പാലക്കാട്: ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ആലത്തൂർ എംപി.രമ്യ ഹരിദാസും സംഘവും ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സംഭവത്തിൽ ആറുപേർക്കെതിരേ കസബ പൊലീസ് കേസെടുത്തു. രമ്യ ഹരിദാസ്, മുൻ എംഎ‍ൽഎ. വി.ടി.ബൽറാം എന്നിവരുൾപ്പടെ ആറുപേർക്കെതിരേയാണ് കേസ്. ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചതിനും ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ചതിനുമാണ് കേസെടുത്തത്.

ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. കൈയേറ്റം ചെയ്യൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം സമയം ഭക്ഷണം കഴിക്കാനല്ല പാഴ്‌സൽ വാങ്ങാനെത്തിയതാണെന്നാണ് രമ്യ ഹരിദാസ് നൽകിയ വിശദീകരണം. പാഴ്‌സൽ വാങ്ങാനെത്തിയ തന്റെ കൈയിൽ കയറി യുവാവ് പിടിച്ചതിനെ തുടർന്നാണ് പ്രവർത്തകർ അങ്ങനെ പെരുമാറിയതെന്നും രമ്യ ഹരിദാസ് പറഞ്ഞിരുന്നു. സംഭവത്തിൽ നേതാക്കളുമായി സംസാരിച്ച് പൊലീസിൽ പരാതി നൽകുമെന്നും അവർ അറിയിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് തങ്ങൾക്ക് പരാതി ലഭിച്ചില്ലെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിലടക്കം ഏറെ വിവാദമായ സംഭവമാണിത്. ആലത്തൂർ എംപി രമ്യ ഹരിദാസും വി.ടി ബൽറാമും മറ്റു കോൺഗ്രസ് നേതാക്കളും കോവിഡ് നിയന്ത്രണം ലംഘിച്ച് ചന്ദ്രാ നഗറിലെ ഒരു ഹോട്ടലിനകത്ത് ഇരിക്കുന്നത് യുവാവ് കാണുകയും ഇത് ചോദ്യം ചെയ്യുകയുമായിരുന്നു. സമീപത്തെ മേശയിൽ ചിലർ ആഹാരം കഴിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് വിവാദമായ സംഭവം. രമ്യ ഹരിദാസ് ഉൾപ്പടെയുള്ളവർ പാലക്കാട് നഗരത്തോട് ചേർന്നുള്ള അപ്ടൗൺ ഹോട്ടലിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഭക്ഷണം കഴിക്കാനെത്തിയതായാണ് പരാതി. ഇവർ ഹോട്ടലിൽ ഇരിക്കുന്ന ദൃശ്യങ്ങൾ യുട്യൂബറായ യുവാവ് പുറത്തുവിട്ടിരുന്നു. എംപിയായ രമ്യ ഹരിദാസ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ യുവാവ് ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതോടെ രമ്യ ഹരിദാസും സംഘവും യുവാവിനെതിരേ തിരിയുകയും മർദിക്കുകയുമായിരുന്നുവെന്നാണ് യുവാവിന്റെ പരാതി.

സംഭവത്തെ തുടർന്ന് യുവാവ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് കസബ പൊലീസിൽ പരാതി നൽകി. ലോക്ഡൗൺ ലംഘനം നടത്തിയതിന് ഹോട്ടലിനെതിരേ കസബ പൊലീസ് കേസെടുത്തു. യുവമോർച്ച ജില്ലാ പ്രസിഡന്റും പൊലീസിന് പരാതി നൽകി. ഈ രണ്ടുപരാതികളും പരിഗണിച്ചുകൊണ്ടാണ് രമ്യ ഹരിദാസ് എംപി, വി.ടി.ബൽറാം എന്നിവരുൾപ്പടെയുള്ളവർക്കെതിരേ കേസെടുത്തിരിക്കുന്നത്. ലോക്ഡൗൺ ലംഘനം നടത്തിയ സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.