളും ചെറുകിട ജൂവലറികളും; വ്യാപാരിസൗഹൃദനയമില്ലാത്തത് തിരിച്ചടി
തൃശ്ശൂർ: കോവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നെങ്കിലും സംസ്ഥാന വ്യാപാര വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിൽ. രണ്ടാം തരംഗത്തിൽ നിന്നും അതിജീവനത്തിന്റെ പാതയിലേക്ക് കടന്നെങ്കിലും കേരളത്തിലെ ചെറുകിട വ്യാപാര മേഖല കനത്ത തിരിച്ചടിയാണ് നേരിടുന്നത്.
കോവിഡ്കാലത്ത് കേരളത്തിൽമാത്രം പൂട്ടിയത് ജി.എസ്.ടി. രജിസ്ട്രേഷനുള്ള 20,000 വ്യാപാരസ്ഥാപനങ്ങളെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പൂട്ടിയ സ്ഥാപനങ്ങൾ രജിസ്ട്രേഷൻ റദ്ദാക്കാനാവശ്യപ്പെട്ട് ജി.എസ്.ടി. വകുപ്പിന് നൽകിയ അപേക്ഷപ്രകാരമുള്ള കണക്കാണിത്. വ്യാപാര സൗഹൃദ നയമില്ലാത്തതാണ് മേഖലയെ പ്രതിസന്ധിയിലാക്കുന്നത്.
കേരളത്തിൽ പൂട്ടുവീഴുന്ന സ്ഥാപനങ്ങളുടെ കണക്കുകളിൽ ഏറ്റവും കൂടുതൽ ഹോട്ടലുകളാണ്. ഏതാണ്ട് 12,000 ഹോട്ടലുകളാണ് പൂട്ടി ജി.എസ്.ടി. രജിസ്ട്രേഷൻ റദ്ദാക്കാൻ അപേക്ഷ നൽകിയത്. വിനോദസഞ്ചാരമേഖലകളിലെ വ്യാപാരസ്ഥാപനങ്ങൾ, ചെറുകിട ജൂവലറികൾ, മാളുകൾ കേന്ദ്രീകരിച്ചും അല്ലാതെയും നടത്തുന്ന ബ്രാൻഡഡ് വസ്ത്രശാലകൾ, കരകൗശലവില്പനശാലകൾ എന്നിവയാണ് ബാക്കി.
പൂട്ടിയ സ്ഥാപനങ്ങളുടെ ജി.എസ്.ടി. രജിസ്ട്രേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയുടെ നൂലാമാലകളിൽപ്പെട്ട് വീണ്ടും നട്ടംതിരിയുകയാണ് ഇവയുടെ ഉടമകൾ. രജിസ്ട്രേഷൻ റദ്ദാക്കാൻ അപേക്ഷ നൽകി അതിന് ജി.എസ്.ടി. വകുപ്പ് അനുമതി നൽകിയ അറിയിപ്പ് കിട്ടിയതോടെ നടപടി കഴിഞ്ഞുവെന്ന് കരുതിയവർക്ക് വകുപ്പ് വലിയ പിഴ ചുമത്തുകയാണ്. ജി.എസ്.ടി. രജിസ്ട്രേഷൻ റദ്ദാക്കാനുള്ള അപേക്ഷ സമർപ്പിച്ച് ഒരുമാസത്തിനുള്ളിൽ റദ്ദാക്കിയതായുള്ള അറിയിപ്പ് സ്ഥാപന ഉടമയ്ക്ക് എസ്.എം.എസ്. ആയോ ഇ മെയിൽ ആയോ കിട്ടും. അതിനുശേഷം മൂന്നുമാസത്തിനുള്ളിൽ ഫൈനൽ റിട്ടേൺ സമർപ്പിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ, ഇക്കാര്യം പലർക്കും അറിയില്ല.
രജിസ്ട്രേഷൻ റദ്ദാക്കാനുള്ള അപേക്ഷ സ്വീകരിച്ച് നടപടി പൂർത്തിയാക്കിയതായുള്ള അറിയിപ്പ് വകുപ്പിൽനിന്ന് കിട്ടുന്നതോടെ നടപടിയെല്ലാം കഴിഞ്ഞെന്ന് കരുതുന്നവരെത്തേടി പിഴയുടെ നോട്ടീസ് എത്തിത്തുടങ്ങി. ൈറഫനൽ റിട്ടേൺ സമർപ്പിക്കാത്തതിന് 10,000 രൂപ പിഴയൊടുക്കണമെന്നാണ് നോട്ടീസ്. പിഴയൊടുക്കിയില്ലെങ്കിൽ ജി.എസ്.ടി.യുമായി ബന്ധിച്ച അക്കൗണ്ടിൽനിന്ന് തുകയെടുക്കുകയോ റവന്യൂ റിക്കവറി നടത്തുകയോ െചയ്യുെമന്നും നോട്ടീസിലുണ്ട്. ഇതിൽ വീഴ്ച വരുത്തുന്നവരിൽനിന്ന് 50,000 രൂപ പിഴയീടാക്കാനൊരുങ്ങുകയാണ് ജി.എസ്.ടി. വകുപ്പ്. അതിനുള്ള വ്യവസ്ഥയും വകുപ്പിന്റെ നിയമത്തിലുണ്ട്.
സേവനമേഖലയിൽപ്പെടുന്ന ഹോട്ടലുകാർക്ക് 20 ലക്ഷം വാർഷികവരുമാനമുണ്ടെങ്കിൽ ജി.എസ്.ടി. രജിസ്ട്രേഷനെടുക്കണം. അതിനാൽ മിക്ക ഹോട്ടലുകളും രജിസ്ട്രേഷൻ എടുത്തിട്ടുണ്ട്. കോവിഡ്കാല പരിമിതികൾ ഹോട്ടൽമേഖലയെ തകർത്തു. സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഇനിയും ഹോട്ടലുകൾ പൂട്ടേണ്ടിവരുമെന്ന അവസ്ഥയിലാണ്. 95 ശതമാനം ഹോട്ടലുകളും വാടകക്കെട്ടിടങ്ങളിലാണ് നിലവിൽ പ്രവർത്തിക്കുന്നത്.
വ്യാപാരം നടത്തുന്നവരുമായും നിർത്തുന്നവരുമായും സൗഹൃദനയമായിരിക്കണം ജി.എസ്.ടി. വകുപ്പ് സ്വീകരിക്കേണ്ടതെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം. മറ്റു മാർഗങ്ങളില്ലാത്തതിനാലാണ് വ്യാപാരം അവസാനിപ്പിക്കേണ്ടി വരുന്നത്. അവരെ വീണ്ടും പ്രതിസന്ധിയിലേക്ക് നയിക്കുന്ന വലിയ പിഴത്തുക ഒഴിവാക്കേണ്ടതാണെന്ന് വ്യാപര സമൂഹം ആവശ്യപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