ന്യൂഡൽഹി: രാജ്യത്തെ കോവിഡ് മരണം സംബന്ധിച്ച് കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകൾ നുണയാണെന്ന രാഹുൽ ഗാന്ധിയുടെ ട്വീറ്റിനെതിരേ രൂക്ഷവിമർശനവുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ.

ഇന്ത്യയിലെ യഥാർഥ കോവിഡ് മരണങ്ങൾ സർക്കാർ കണക്കുകളേക്കാൾ നിരവധി ഇരട്ടി ആകാമെന്ന് ന്യൂയോർക്ക് ടൈംസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. 'സംഖ്യകൾ നുണ പറയില്ല, ഇന്ത്യൻ സർക്കാർ പറയും'- എന്നും അദ്ദേഹം കുറിച്ചു.

ആക്ഷേപത്തിന് മറുപടിയുമായാണ് ഹർഷവർധൻ രംഗത്തെത്തിയത്.

കോവിഡ് മരണങ്ങളുടെ പേരിൽ രാഷ്ട്രീയം കളിക്കാനുള്ള ക്രൂരമായ ലക്ഷ്യമാണ് രാഹുൽ ഗാന്ധിക്കുള്ളതെന്ന് ഹർഷവർധൻ ആരോപിച്ചു.

'ജഡങ്ങളെ ചൊല്ലി രാഷ്ട്രീയം. ഇതാണ് കോൺഗ്രസ് ശൈലി. മരങ്ങളിൽനിന്ന് കഴുകന്മാർ വിട്ടുപോവുകയാണെങ്കിലും അവരുടെ ആത്മാവ് ഭൂമിയിലെ കഴുകന്മാരിൽ സ്വാംശീകരിക്കപ്പെട്ടിരിക്കുന്നു. ന്യൂഡൽഹിയേക്കാൾ രാഹുൽ ഗാന്ധി വിശ്വസിക്കുന്നത് ന്യൂയോർക്കിനെയാണ്. ശവശരീരങ്ങളെ വെച്ച് രാഷ്ട്രീയം കളിക്കേണ്ടതെങ്ങനെയെന്ന് ഭൂമിയിലെ കഴുകന്മാരിൽനിന്ന് പഠിക്കേണ്ടിയിരിക്കുന്നു.' ഹർഷ വർധൻ ട്വീറ്റ് ചെയ്തു.

രാജ്യത്തെ ശ്മശാനങ്ങൾ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ കൊണ്ട് നിറയുകയും സംസ്‌കാരം നടത്താൻ പോലും കഴിയാതെ ശവശരീരങ്ങൾ നദികളിൽ ഉപേക്ഷിക്കുകയും ചെയ്യുന്ന സാഹചര്യം അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ഗംഗാതീരങ്ങളിൽ നൂറുകണക്കിന് ശവശരീരങ്ങൾ മറവുചെയ്തതിന്റെ ചിത്രങ്ങളും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യയിലെ മരണ സംഖ്യ 3.15 ലക്ഷം മാത്രമാണ്.

ഇന്ത്യയിലെ യഥാർഥ മരണ സംഖ്യ ഒരുപക്ഷേ, 10 ലക്ഷത്തിൽ അധികം പോലും ആയേക്കാമെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. കണക്കുകൾ സൂക്ഷിക്കുന്നതിന്റെയും വ്യാപകമായ പരിശോധനയുടെയും അഭാവം മൂലം ഇന്ത്യയിലെ രോഗബാധയുടെയും മരണത്തിന്റെയും യഥാർഥ കണക്ക് ലഭ്യമാകുക ബുദ്ധിമുട്ടായിരിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

കോവിഡ് മരണസംഖ്യ സംബന്ധിച്ച് തെറ്റായ കണക്കുകളാണ് കേന്ദ്രസർക്കാർ പുറത്തുവിടുന്നതെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിച്ചിരുന്നു. കോവിഡ് ബാധ സംബന്ധിച്ചും മരണം സംബന്ധിച്ചും തെറ്റായ കണക്കുകളാണ് സർക്കാർ പുറത്തുവിടുന്നതെന്ന് സംശയിക്കുന്നതായി കോൺഗ്രസ് നേതാവ് പി. ചിദംബരം ആരോപിച്ചിരുന്നു.