- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് കോവിഡ് അതിതീവ്ര വ്യാപനത്തിൽ; വീണ്ടും ഒരുലക്ഷത്തിലേറെ കോവിഡ് ബാധിതർ; ഇന്നലെ 1,15,736 പേർക്ക് രോഗബാധ; മരണം 630; മഹാരാഷ്ട്രയിലും പഞ്ചാബിലും സ്ഥിതിഗതികൾ അതിരൂക്ഷം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ എണ്ണത്തിലും റെക്കോർഡ് രേഖപ്പെടുത്തി. ഒരു വശത്ത് കോവിഡ് വ്യാപനം തടയാൻ വേണ്ടി കോവിഡ് വാക്‌സിനേഷൻ ശക്തമാകുമ്പോഴാണ് രോഗ നിരക്ക് വലിയ തോതിൽ ഉയരുന്നത് എന്നതും ശ്രദ്ധേയമാണ്.
മൂന്നുദിവസത്തിനിടെ രണ്ടാം തവണയാണ് പ്രതിദിനരോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്. പുതുതായി 1,15,736 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,28,01,785 ആയി ഉയർന്നു. നിലവിൽ 8,43,473 പേരാണ് ഇന്ത്യയിൽ ചികിൽസയിൽ ഉള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്നലെ 59,856 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,17,92,135 ആയി. ഇന്നലെ കോവിഡ് ബാധിച്ച് രാജ്യത്ത് 630 പേരാണ് മരിച്ചത്. രാജ്യത്തെ ആകെ കോവിഡ് മരണം 1,66,177 ആയി ഉയർന്നിട്ടുണ്ട്. ഇതുവരെ 8,70,77,474 പേർക്ക് വാക്സിനേഷൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങളിലാണ് സ്ഥിതിഗതികൾ അതീവ രൂക്ഷമായിട്ടുള്ളത്. മഹാരാഷ്ട്രയിൽ ഇന്നലെ 55,469 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഛത്തീസ്‌ഗഡിൽ 9921 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. കർണാടക, ഉത്തർപ്രദേശ്, ഡൽഹി സംസ്ഥാനങ്ങളിൽ 5000 ന് മുകളിൽ ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ ഇന്നലെ 297 പേർ കോവിഡ് ബാധിച്ച് മരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