തിരുവനന്തപുരം: കേരളത്തിൽ കോവിഡ് ബാധിച്ചു മാതാപിതാക്കൾ മരിച്ചതു മൂലം അനാഥരായത് 42 കുട്ടികൾ. ഈ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. കേന്ദ്രവും പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്കാൾ മികച്ചതാണ് ഈ പദ്ധതി. അതുകൊണ്ട് തന്നെ കേരളം പ്രഖ്യാപിച്ചത് കേന്ദ്രത്തിന്റെ ചെലവിലേക്ക് മാറ്റുമോ എന്ന സംശയം സജീവമാണ്. എന്നാൽ ഇക്കാര്യത്തിൽ ഇനിയും കേരളം വ്യക്തത വരുത്തിയിട്ടില്ല.

കോവിഡ് മൂലം മാതാപിതാക്കൾ നഷ്ടമായ കുട്ടികളുടെ സംരക്ഷണത്തിന് 3 ലക്ഷം രൂപ വീതം അവരുടെ പേരിൽ നിക്ഷേപിക്കുമെന്നു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. 18 വയസ്സാകുന്നതു വരെ പ്രതിമാസം 2000 രൂപ നൽകുമെന്നും ബിരുദം വരെയുള്ള വിദ്യാഭ്യാസച്ചെലവ് പൂർണമായും ഏറ്റെടുക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് 10 ലക്ഷം രൂപ ധനസഹായവും സൗജന്യ സ്‌കൂൾ വിദ്യാഭ്യാസവും കേന്ദ്രസർക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.

പല സംസ്ഥാന പദ്ധതികളും പിന്നീട് കേന്ദ്ര സഹായത്തിൽ മുങ്ങി പോയിട്ടുണ്ട്. ഇവിടേയും അത് സംഭവിക്കുമോ എന്ന ആശങ്കയാണ് സജീവമാകുന്നത്. പത്ത് ലക്ഷം രൂപ കേന്ദ്രം നൽകുന്നു. ഈ പത്തു ലക്ഷത്തിലേക്ക് കേരളത്തിന്റെ മൂന്ന് ലക്ഷം കൂടി ഉൾപ്പെടുത്തുമോ എന്നതാണ് ഉയരുന്ന സംശയം. പഠന ചെലവ് കേന്ദ്രം ഏറ്റെടുക്കുമ്പോൾ പിണറായി സർക്കാർ കൊടുക്കാമെന്ന് പറഞ്ഞ 2000 രൂപയ്ക്ക് എന്തു സംഭവിക്കുമെന്ന സംശയവും ബാക്കി. കേന്ദ്ര പദ്ധതിയും സംസ്ഥാന പാക്കേജും രണ്ടായാൽ പാവം കുട്ടികൾക്ക് അതൊരു താങ്ങും തണലുമായി മാറും.

ഇതാണ് സമൂഹം പ്രതീക്ഷിക്കുന്നത്. കോവിഡ് മരണ കണക്കുകളിൽ നിരവധി സംശയമുണ്ട്. അതുകൊണ്ട് തന്നെ പല കുട്ടികൾക്കും ഈ സഹായത്തിനുള്ള അർഹതയുണ്ടാകുമോ എന്ന സംശയമുണ്ട്. കോവിഡു കാരണം മരിച്ചാൽ മറ്റ് അസുഖങ്ങൾ ഉണ്ടെങ്കിൽ ആ മരണങ്ങളെ വിദഗ്ധ സമിതി കോവിഡ് മരണ പട്ടികയിൽ പെടുത്തുന്നില്ല. ഇതുകാരണം നിരവധി പേർക്ക് അവസരം നഷ്ടമാകാൻ സാധ്യതയുണ്ട്.

മാതാപിതാക്കളിൽ ഒരാളെ നഷ്ടമായ 980 കുട്ടികളുമുണ്ട്. ഈ കുട്ടികളിൽ പലരും പ്രതിസന്ധിയിലാണ്. സർക്കാർ നടത്തിയ കണക്കെടുപ്പിലെ വിവരങ്ങൾ കേന്ദ്ര സർക്കാരിനു കൈമാറി. സുപ്രീംകോടതിയിലും പട്ടിക സമർപ്പിക്കും. അനാഥരായ കുട്ടികൾ രണ്ടു തരത്തിലാണ്. ഒന്ന്, അച്ഛനും അമ്മയും കോവിഡ് ബാധിച്ചു മരിച്ചവർ. രണ്ട്, മാതാപിതാക്കളിൽ ഒരാളെ നേരത്തേ നഷ്ടപ്പെട്ടു; രണ്ടാമത്തെയാൾ കോവിഡ് ബാധിച്ചു മരിച്ചു. ഈ രണ്ട് ഗണത്തിലുള്ളവർക്കും സഹായം കൊടുക്കണമെന്ന അഭിപ്രായം സജീവമാണ്.

ജില്ലാ ശിശു സംരക്ഷണ ഓഫിസർമാർ പരിശോധന നടത്തിയാണ് പട്ടിക തയാറാക്കിയത്. കേന്ദ്ര സർക്കാരിന്റെ ബാൽ സുരക്ഷ പോർട്ടലിൽ വിവരങ്ങൾ അപ്ലോഡ് ചെയ്തതിനു പുറമേ കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയത്തിനും വിവരങ്ങൾ കൈമാറി. കുട്ടികളുടെ വിശദമായ വ്യക്തിഗത വിവരങ്ങൾ പിന്നീടു സമർപ്പിക്കും. അതിന് ശേഷം കേന്ദ്ര സഹായം കിട്ടും. ഇതിനൊപ്പം കേരളം മൂന്ന് ലക്ഷവും രണ്ടായിരം രൂപ പ്രതിമാസവും നൽകിയാൽ അത് അശരണരായ കുട്ടികൾക്ക് ആശ്വാസമാകും.