- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വ്യാപനം രൂക്ഷമായതോടെ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക വാർഡുകൾ ഒരുക്കി; രോഗികളുടെ പരിചരണത്തിന് പൂർണ സജീകരണം; കർമനിരതരായ ഐ പി വോളന്റിയർ; വീട്ടിൽ കഴിഞ്ഞ രോഗികൾക്കായി സാമൂഹിക അടുക്കളയും; കോതമംഗലത്ത് സേവാഭാരതി ഒരുക്കിയ കോവിഡ് കെയർ സെന്ററിന് സമൂഹത്തിന്റെ നിറഞ്ഞ കയ്യടി
കോതമംഗലം: കോവിഡ് രണ്ടാംതരംഗത്തിൽ രോഗവ്യാപനം രൂക്ഷമായതോടെ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക വാർഡുകൾ അടക്കം പൂർണ സജീകരണങ്ങളോടെ സേവാഭാരതി കോതമംഗലത്ത് ഒരുക്കിയ കോവിഡ് കെയർ സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് സമൂഹത്തിന്റെ നിറഞ്ഞ കയ്യടി.
തികച്ചും സൗജന്യമായുള്ള സെന്ററിന്റെ പ്രവർത്തനം നിരവധി കുടുംബങ്ങൾക്കാണ് ആശ്വാസമാവുന്നത്. അടുക്കും ചിട്ടയുമായുള്ള പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ഇവിടം സന്ദർശിക്കുന്ന കോവിഡ് മുൻനിരപ്രവർത്തകർ സെന്റിന്റെ ചുമതലക്കാരെ അഭിനന്ദനമറിയിച്ചാണ് മടങ്ങുന്നത്.
കോവിഡിന്റെ രണ്ടാം തരംഗത്തിൽ ആദ്യഘട്ടത്തിൽ തന്നെ ഏറ്റവും അധികം കോവിഡ് പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് എറണാകുളം ജില്ലയിലായിരുന്നു. ജില്ലയുടെ കിഴക്കൻ മേഖലയായ കോതമംഗലത്ത് സമൂഹത്തിലാകമാനം ഭീതി പരത്തിക്കൊണ്ട് രോഗബാധ പടരുകയായിരുന്നു.അത്തരം ഒരു സാഹചര്യത്തിലാണ് കോതമംഗലം സേവാഭാരതി കോവിഡ് രോഗബാധിതരെ സംരക്ഷിക്കുന്നതിനായി ഒരു കേന്ദ്രം ആരംഭിക്കുന്നതിനെ പറ്റി ആലോചിച്ചത്.
പഞ്ചായത്ത് തലത്തിൽ പ്രവർത്തിച്ച് വരുന്ന ഹെൽപ്പ് ഡസ്‌കുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി താലൂക്ക് കേന്ദ്രത്തിലെ സംവിധാനം എന്നനിലയിൽ കോതമംഗലം തങ്കളം വിവേകാനന്ദ വിദ്യാലയത്തിൽ സേവാകേന്ദ്രംപ്രവർത്തനം ആരംഭിച്ചു. കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരെ താമസിപ്പിക്കുന്നതിനായി ഇരുപത് ബെഡ്ഡുകളും അനുബന്ധ സാമഗ്രികളും ഒരുക്കി ഏപ്രിൽ 27-ന് സേവാഭാരതി ക്വാറന്റെയിൻ സെന്റർ പ്രവർത്തനമാരംഭിച്ചു.
രണ്ട് ദിവസത്തിനകം കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയും കോതമംഗലത്തെ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ബെഡുകൾ നിറയുകയും ചെയ്തതോടെ രോഗികൾക്ക് പോകാനിടമില്ലാത്ത സാഹചര്യം സംജാതമായി.
രോഗികളുടെയും ജനപ്രതിനിധികളുടെയും പൊതു പ്രവർത്തകരുടെയും ഭാഗത്ത് നിന്ന് സേവാഭാരതിയിലേക്ക് വിളിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു.അതോടെ കോവിഡ് കെയർ സെന്റർ എന്ന നിലയിൽ പ്രവർത്തനമാരംഭിക്കുവാൻ തീരുമാനിക്കുകയായിരുന്നു.
