ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ മൂന്നാംതരംഗത്തിന് വഴിയൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. പ്രതിദിനം നാലുമുതൽ എട്ടുലക്ഷം വരെ കേസുകൾ റിപ്പോർട്ട് ചെയ്‌തേക്കാമെന്നാണ് പഠനം. ഈ മാസം അവസാനത്തോടെ കോവിഡ് വ്യാപനം രൂക്ഷമാകുമെന്നും കർശന ലോക്ഡൗൺ നടപടികൾ തരംഗത്തെ താമസിപ്പിച്ചേക്കാമെന്നും ഐ.ഐ.ടി കാൺപൂരിലെ പ്രഫസറായ മനീന്ദ്ര അഗർവാൾ വ്യക്തമാക്കി.

രാജ്യത്തെ പ്രധാന നഗരങ്ങളായ ഡൽഹിയിലും മുംബൈയിലും ഒമിക്രോണിനെ തുടർന്നുള്ള കോവിഡിന്റെ തീവ്രവ്യാപനം ജനുവരി പകുതിയോടെയെത്തും. പത്തുദിവസത്തിനകം ഓമിക്രോൺ വ്യാപനം രൂക്ഷമാകും.

രണ്ടാം തരംഗത്തിൽ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ കോവിഡിന്റെ വ്യാപനം വൈകിയെത്തിയതുപോലെ മൂന്നാം തരംഗത്തെ കണക്കാക്കാൻ കഴിയില്ല. മാർച്ചിന് മുമ്പുതന്നെ മൂന്നാം തരംഗത്തിന് സാധ്യത കാണുന്നുവെന്നും അദ്ദേഹം പറയുന്നു. ഇരു നഗരങ്ങളിലും പ്രതിദിനം 30,000 മുതൽ 50,000 വരെ കേസുകൾ റിപ്പോർട്ട് ചെയ്‌തേക്കാമെന്നും അദ്ദേഹം പറയുന്നു.

നേരത്തേ, ഐ.എച്ച്.എം.ഇ ഡയറക്ടർ ഡോ. ക്രിസ്റ്റഫർ മൂറേയും സമാന അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. ജനുവരി അവസാനത്തോടെയും ഫെബ്രുവരി ആദ്യത്തോടെയും പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഏറ്റവും ഉയർന്ന നിരക്കിലെത്തുമെന്നായിരുന്നു പ്രവചനം. ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടില്ലെങ്കിൽ മാർച്ചോടെ കോവിഡ് കേസുകളുടെ എണ്ണം കുറയും. മാർച്ച് അവസാനത്തോടെ പ്രതിദിനം 10,000 മുതൽ 20,000 കേസുകളിലേക്കെത്തുമെന്നും അദ്ദേഹം പറയുന്നു.