തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണക്കണക്കിൽ വൻ വൈരുധ്യം ഉണ്ടെന്ന് റിപ്പോർട്ടുകൾക്കിടെ ഇത്തരം ഒഴിവാക്കലുകൾ ഭാവിയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്കായി പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ പലരും ഒഴിവാക്കപ്പെടും. അനാഥരായ കുട്ടികളെ സംരക്ഷിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുമ്പോഴും പലരും പട്ടികയ്ക്ക് പുറത്താകുമെന്ന ആശങ്കയാണ് സജീവമാകുന്നത്.

യഥാർഥ കോവിഡ് മരണത്തെക്കാൾ രണ്ടിരട്ടിയോളം കുറച്ചാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതെന്ന ആക്ഷേപം ശക്തമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വാർത്തകൾ ഉദ്ദരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ തന്നെ ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആശങ്ക എത്തുന്നത്. കോവിഡ് രോഗബാധയെത്തുടർന്ന് അച്ഛനമ്മമാരെ നഷ്ടമായ കുട്ടികളെ സർക്കാർ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സാമൂഹികക്ഷേമ ഇടപെടലുകൾ സർക്കാർ നടത്തുമ്പോൾ കണക്കിലെ കള്ളക്കളി മൂലം പലർക്കും അർഹതപ്പെട്ട അവസരം നഷ്ടമാകും.

സംസ്ഥാന ആരോഗ്യവകുപ്പ് നിശ്ചയിച്ച വിദഗ്ധസമിതി സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കോവിഡ് മരണങ്ങളിൽനിന്നും പലതും ഒഴിവാക്കുന്നത് മൂലമാണ് കണക്കുകളിൽ വൈരുധ്യം ഉണ്ടാകുന്നത്. മെയ്‌ 26 വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 7882 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ ഇതിലുമേറെയാണ് കണക്കെന്നാണ് ആരോപണം. ഗുരുതരമായ അസുഖങ്ങൾ ഉള്ള ഒരാൾ രോഗം മൂർച്ഛിച്ച് മരിക്കുമ്പോൾ കോവിഡ് പോസിറ്റീവ് ആണെങ്കിൽപ്പോലും പട്ടികയിൽ ഉൾപ്പെടുത്തില്ല.

രോഗിയെ ചികിത്സിച്ച ഡോക്ടർമാർ നൽകുന്ന മരണ സർട്ടിഫിക്കറ്റ് പോലും വിദഗ്ധ സമിതി പരിഗണിക്കാറില്ല. ഇതുമൂലം ജില്ലാ ആരോഗ്യവകുപ്പ് കോവിഡ് ബാധിച്ച മരണമെന്ന് പ്രഖ്യാപിച്ചവരിൽ പലരും സംസ്ഥാന പട്ടികയിൽ ഉണ്ടാകാറില്ല. ഇതു കാരണം ഇവരുടെ കുട്ടികൾക്ക് സർക്കാർ ആനുകൂല്യം കിട്ടാത്ത സ്ഥിതി വരും. അതുകൊണ്ട് തന്നെ കോവിഡുകാലത്തെ മരണത്തിൽ കൂടുതൽ സത്യസന്ധത വരുത്തണമെന്നാണ് ആവശ്യം.

പാലക്കാട്, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ മരണക്കണക്കുകളിൽ വൻ വ്യത്യാസമാണുള്ളത്. ജില്ലാ, സംസ്ഥാന ആരോഗ്യവകുപ്പുകളുടെ കണക്കുകൾ തമ്മിൽ താരതമ്യം ചെയ്തതിൽ ഇക്കാര്യം വ്യക്തമാണ്. മെയ്‌ 12-ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ 70 മരണങ്ങൾ നടന്നതായി പി.ജി. അദ്ധ്യാപകരുടെ സംഘടന വെളിപ്പെടുത്തിയിരുന്നു.

എന്നാൽ കോവിഡ് ഇതര മരണങ്ങളടക്കം 40 മരണങ്ങൾ മാത്രമാണ് അധികൃതർ അറിയിച്ചത്. ശ്മശാനങ്ങളിൽ രേഖപ്പെടുത്തുന്ന കോവിഡ് മരണങ്ങളുടെ എണ്ണവും ഔദ്യോഗിക പട്ടികകളെക്കാൾ ഉയർന്നതുമാണ്. ഈ സാഹചര്യത്തിലാണ് സഹായം കിട്ടുന്നത് പല കുട്ടികൾക്കും മുടങ്ങുമോ എന്ന സംശയം സജീവമാകുന്നത്.