ആരംഭത്തിലുണ്ടായിരുന്ന 20 ബെഡുകൾ എന്നത് 50 ബെഡുകളായി ഉയർത്തുകയും,സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക വാർഡുകൾ സജ്ജീകരിക്കുകയും ചെയ്തു.അതത് മുറികളിൽ കഴിയുന്നവർക്കായി അവശ്യ സാമഗ്രികൾ ഒരുക്കുകയും ചെയ്തു.
രോഗികൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ തയാറാക്കി നൽകുകയും ഓരോരുത്തർക്കും പ്രത്യേകം ആവി പിടിക്കുന്നതിനായി വേപ്പറെസർ, മറ്റ് നിത്യോപയോഗ സാധനങ്ങൾമുതലായവ നൽകുകയും ചെയ്തു. ചൂടുവെള്ളം തയ്യാറാക്കുന്നതിനായി എല്ലാ മുറികളിലും ഇലക്ട്രിക്ക് കെറ്റിലുകൾ ലഭ്യമാക്കുകയും ചെയ്തു.
ഡിപ്പാർട്ടുമെന്റുകൾ തിരിച്ച് അടുക്കള, സാനിട്ടെസേഷൻ, ഓഫീസ്, പർചേസ്, ആംബുലൻസ്,ശുചീകരണം എന്നിവ വ്യവസ്ഥ ചെയ്യുകയും എല്ലാ ദിവസവും പ്രധാനപ്പെട്ട പ്രവർത്തകർ ഒരുമിച്ചിരുന്ന് അന്നത്തെ കാര്യങ്ങളെ വിലയിരുത്തുകയും ചെയ്തു വരുന്നു.
സാമൂഹിക അടുക്കള എന്ന നിലയിൽ പ്രവർത്തിക്കുന്ന കോവിഡ് കെയർ സെന്ററിലെ അടുക്കളയിൽ നിന്നും കോവിഡ് പോസറ്റീവായി വീടുകളിൽ കഴിയുന്ന രോഗികൾക്കുള്ള ഭക്ഷണപ്പൊതികൾ തയാറാക്കി വിതരണംചെയ്തു വരുന്നുണ്ട്.
രോഗീ സമ്പർക്കം ഉണ്ടാവാതെ ഭക്ഷണം വിതരണം ചെയ്യുന്നതിന് കൃത്യമായ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് വാർഡുകളും പരിസരപ്രദേശങ്ങളും രണ്ട് നേരം സാനിട്ടൈസ് ചെയ്യുകയും ശുചീകരണ പ്രവർത്തനങ്ങളിൽ വേണ്ടത്ര ശ്രദ്ധ പുലർത്തുകയും ചെയ്തു വരുന്നു.
കൂടാതെ ആയുർവേദ ഔഷധമായ അപരാജിതചൂർണ്ണം ഉപയോഗിച്ച് സേവാകേന്ദ്രത്തിന്റെ പരിസരങ്ങൾ ദിവസേന ധൂപ ശുദ്ധി വരുത്താറുണ്ട്.ഇൻ പേഷ്യന്റ് സംവിധാനത്തിൽ വാർഡുകളിൽ പോയി രോഗികൾക്കാവിശ്യമായ പരിചരണം നൽകുന്നതിനായി ഐ പി വോളന്റിയർ ടീം ആരംഭം മുതൽ പ്രവർത്തന സന്നദ്ധമാണ്.
10-15 ദിവസം പൂർണ്ണസമയം നിൽക്കുന്നവരാണ് ഈ സേവകർ. വീട്ടിൽ പോകുവാനോ മറ്റ് വോളന്റിയർമാരുമായി ഇടപഴകുവാനോ പാടില്ല എന്ന വ്യവസ്ഥയിലാണ് ഇവർ പ്രവർത്തിക്കുന്നത്.
