ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ഏറുന്നതിൽ കനത്ത ആശങ്ക. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 68,020 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒക്ടോബറിനു ശേഷം ആദ്യമായാണ് പ്രതിദിന കേസുകളിൽ ഇത്രയേറെ വർധനവുണ്ടാകുന്നത്. 24 മണിക്കൂറിനുള്ളിൽ 291 പേർ രോഗം ബാധിച്ചു മരിച്ചു.

രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1.2 കോടിയായി. 1,61,843 പേരാണ് ഇതുവരെ രോഗം ബാധിച്ചു മരിച്ചത്. പുതുതായി റിപ്പോർട്ട് ചെയ്ത 68,020 കേസുകളിൽ 40,414 എണ്ണവും മഹാരാഷ്ട്രയിലാണ്. 108 പേർ മരിക്കുകയും ചെയ്തു.

കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് മഹാരാഷ്ട്ര സർക്കാർ ആലോചിക്കുകയാണ്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തു. കുറച്ചു ദിവസത്തേക്ക് ലോക്ഡൗൺ ഏർപ്പെടുത്തുന്നത് മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാപനശൃംഖല മുറിക്കുന്നതിനായി 15 ദിവസത്തെ ലോക്ഡൗൺ ഏർപ്പെടുത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ ശിപാർശ. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പ്രഖ്യാപനം ഉണ്ടാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

3.2 ലക്ഷം പേർക്കാണ് സംസ്ഥാനത്ത് ഇപ്പോൾ കോവിഡ് ഉള്ളത്. പുണെയിൽ 62,000 പേർക്കും മുംബൈയിൽ 44,000 പേർക്കും നാഗ്പുരിൽ 42,000 പേർക്കും രോഗബാധയുണ്ട്. ഞായറാഴ്ച മാത്രം മുംബൈയിൽ 6,933 കേസുകൾ റിപ്പോർട്ട് ചെയ്തു. പുണെയിൽ 8,364 പേർക്കും നാഗ്പുരിൽ 3,999 പേർക്കും രോഗം ബാധിച്ചു. നാഗ്പുർ, ഔറംഗബാദ്, നാസിക് എന്നിവിടങ്ങളിൽ ആശുപത്രികൾ പൂർണമായി നിറഞ്ഞുവെന്ന് അധികൃതർ വ്യക്തമാക്കി. മുംബൈ, പുണെ എന്നിവിടങ്ങളും സമാനമായ അവസ്ഥയിലേക്കു നീങ്ങുകയാണ്. ഈ മാസം മാത്രം മഹാരാഷ്ട്രയിൽ 5.58 ലക്ഷം പേർക്കാണു രോഗബാധയുണ്ടായത്. 2,000 പേർ മരിച്ചു.

മഹാരാഷ്ട്രയ്ക്കു പുറമേ കേരളം, കർണാടകം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളാണ് കോവിഡ് വ്യാപനം രൂക്ഷമാകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, ബംഗാൾ, അസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ പ്രചാരണത്തിലെ ആൾത്തിരക്ക് മൂലം രോഗവ്യാപനം വർധിക്കുമെന്നാണ് അധികൃതർ ആശങ്കപ്പെടുന്നത്. 12 സംസ്ഥാനങ്ങളുമായും കേന്ദ്രഭരണപ്രദേശങ്ങളുമായും കേന്ദ്ര ആരോഗ്യസെക്രട്ടറി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി രോഗവ്യാപനം കുറയ്ക്കാനുള്ള നിർദേശങ്ങൾ നൽകിയിരുന്നു.