- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണത്തിലെ കൃത്യമായ കണക്കും ജില്ലാ കണക്കുമായി അത് കുറയാനുള്ള കാരണവും വിശദീകരിക്കണം; കോവിഡിലെ ശൈലജ ടീച്ചർ മോഡൽ മരണ നിരക്ക് കുറച്ചു കാട്ടിയോ? സത്യം കണ്ടെത്താൻ വീണാ ജോർജിന്റെ അന്വേഷണം; മരണക്കണക്കിലും കേരളത്തിന് നാണക്കേടായി മാറുമോ ഇനി പുറത്തു വരുന്ന വിവരങ്ങൾ; സ്വയം തിരുത്താൻ പിണറായി സർക്കാർ ശ്രമിക്കുമ്പോൾ
തിരുവനന്തപുരം: കേരളത്തിൽ ഇതുവരെ 27 ലക്ഷം പേർക്ക് കോവിഡ് രോഗം ബാധിച്ചു എന്നാണ് കണക്ക്. മരണം 11744ഉം. ലോക ശരാശരി കണക്കിലെടുത്താൽ പോലും മരണ നിരക്ക് ഏറെ കുറവ്. ആരോഗ്യത്തിലെ കേരളാ മോഡലിന് ലോകം കൈയടിക്കുന്നത് ഈ കണക്ക് കാരണമാണ്. എന്നാൽ ഇതും തെറ്റാകുമോ? കോവിഡിൽ രോഗികളുടെ പ്രതിദിന കണക്കിൽ രാജ്യത്തിന് കേരളം ആശങ്കയാണ്. അതിനിടെയാണ് മരണ നിരക്കിലും കണക്കുകൾ തെറ്റുമോ എന്ന സംശയം ഉയരുന്നത്.
കോവിഡ് മരണക്കണക്കിൽ ജില്ലകൾ തമ്മിൽ വലിയ വ്യത്യാസം വന്നതിനു മന്ത്രി വീണാ ജോർജ് കാരണം തേടിയത് ഈ സാഹചര്യത്തിലാണ്. മന്ത്രിയുടെ നിർദ്ദേശപ്രകാരം കൃത്യമായ കണക്കുകളും കാരണവും അറിയിക്കാൻ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും കത്തു നൽകി. ഈ കണക്കളിലെ വസ്തുതാ പരിശോധനയ്ക്ക് ശേഷം ജില്ലകളിലെ കണക്ക് കൂടി പട്ടികയിൽ ഉൾപ്പെടുത്തിയാൽ മരണ നിരക്കും കൂടം. ഇത് കേരളത്തിന് നാണക്കേടായി മാറുകയും ചെയ്തു. കണക്കു കുറച്ചാണ് മേനി നടിച്ചതെന്ന് ഏവരും ആക്ഷേപവും ഉന്നയിക്കുകയും ചെയ്തു.
കഴിഞ്ഞ 7നു നടന്ന കോവിഡ് അവലോകന യോഗത്തിൽ മരണക്കണക്കിലെ പൊരുത്തക്കേടുകൾ പരിഹരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചതിനു പിന്നാലെ എട്ടിനാണ് മന്ത്രി പ്രിൻസിപ്പൽ സെക്രട്ടറിക്ക് കുറിപ്പ് നൽകിയത്. ജില്ലകളിൽ നിന്നു റിപ്പോർട്ട് ചെയ്യുന്ന മരണങ്ങൾ സംസ്ഥാന തലത്തിൽ പുനഃപരിശോധിച്ച് പലതും ഒഴിവാക്കിയാണ് കഴിഞ്ഞ 15 വരെ പ്രസിദ്ധീകരിച്ചിരുന്നത്. ഈ കണക്കുകൾ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫിസ് തന്നെയാണു കൈകാര്യം ചെയ്യുന്നത്. ഇതിൽ പ്രതിപക്ഷവും സംശയം ഉയർത്തിയിരുന്നു.
