മനാമ: ബഹ്‌റൈനിൽ 24 മണിക്കൂറിനിടെ 16616 പേരിൽ നടത്തിയ പരിശോധനയിൽ 824 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക ഉയരുന്നു. ഇതോടൊപ്പം കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം കൊറോണ വൈറസ് ബാധിതരുടെ എണ്ണവും ഉയർന്നതോടെ ആളുകൾക്ക് വീട്ടിൽത്തന്നെ തുടരാൻ മുന്നറിയിപ്പ്. ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് നിരക്കാണ് കഴിഞ്ഞ ദിവസം ബഹ്റൈനിൽ രേഖപ്പെടുത്തിയത്

ഇന്നലെ മരണപ്പെട്ട രണ്ടു പേരടക്കം രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 515 ആയി. ആകെ 35,47,638 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും പ്രതിരോധ വാക്‌സിനേഷനും തുടരുകയാണ്. 4,96,492 പേർ ഇതുവരെ ഓരോ ഡോസും 2,50,516 പേർ രണ്ട് ഡോസും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.

നിലവിൽ ബഹ്‌റൈനിലെത്തുന്നവർ 3 കോവിഡ് പരിശോധനകൾക്ക് വിധേയമാകണം. ആദ്യദിനം എയർപോർട്ടിലെ പരിശോധനയെ കൂടാതെ അഞ്ചാം ദിനവും പത്താം ദിനവുമാണ് മറ്റ് ടെസ്റ്റുകൾ. 3 ടെസ്റ്റിനും കൂടെ 36 ദിനാർ അടച്ചാൽ മതിയാകും.