കൊച്ചി: കൊച്ചി കോർപ്പറേഷൻ കൗൺസിലർ കെ.കെ.ശിവൻ കോവിഡ് ബാധിച്ച് മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്‌കാരം നടക്കും. സിഐടിയു ജില്ലാ കമ്മിറ്റി അംഗവും ഹെഡ് ലോർഡ് ആൻഡ് ജനറൽ വർക്കേസ് ജില്ലാ സെക്രട്ടറിയുമാണ്.

അതേസമയം എറണാകുളം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നത് ആശങ്കാ ജനകമാണ്. എറണാകുളം ജില്ലയിലെ എട്ട് പഞ്ചായത്തുകളിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അൻപത് ശതമാനത്തിന് മുകളിലെത്തി. ചെല്ലാനം പഞ്ചായത്തിലാണ് ജില്ലയിലെ ഏറ്റവും ഉയർന്ന ടിപിആർ നിരക്ക് 56. 27 ശതമാനം. 574 പേരിൽ പരിശോധന നടത്തിയപ്പോൾ രോഗം സ്ഥിരീകരിച്ചത് 323 പേർക്ക്.

ജില്ലയിലെ 13 മുൻസിപ്പാലിറ്റികളിലും കൊച്ചി കോർപ്പറേഷനിലും സ്ഥിതി രൂക്ഷമാണ്. ഏലൂർ മുൻസിപ്പാലിറ്റിയിൽ 48.08 ശതമാനമാണ് ടിപിആർ. കളമശേരി, മരട്, തൃപ്പുണിത്തുറ, വടക്കൻ പറവൂർ എന്നിവിടങ്ങളിലും കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുതിക്കുകയാണ്. ആശങ്ക വർധിപ്പിക്കുന്നത് തന്നെയാണ് ഈ കണക്കുകൾ.

5361 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ കോവിഡ് പോസിറ്റീവായി കഴിയുന്നവരുടെ എണ്ണം 64,453 ആയി. മുപ്പതിന് മുകളിൽ തന്നെയാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങൾ തന്നെയാണ് ലോക്ഡൗണിൽ ജില്ലയിൽ നടപ്പിലാക്കുന്നതും.