കോവിഡിൽ മരിച്ചവരുടെ അനാഥരായ കുട്ടികൾക്ക് കേന്ദ്രം സഹായം പോലും നൽകുന്നുണ്ട്. കണക്കിൽ കുറവുള്ളതിനാൽ ഈ ആനുകൂല്യങ്ങൾ പലർക്കും നഷ്ടമാകും. ഈ സാഹചര്യത്തിലാണ് സത്യസന്ധമായ കണക്കുകൾ പുറത്തുവരണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചത്. നിലവിൽ കോവിഡ് ബാധിച്ചവർ നെഗറ്റീവായ ശേഷം മരിച്ചാൽ അവരെ കോവിഡ് മരണ പട്ടികയിൽ ഉൾപ്പെടുത്തില്ല. ഇത് ഏറെ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് മരണ നിരക്ക് പുനപരിശോധിക്കുന്നത്. ഇതിൽ തെറ്റുകൾ സംഭവിച്ചെന്ന് തെളിഞ്ഞാൽ അത് പുതിയ വിവാദമാകും.
ആകെ കോവിഡ് മരണങ്ങൾ, ജില്ല തിരിച്ചുള്ള കണക്ക്, ജില്ലകൾ തമ്മിൽ പ്രകടമായ വ്യത്യാസമുണ്ടെങ്കിൽ അതിനുള്ള കാരണം, ഏതെങ്കിലും പ്രദേശങ്ങളിൽ മരണം കൂടുതലാണെങ്കിൽ അതിനുള്ള കാരണം എന്നിവ നൽകാനാണ് നിർദ്ദേശം. ജില്ലകളിൽ നിന്നു നൽകിയ മരണ റിപ്പോർട്ടുകളും ആരോഗ്യവകുപ്പ് അംഗീകരിച്ച കണക്കും തമ്മിൽ വലിയ വ്യത്യാസമുണ്ട്. എല്ലായിടത്തും വ്യാപിച്ച കോവിഡിൽ ജില്ലകളിലെ കണക്കുകൾ തമ്മിൽ കാര്യമായ വ്യത്യാസമുണ്ടായത് റിപ്പോർട്ട് ചെയ്തതിലെയും സ്ഥിരീകരിച്ചതിലെയും പിഴവാണെന്ന് വിദഗ്ദ്ധർ പറയുന്നു.
മരണ നിരക്ക് കുറഞ്ഞതാണ് കേരളത്തിന്റെ പ്രധാന നേട്ടമായി മുൻ ആരോഗ്യമന്ത്രി ശൈലജ ടീച്ചർ എടുത്തു കാട്ടിയിരുന്നത്. ഈ കണക്കുകൾ തെറ്റാണെന്ന് തെളിഞ്ഞാൽ ശൈലജ ടീച്ചർക്കും നാണക്കേടാകും. മരണക്കണക്ക് പുനർനിർണ്ണയത്തിൽ പിഴവു കണ്ടെത്തിയാൽ ആരോഗ്യ വകുപ്പിലെ പഴയ സംവിധാനങ്ങൾ തെറ്റാണെന്ന് തെളിയും. ഇത് വിരൽ ചൂണ്ടുകയ ശൈലജ ടീച്ചറിന് നേരെയാകും. കണക്കുകൾ കുറച്ചു കാട്ടി സോഷ്യൽ മീഡിയയിൽ കൈയടി നേടാൻ ശൈലജ ടീച്ചർ ശ്രമിച്ചുവെന്ന ചർച്ചയും ശക്തമാകും.
ഇപ്പോഴും രണ്ടാം പിണറായി സർക്കാരിൽ നിന്നും ശൈലജ ടീച്ചറിനെ ഒഴിവാക്കിയതിൽ വികാരവും ചർച്ചയും സജീവമാണ്. അതുകൊണ്ട് തന്നെ കണക്കുകളിൽ കള്ളക്കളികൾ തിരിച്ചറിഞ്ഞാൽ അതും പുതിയ ചർച്ചയാകും. അതിന് വേണ്ടിയാണ് ഇപ്പോഴത്തെ കണക്ക് പരിശോധന എന്ന സംശയവും സജീവമാണ്.
മറുനാടന് മലയാളി ബ്യൂറോ