പി.പി.ഇ കിറ്റുകൾധരിച്ച് രോഗികളുടെ സമീപം പോയി പരിചരിക്കുന്നതും മരുന്നും ഭക്ഷണവും യഥാസമയം നൽകേണ്ടതും ഈ വോളന്റിയർ ടീം ആണ്. ഇവിടത്തെ സേവനം പൂർത്തിയാക്കി ഇവർ പോകുന്ന സമയം ആന്റിജൻ ടെസ്റ്റ് നടത്തുകയും ഏഴ് ദിവസംഹോം ക്വാറന്റെയിനിൽ പോകുകയും ചെയ്യണം.
ഓഫീസ്, ശുചീകരണം, അടുക്കള, പർച്ചേയ്സ്, എന്നിവക്കായി 25 സ്വയം സേവകർ ദിവസേന ഇവിടെ കർമ്മ നിരതരാണ്. അഡ്‌മിനിസ്ട്രേഷൻ, രജിസ്ട്രേഷൻ, അന്വഷണം, ഹെൽപ്പ് ഡെസ്‌ക്ക് എന്നിവ പ്രത്യേകം ഡിപ്പാർട്ടുമെന്റുകളായി ആഫീസ് സംവിധാനത്തിൽ പ്രവർത്തിക്കുന്നു.ആലപ്പുഴ സേവാഭാരതിയിൽ നിന്നും ലഭിച്ചിട്ടുള്ള ഓക്സിജൻ സപ്പോർട്ടുള്ള ആംബുലൻസ് 24 മണിക്കൂറും പ്രവർത്തന സജ്ജമാണ്.
എല്ലാ ദിവസവും അലോപ്പതി, ആയുർവേദ ഡോക്ടർമാരുടെയും നേഴ്സിങ്ങ് ടീമിന്റെയും സേവനങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകളോടൊപ്പം രോഗപ്രതിരോധശേഷി ഉയർത്തുന്നതിനുള്ള ആയുർവേദഔഷധങ്ങൾ രോഗികൾക്കും ഇവിടെ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന വോളന്റിയേഴ്സിനും നൽകി വരുന്നുണ്ട്.
നിത്യേന സൈക്ലിക് മെഡിറ്റേഷന്റെ ഭാഗമായ ഡീപ്പ് റിലാക്സേഷൻ ടെക്നിക്ക്,യോഗനിദ്ര എന്നിവ രോഗികൾക്ക് നൽകി വരുന്നു.കോതമംഗലം താലൂക്കിന്റെ വിവിധപ്രദേശങ്ങളിൽ ഹോം ക്വാറന്റെനിൽകഴിയുന്ന രോഗികൾ നെഗറ്റീവ് ആയതിന് ശേഷം വീടുകൾ സാനിട്ടൈസ് ചെയ്യുന്നതിനായി ഒരു വോളന്റിയർ ടീം പ്രവർത്തിച്ചു വരുന്നു.
താലൂക്ക് ഹെഡ്ക്വാട്ടേഴ്സ് ഹോസ്പ്പിറ്റൽ സൂപ്രണ്ട്, മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ, കൗൺസിലർമാർ, സമൂഹത്തിലെ പ്രമുഖ വ്യക്തികൾ എന്നിവർ കോവിഡ് കെയർ സെന്ററിലെത്തി സേവാഭാരതിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചിട്ടുണ്ട്.
സേവാഭാരതിയുടെ പ്രവർത്തനങ്ങളെ കുറിച്ച് കേട്ടറിഞ്ഞ് കോതമംഗലത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയായ സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ എല്ലാ ദിവസവും സൗജന്യമായി ഒരു ഡോക്ടറുടെ സേവനം ഇവിടെ ലഭ്യമാക്കുന്നുണ്ട്.
വളരെ അനിവാര്യമായ സന്ദർഭങ്ങളിൽ വീഡിയോ കോൺഫ്രസ് വഴി ഡോക്ടർമാരെ രോഗവിവരങ്ങൾ ധരിപ്പിക്കുന്നതിനും സംവിധാനമേർപ്പെടുത്തിയിട്ടുണ്ട്.സേവഭാരതിയുടെ കീഴിൽ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ച ആദ്യത്തെ കോവിഡ് കെയർ സെന്ററാണിത്
മറുനാടന് മലയാളി ലേഖകന്.