ന്യൂഡൽഹി: ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ കോവാക്സിൻ ഫലപ്രദമെന്ന് അമേരിക്ക. കോവിഡിന്റെ ഇന്ത്യൻ ഇരട്ട വകഭേദം എന്നറിയപ്പെടുന്ന ബി.1.617 നെ കോവാക്സിൻ നിർവീര്യമാക്കുമെന്ന് കണ്ടെത്തിയതായി വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവും അമേരിക്കയിലെ പകർച്ചവ്യാധി നിയന്ത്രണ വിദഗ്ധനുമായ ഡോ. ആന്റണി ഫൗച്ചി അഭിപ്രായപ്പെട്ടു.

രാജ്യം കടുത്ത കോവിഡ് പ്രതിസന്ധി നേരിടുന്നതിനിടെ ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെകിന്റെ കോവാക്സിൻ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ഇന്ത്യയിൽ കോവാക്സിൻ സ്ഥീകരിച്ച വ്യക്തികളിൽ വൈറസ് നിർവീര്യമാകുന്നതായി തെളിഞ്ഞിട്ടുണ്ട്. കോവാക്സിൻ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ശരീരത്തിൽ ഉത്പാദിപ്പിക്കുന്നുണ്ടെന്നും കൊവിഡിനെതിരെയുള്ള മികച്ച പ്രതിവിധിയാണ് കോവാക്സിനെന്നും അദ്ദേഹം പറഞ്ഞു.

'ദൈനംദിന അടിസ്ഥാന വിവരങ്ങൾ ഞങ്ങൾ പരിശോധിക്കുന്നുണ്ട്. ഇന്ത്യയിൽ കോവിഡ് ഭേദമായ ആളുകളുടേയും വാക്സിൻ സ്വീകരിച്ച ആളുകളുടേയും ഏറ്റവും പുതിയ ഡാറ്റയും പരിശോധിച്ചു. ഇന്ത്യയിൽ ഉപയോഗിക്കുന്ന കോവാക്സിൻ, ബി.1.617 വകഭേദത്തെ നിർവീര്യമാക്കുമെന്ന് കണ്ടെത്തി' യുഎസ് മുഖ്യ ഉപദേഷ്ടാവിനെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

അതുകൊണ്ടു തന്നെ ഇന്ത്യയിൽ ഇപ്പോഴുള്ള യഥാർത്ഥ പ്രതിസന്ധികൾക്കിടയിലും പ്രതിരോധ കുത്തിവെപ്പ് കോവിഡിനെതിരായ ഒരു പ്രധാന മറുമരുന്നായിരിക്കുമെന്നും ഡോ.ഫൗചി മാധ്യമങ്ങളോട് പറഞ്ഞു.

ഐസിഎംആറിന്റേയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടേയും പങ്കാളിത്തത്തോടെയാണ് ഭാരത് ബയോടെക് കോവാക്സിൻ വികസിപ്പിച്ചെടുത്തത്. ക്ലിനിക്കൽ പരീക്ഷണത്തിലിരിക്കുമ്പോൾ തന്നെ ജനുവരി മൂന്നിന് വാക്സിന് അടിയന്തര ഉപയോഗത്തിന് അംഗീകാരം ലഭിച്ചിരുന്നു.

പരീക്ഷണഘട്ടത്തിൽ 78 ശതമാനം ഫലപ്രാപ്തി ലഭിക്കുന്നുണ്ടെന്നാണ് ഐസിഎംആർ അവകാശപ്പെട്ടിരുന്നത്. രാജ്യത്ത് ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് പ്രധാനമായും ബി.1.617 കോവിഡ് വകഭേദം കണ്ടുവരുന്നത്.

രാജ്യത്ത് അതി തീവ്രമായ രണ്ടാംതരംഗത്തിലേക്ക് നയിച്ചത് ഈ വകഭേദമാണെന്നാണ് വിലയിരുത്തൽ. 17 ഓളം രാജ്യങ്ങളിൽ കണ്ടെത്തിയ വകഭേദമാണ് ഇന്ത്യയിൽ തരംഗത്തിന് കാരണമായതെന്ന് ലോകാരോഗ്യ സംഘടന ചൊവ്വാഴ്ച പറയുകയുണ്ടായി.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും സഹകരണത്തോടെ ഭാരത് ബയോടെക്കാണ് ഇന്ത്യയിൽ കോവാക്സിൻ ഉത്പാദിപ്പിക്കുന്നത്.