- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്നാവശ്യം; ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴയിട്ട് ഹൈക്കോടതി; തീർത്തും ബാലിശമായ ഹർജിക്ക് പിന്നിൽ രാഷ്ട്രീയ താൽപ്പര്യം; പൊതുതാൽപ്പര്യമല്ല, പ്രശസ്തി താൽപ്പര്യമാണെന്നും വിമർശനം; എട്ടിന്റെ പണി കിട്ടിയത് കോട്ടയം സ്വദേശി പീറ്ററിന്
കൊച്ചി: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ചെലവോടെ തള്ളി. തീർത്തും ബാലിശമായ ഹർജിക്ക് പിന്നിൽ രാഷ്ട്രീയ താൽപ്പര്യമുണ്ടെന്നും ഹർജിക്കാരനിൽ നിന്ന് 1 ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. ഹർജിക്ക് പിന്നിൽ പൊതുതാൽപ്പര്യമല്ല, പ്രശസ്തി താൽപ്പര്യമാണെന്നും കോടതി വിമർശിച്ചു.
ഒരു ലക്ഷം എന്നത് ഒരു വലിയ തുകയാണെന്ന് അറിയാം, എന്നാൽ ഇത്തരത്തിലുള്ള ബാലിശമായ ഹർജികളെ ഒഴിവാക്കാൻ ഇതാവശ്യമാണെന്ന് സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. തുക ആറ് മാസത്തിനുള്ളിൽ സംസ്ഥാന ലീഗൽ സർവീസ് അതോറികറ്റിയിലേക്ക് അടക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ഇപ്പോഴത്തെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് പൗരന്മാരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും പ്രധാനമന്ത്രിയുടെ ഫോട്ടോയില്ലാത്ത സർട്ടിഫിക്കറ്റ് വേണമെന്നും ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ എം പീറ്ററാണ് ഹർജി നൽകിയത്.
കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയിൽ ഹർജി എത്തിയത്. ഹർജി പരിഗണിക്കവേ ഹർജിക്കാരനെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, മറ്റേതെങ്കിലും രാജ്യത്തിന്റേതല്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ചിത്രം വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ വരുന്നതിന് എന്തിന് നാണിക്കണമെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്.
രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ പലർക്കും ഉണ്ടാകാമെങ്കിലും പ്രധാനമന്ത്രി രാജ്യത്തിന്റേതാണ്. നൂറ് കോടി ജനങ്ങൾക്കില്ലാത്ത എന്ത് പ്രശ്നമാണ് ഹർജിക്കാരനുള്ളത്. ഇത്തരം ഹർജികൾ കൊണ്ടുവന്ന് ഹർജിക്കാരൻ കോടതിയുടെ സമയം പാഴാക്കുകയാണെന്ന് ഹർജി പരിഗണിക്കവെ ജസ്റ്റിസ് വി.പി.കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടിരുന്നു.
എന്തിനാണ് ഹർജിക്കാൻ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പേരിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്യുന്നതെന്നും സ്ഥാപനത്തിൽ നിന്ന് നെഹ്റുവിന്റെ പേര് നീക്കം ചെയ്യാൻ നിലപാട് എടുക്കാത്തത് എന്താണെന്നും കോടതി ചോദിച്ചു. 'നിങ്ങൾക്ക് രാഷ്ട്രീയ വിയോജിപ്പുകളുണ്ടാകാം. പക്ഷേ വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം വേണ്ടെന്ന് പറയുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല'ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
വാക്സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത് നിർബന്ധിതമായിട്ടാണെന്ന് പരാതിക്കാരൻ വാദിച്ചു. ' മോദിയെ ടിവിയിൽ കാണുമ്പോൾ നിങ്ങൾ കണ്ണടയ്ക്കുമോ' എന്നായിരുന്നു കോടതിയുടെ മറുചോദ്യം.'ടിവി കാണുമ്പോൾ എനിക്ക് കണ്ണടയ്ക്കാം. എന്നാൽ എന്റെ സർട്ടിഫിക്കറ്റ് എന്റെ സ്വകാര്യതയാണ്'പീറ്റർ ഇതിന് മറുപടി നൽകി. മറ്റു രാജ്യങ്ങളിലെ വാക്സിൻ സർട്ടിഫിക്കറ്റുകൾ താൻ പരിശോധിച്ചെന്നും അതിലൊന്നും പ്രധാനമന്ത്രിമാരുടെ ചിത്രങ്ങൾ വച്ചിട്ടില്ലെന്നും പീറ്റർ ചൂണ്ടിക്കാട്ടി. എന്നാൽ അവരുടെ പ്രധാനമന്ത്രിമാരെ കുറിച്ച് ആ രാജ്യങ്ങൾ അഭിമാനിക്കുന്നുണ്ടാകില്ല എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
മറുനാടന് മലയാളി ബ്യൂറോ