തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് അതിവേഗം വ്യാപിക്കുന്ന ഘട്ടത്തിൽ കേരളത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുനനു. കേരളത്തിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ എല്ലാവരും ഒരിക്കൽ കൂടി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ക്രമേണ ഉയർന്ന് 3500 കടന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കർക്കശമാക്കുന്നത്. തിരഞ്ഞെടുപ്പിൽ ബഹുഭൂരിപക്ഷം ജനവും പങ്കാളിയായിട്ടുണ്ട്. അതിനാൽ തന്നെ സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിർണായകമാണ്. ഈ സാഹചര്യം മുന്നിൽ കണ്ട് എല്ലാവരും ജാഗ്രത പുലർത്തേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.

സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ 'ബാക് ടു ബേസിക്സ്' ക്യാംപെയ്ൻ ശക്തിപ്പെടുത്തി വരുന്നതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി. സ്വയംരക്ഷ നേടുന്നതിന് എല്ലാവരും കോവിഡ് പ്രതിരോധത്തിൽ ആദ്യം പഠിച്ച പാഠങ്ങൾ വീണ്ടുമോർക്കണം. സോപ്പ്, മാസ്‌ക് എന്നിവ ഉപയോഗിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും വീഴ്ച വരുത്തരുത്. വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കേണ്ടതാണ്. മാസ്‌ക് നൽകുന്ന സുരക്ഷ പരമ പ്രധാനമാണ്. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണ്. കോവിഡിന്റെ അണുക്കളെ നശിപ്പിക്കാൻ ഇടയ്ക്കിടയ്ക്ക് കൈകൾ സാനിറ്റൈസർ കൊണ്ടോ സോപ്പുപയോഗിച്ചോ വൃത്തിയാക്കേണ്ടതാണ്.

പ്രതിദിന കോവിഡ് പരിശോധന വർധിപ്പിക്കാനും സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം ആർടിപിസിആർ പരിശോധനയും വർധിപ്പിച്ചു. കഴിഞ്ഞ ദിവസം 33,699 ആർടിപിസിആർ പരിശോധന ഉൾപ്പെടെ ആകെ 60,554 പരിശോധനയാണ് നടത്തിയത്. സംസ്ഥാനത്തിന് പുറത്തുനിന്നു വരുന്നവരുടെ ഒരാഴ്ച ക്വാറന്റീനും നിർബന്ധമാക്കി.

സിറോ സർവൈലൻസ് സർവേ പ്രകാരം സംസ്ഥാനത്ത് 10.76 ശതമാനം പേർക്കുമാത്രമേ കോവിഡ് വന്നുപോയിട്ടുള്ളൂ. 89 ശതമാനം ആളുകൾക്കും കോവിഡ് വന്നിട്ടില്ലാത്തതിനാൽ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്. 45 വയസ് കഴിഞ്ഞവർ കഴിയുന്നതും വേഗത്തിൽ കോവിഡ് വാക്സീനെടുക്കേണ്ടതാണ്. സംസ്ഥാനത്ത് ഇതുവരെ 37,56,751 പേർ ആദ്യ ഡോസ് വാക്സിനും 4,47,233 പേർ രണ്ടാം വാക്സിനും ഉൾപ്പെടെ ആകെ 42,03,984 പേരാണ് വാക്സീനെടുത്തിട്ടുള്ളത്.

തിരഞ്ഞടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്കും വോട്ടു രേഖപ്പെടുത്താൻ പോയ പൊതുജനങ്ങൾക്കും പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ എത്രയും വേഗം കോവിഡ് പരിശോധന നടത്തേണ്ടതാണ്. പ്രായമുള്ളവർക്കും ഗുരുതര രോഗമുള്ളവർക്കും കോവിഡ് ബാധിച്ചാൽ സങ്കീർണമാകും. അതിനാൽ തന്നെ ബാക് ടു ബേസിക്സ് ക്യാംപെയ്ൻ എല്ലാവരും ഏറ്റെടുക്കേണ്ടതാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

അതേസമയം വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തിൽ നേരത്തെയുള്ള കോവിഡ് പ്രോട്ടോക്കോളിൽ സംസ്ഥാനം മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ ഒരാഴ്ച ക്വാറന്റീനിൽ കഴിയണം എന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.