ന്യൂഡൽഹി: ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഡൽഹിയിൽ കോവിഡ് കേസുകളും പോസിറ്റിവിറ്റി നിരക്കും തുടർച്ചയായി കുറയുന്നു. ഇന്ന് 4524 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രിൽ അഞ്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 340 പേരാണ് ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.42 ശതമാനമായി കുറഞ്ഞു.

ഇന്ന് 53756 സാംപിളുകളാണ് പരിശോധിച്ചത്. 24 മണിക്കൂറിനുള്ളിൽ 10,918 പേർക്ക് രോഗം ഭേദമായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 13,20,496 ആയി. 56,049 പേരാണ് ഡൽഹിയിൽ ചികിത്സയിൽ തുടരുന്നത്. ഇന്ന് 340 പേർ മരിച്ചതോടെ ആകെ കോവിഡ് മരണം 21,846 ആയി. ഡൽഹിയിലെ ഇപ്പോഴത്തെ കോവിഡ് മരണനിരക്ക് 1.56 ശതമാനമാണ്.

35,141 പേർ വീട്ടിൽ സമ്പർക്കവിലക്കിൽ കഴിയുന്നുണ്ട്. കഴിഞ്ഞദിവസം 24 മണിക്കൂറിനിടെ 91105 പേർക്കാണ് ഡൽഹിയിൽ വാക്സിൻ നൽകിയത്. അതിൽ 11520 പേർക്ക് രണ്ടാം ഡോസാണ് നൽകിയത്. ഇതുവരെ ഡൽഹിയിൽ 46,02,475 പേർക്കാണ് വാക്സിൻ നൽകിയത്.