ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരം​ഗം ആറ് സംസ്ഥാനങ്ങളിൽ രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അഞ്ചിന പദ്ധതി മുന്നോട്ട് വെച്ചു. പരിശോധന വർധിപ്പിക്കുക, രോഗികളുടെ കൃത്യമായ ഐസലേഷൻ, സമ്പർക്കപ്പട്ടിക തയാറാക്കുക, ഒരു വർഷമായി കോവിഡ് പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ ക്ഷീണം അകറ്റാനുള്ള നടപടികൾ, പൊതുജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നെന്ന് ഉറപ്പുവരുത്തുക, വാക്സിനേഷൻ ലക്ഷ്യം പൂർത്തീകരിക്കുക എന്നിവയാണ് അഞ്ച് നടപടികൾ. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ 12 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി നടത്തിയ ഉന്നതലയോഗത്തിലാണ് തീരുമാനം.

പ്രധാനമനമായും ആറ് സംസ്ഥാനങ്ങളിലാണ് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി നിൽക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഈ ആറ് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്‌ഗഢ്, കർണാടക, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ 79.57 ശതമാനം രോഗികളും നിലവിലുള്ളത്. രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 4,52,647 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന രോഗികളുടെ എണ്ണമാണിത്.

രാജ്യത്ത് 46 ജില്ലകളിലാണ് കോവിഡ് വ്യാപനം രൂക്ഷമായിട്ടുള്ളത്. രോഗികളുടെ 71 ശതമാനവും ഈ ജില്ലകളിലാണ്. ഈ ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യ സെക്രട്ടറി നിർദ്ദേശം നൽകി. കഴിഞ്ഞ ആഴ്ചയിലെ രോഗബാധിതരിൽ 59.8 ശതമാനവും മഹാരാഷ്ട്രയിലെ 25 ജില്ലകളിലാണ്. ആർടിപിസിആർ പരിശോധന വർധിപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകി. പൊതുയിടങ്ങളിൽ 44 ശതമാനം ആളുകൾ മാത്രമാണ് മാസ്ക് ധരിക്കുന്നതെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. ഇക്കാര്യത്തിൽ ഉൾപ്പെടെ കോവിഡ് മാനദണ്ഡങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണം. നിയന്ത്രണങ്ങൾ ഭാഗികമായി നടപ്പിലാക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

അതിനിടെ, മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിൽ മാർച്ച് 30 മുതൽ ഏപ്രിൽ എട്ടുവരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അവശ്യസേവനങ്ങൾ മാത്രമേ അനുവദിക്കൂവെന്നും അധികൃതർ വ്യക്തമാക്കി. മഹാരാഷ്ട്രയുടെ ഇതരഭാഗങ്ങളിലും നിയന്ത്രണം കർശനമാക്കി. ആളുകൾ ഒരുമിച്ച് കൂടുന്നത് നിരോധിച്ചു. മാളുകൾ, റസ്‌റ്റോറന്റുകൾ തുടങ്ങിയ സ്ഥാപനങ്ങൾ രാത്രി എട്ടിന് ശേഷം പ്രവർത്തിക്കാൻ അനുവദിക്കില്ല.

ഭക്ഷണ വിതരണം അനുവദിക്കും. ശനിയാഴ്ച മുതൽ രാത്രി എട്ടുമുതൽ രാവിലെ ഏഴുവരെ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം ചേരുന്നത് അനുവദിക്കില്ല. നിർദ്ദേശം ലംഘിക്കുന്നവർക്ക് 1000 രൂപയാണ് പിഴ. മാസ്‌ക് ധരിക്കാത്തവരിൽനിന്ന് 500 രൂപയും പൊതുസ്ഥലത്ത് തുപ്പുന്നവരിൽനിന്ന് 1000 രൂപയും പിഴ ഈടാക്കും. സാംസ്‌കാരിക, മത, രാഷ്ട്രീയ പരിപാടികൾക്കൊന്നും അനുമതിയില്ല. മഹാരാഷ്ട്രയിലെ 25 ജില്ലയിലും കോവിഡ് വ്യാപിച്ചു. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 59.8 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്.