കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസി കുടിയിൽ ഇന്നലെ നടന്ന കോവിഡ് പരിശോധനയിൽ 52 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഉയർന്ന നിരക്കിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണ്ടതിനെ തുടർന്ന് രോഗികളെ സമീപ ഡി.സി.സി കളിലേക്ക് മാറ്റാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ആദിവാസി ഊരിൽ നിന്ന് ലഭിച്ച ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പരിശോധന നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ രോഗബാധിതരെ ഇന്ന് രാവിലെ മുതൽ കുട്ടമ്പുഴ, കീരംപാറ ഡിസിസി കളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. കോതമംഗലം തഹസിൽദാരുടെ നേതൃത്ത്വത്തിൽ പഞ്ചായത്ത് ,ആരോഗ്യം, വനം,പൊലീസ്, ട്രൈബൽ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പ്രവർത്തനം നടത്തുന്നത്.

ഡെപൂട്ടി തഹസിൽദാർമാർ,വില്ലേജ്ആഫിസർ,ഉൾപ്പെടെ 10അംഗ റവന്യു സ്‌പെഷ്യൽ സ്‌ക്വാഡ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ബ്ലാവന കടവിൽ നിന്നും ജങ്കാർ കടന്നു ദുർഘടമായ വന പാതയിലൂടെ എട്ടു കിലോമീറ്ററിലധികം യാത്ര ചെയ്തു വേണം കുടിയിലെത്താൻ. ആരോഗ്യവകുപ്പിന്റെ കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പോസിറ്റീവ് ആയവരെ വാഹനത്തിൽ കൊണ്ടുവരുന്നത്. തുടർന്ന് ബ്ലാവന കടവിൽ ആംബുലൻസ് എത്തിച്ചു ഡിസിസി , സി എഫ് എൽ റ്റി സി കളിലേക്ക് മാറ്റുന്ന നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്.