- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയക്കാർക്ക് കളം കൊഴുപ്പിക്കാൻ മാസ്ക്കും വേണ്ട സാമൂഹ്യ അകലവും വേണ്ട! തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ സാധാരണക്കാരെ വലയ്ക്കാൻ സർക്കാർ വക കടുത്ത കോവിഡ് നിയന്ത്രണങ്ങളും; ഇന്ന് മുതൽ കർശന പൊലീസ് പരിശോധന; ഇതര സംസ്ഥാനക്കാർക്ക് ഒരാഴ്ച്ച ക്വാറന്റീൻ നിർബന്ധം
തിരുവനന്തപുരം: രാഷ്ട്രീയക്കാർക്ക് അവരുടെ കാര്യം നടന്നു കഴിഞ്ഞപ്പോൾ ഇരട്ടത്താപ്പ് നിലപാടുമായി രംഗത്തെത്തി. കാടിളക്കിയുള്ള തെരഞ്ഞെടുപ്പു പ്രചരണത്തിനായി ആൾക്കൂട്ടങ്ങളെ ഉപയോഗിക്കുകയും മാസ്ക്ക് പോലും വേണ്ട വിധത്തിൽ ഉപയോഗിക്കാതിരിക്കുകയും ചെയ്ത ശേഷം ഇപ്പോൾ നിയന്ത്രണം കടുപ്പിക്കുകയാണ് സർക്കാർ. വോട്ടെല്ലാം പെട്ടിയിലായി കഴിയുമ്പോഴാണ് നിയന്ത്രണം കടുപ്പിക്കുന്നതെന്നതാണ് വസ്തുത.
കോവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളാണ് സർക്കാർ ഇന്ന് മുതൽ ഏർപ്പെടുത്തുന്നത്. പൊലീസ് പരിശോധന കർശനമാക്കാനാണ് തീരുമാനം. എല്ലാവരും മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് നിർദ്ദേശം. കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിക്കും.
പരിശോധനകളുടെ എണ്ണം വർധിപ്പിക്കും, ഇതരസംസ്ഥാനക്കാർക്ക് ഒരാഴ്ച ക്വാറന്റീൻ തുടരും. എല്ലാ പോളിങ് ഏജന്റുമാരും പരിശോധന നടത്തണം. കോവിഡ് കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തു കോവിഡ് രണ്ടാം തരംഗം ശക്തമായ സാഹചര്യത്തിൽ പൊലീസ് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ ഊർജിതമാക്കാൻ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേർന്ന കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. മാസ്ക്കും സാമൂഹിക അകലവും ഉറപ്പാക്കാനുള്ള പൊലീസിന്റെ പ്രവർത്തനങ്ങൾ എഡിജിപി വിജയ് സാഖറെ ഏകോപിപ്പിക്കും. തിരക്കേറിയ കേന്ദ്രങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. നിയന്ത്രണങ്ങൾ പാലിക്കാത്തവരിൽനിന്നു പിഴ ഈടാക്കുന്നത് ഊർജിതമാക്കും.
പൊതുസ്ഥലങ്ങളിലെ നിയന്ത്രണം വിലയിരുത്താനും പിഴ ഈടാക്കാനും കൂടുതൽ സെക്ടറൽ മജിസ്ട്രേട്ടുമാരെ വിന്യസിക്കും. പരിശോധനകളുടെയും വാക്സിനേഷന്റെയും എണ്ണം കൂട്ടാൻ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു. ക്വാറന്റീൻ സമയം പൂർത്തിയാക്കാത്തവരും ചെറിയ തോതിലെങ്കിലും കോവിഡ് ലക്ഷണങ്ങളുള്ളവരുമായ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾ അക്കാര്യം പരീക്ഷാ കേന്ദ്രത്തിൽ അറിയിക്കണം. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ആരംഭിക്കുന്ന സാഹചര്യത്തിലും ജാഗ്രത പാലിക്കണമെന്ന് യോഗം വിലയിരുത്തി.
പരീക്ഷയ്ക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
-യാത്രാവേളയിലും പരീക്ഷാഹാളിലും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക.
-പരീക്ഷയ്ക്ക് മുൻപും ശേഷവും സുഹൃത്തുക്കളുമൊത്ത് കൂട്ടംകൂടി നിൽക്കാതിരിക്കുക.
- മാതാപിതാക്കൾ കഴിവതും വിദ്യാർത്ഥികളെ അനുഗമിക്കാതിരിക്കുക.
- പരീക്ഷാഹാളിൽ പഠനോപകരണങ്ങൾ പരസ്പരം പങ്കുവയ്ക്കാതിരിക്കുക.
- പരീക്ഷക്ക് ശേഷം ഹാളിൽനിന്ന് സാമൂഹ്യ അകലം പാലിച്ച് മാത്രം പുറത്തിറങ്ങുക.
- ക്വാറന്റീൻ സമയം പൂർത്തിയാക്കാത്തതും ചെറിയ രീതിയിലെങ്കിലും കോവിഡ് ലക്ഷണങ്ങളുള്ളതുമായ വിദ്യാർത്ഥികൾ വിവരം പരീക്ഷാ കേന്ദ്രത്തിൽ അറിയിക്കുക.
മറുനാടന് മലയാളി ബ്യൂറോ