- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാമാരി അനാഥരാക്കിയത് 9300ലധികം കുട്ടികളെ; കണക്കുകൾ സുപ്രീംകോടതിയിൽ; റിപ്പോർട്ട് സമർപ്പിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ; കുട്ടികളുടെ ക്ഷേമത്തിന് കൂടുതൽ സാമ്പത്തിക സഹായം നൽകാൻ സർക്കാർ തയ്യാറാവണമെന്ന് സത്യവാങ്മൂലം
ന്യൂഡൽഹി: കോവിഡ് മഹാമാരി മൂലം ആയിരക്കണക്കിന് കുട്ടികൾ അനാഥരായതായി ദേശീയ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട്. സുപ്രീംകോടതിയിൽ ബാലാവകാശ കമ്മീഷൻ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കോവിഡ് മഹാമാരി മൂലം ഉറ്റവരെ നഷ്ടപ്പെട്ട കുട്ടികളുടെ കണക്കുകൾ ഉള്ളത്.9346 കുട്ടികളെ മഹാമാരി ബാധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
കോവിഡ് മൂലം അച്ഛനെയോ അമ്മയെയോ ഇരുവരെയും നഷ്ടപ്പെട്ട കുട്ടികളുടെ കണക്കുകൾ ബാൽ സ്വരാജ് പോർട്ടലിൽ അപ്ലോഡ് ചെയ്തതായി ബാലാവകാശ കമ്മീഷൻ അറിയിച്ചു. 9346 കുട്ടികളെയാണ് മഹാമാരി നേരിട്ട് ബാധിച്ചത്. ഇതിൽ 1742 കുട്ടികൾക്ക് അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു. 7464 കുട്ടികൾക്ക് രക്ഷകർത്താവ് ഒരാൾ മാത്രമായി.140 കുട്ടികൾ ഉപേക്ഷിക്കപ്പെട്ടതായി സത്യവാങ്മൂലത്തിൽ പറയുന്നു. 2020 മാർച്ച് മുതൽ 2021 മെയ് 29 വരെയുള്ള കണക്കുകളാണ് ക്രോഡീകരിച്ചത്.
ഈ കുട്ടികളിൽ 1224 പേർ രക്ഷകർത്താവിന്റെ ഒപ്പമാണ് ജീവിക്കുന്നത്. 985 കുട്ടികൾ കുടുംബാംഗങ്ങൾക്കൊപ്പമാണ്. 6612 കുട്ടികൾക്ക് അച്ഛൻ അല്ലെങ്കിൽ അമ്മ മാത്രമേയുള്ളൂ. മധ്യപ്രദേശിലാണ് ഏറ്റവുമധികം കുട്ടികൾ അനാഥരായത്. 422 കുട്ടികളാണ് ഒന്നെങ്കിൽ അനാഥരാകുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്തത്. അച്ചൻ അല്ലെങ്കിൽ അമ്മ നഷ്ടപ്പെട്ട കുട്ടികൾ ഏറ്റവുമധികം ഉത്തർപ്രദേശിലാണ്. 1830 കുട്ടികളാണ് ഇത്തരത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട് ജീവിക്കുന്നത്.
അച്ഛൻ അല്ലെങ്കിൽ അമ്മ മാത്രമുള്ള കുട്ടികളുടെ ക്ഷേമത്തിന് കൂടുതൽ സാമ്പത്തിക സഹായം നൽകാൻ സർക്കാർ തയ്യാറാവണമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. കുട്ടികളുടെ പഠനത്തിന് വേണ്ട എല്ലാ സഹായങ്ങളും സർക്കാർ ചെയ്തുകൊടുക്കണമെന്നും ബാലാവകാശ കമ്മീഷന്റെ നിർദേശത്തിൽ പറയുന്നു. ഉറ്റവരെ നഷ്ടപ്പെട്ട കുട്ടികളുടെ വിശദാംശങ്ങൾ സുപ്രീംകോടതി തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷന്റെ സത്യവാങ്മൂലം.
മറുനാടന് മലയാളി ബ്യൂറോ