- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വ്യാപനത്തിൽ നമ്പർ വൺ; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് പത്തിന് മുകളിൽ; രോഗവ്യാപനത്തിനൊപ്പം പ്രതിസന്ധിയായി മരണക്കണക്കിലെ നിരാകരണങ്ങളും; ആറു ജില്ലകളിൽ മാത്രം ഏഴായിരത്തോളം മരണങ്ങൾ കോവിഡ് ലിസ്റ്റിൽ അപ്രത്യക്ഷം; സുപ്രീംകോടതി സഹായം പ്രഖ്യാപിച്ചാൽ തർക്കം രൂക്ഷമാകും
തിരുവനന്തപുരം: കോവിഡിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് പത്തിന് മുകളിലാണ് കേരളത്തിൽ. രാജസ്ഥാനും യുപിയും ഡൽഹിയും അടക്കമുള്ളിടത്ത് വ്യാപനം ഏതാണ്ട് അവസാനിക്കുമ്പോഴാണ് കേരളത്തിൽ പന്ത്രണ്ടായിരത്തിന് അടുത്ത് പ്രതിദിന രോഗികൾ. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കവിയുന്നത് ഇപ്പോൾ കേരളത്തിൽ മാത്രമാണ്. ഇതിനിടെയാണ് സംസ്ഥാനത്ത് കോവിഡ് മരണക്കണക്കുകൾ സർക്കാർ പൂഴ്‌ത്തിവച്ചതിന്റെ കൂടുതൽ തെളിവുകൾ പുറത്തു വരുന്നത്. കോവിഡിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സുപ്രീംകോടതി നഷ്ടപരിഹാരം വിധിച്ചാൽ നിരവധി പേർക്ക് അത് നഷ്ടമാകും. ഇത് വലിയ വിവാദങ്ങൾക്കും ഇട നൽകും.
6 ജില്ലകളിലായി ഏഴായിരത്തോളം പേരാണ് പട്ടികയിൽനിന്നു പുറത്തായത് എന്നാണ് റിപ്പോർട്ട്. മരണ സമയത്ത് കോവിഡ് പോസിറ്റീവായ എല്ലാവരും പട്ടികയിൽ ഇല്ല. മറ്റേതെങ്കിലും അസുഖമുണ്ടായിരുന്നെങ്കിൽ ആ പേരിൽ ഒഴിവാക്കി. കോവിഡിന്റെ ഭാഗമായി ന്യൂമോണിയ ബാധിക്കുകയും നെഗറ്റീവായതിനു പിന്നാലെ ന്യൂമോണിയ മൂർച്ഛിച്ചു മരിക്കുകയും ചെയ്ത നൂറുകണക്കിനു പേർ ഒഴിവാക്കപ്പെട്ടുവെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. സുപ്രീംകോടതി വിധി പ്രകാരമുള്ള നഷ്ടപരിഹാരപ്പട്ടികയിൽനിന്ന് നിർധനർ ഉൾപ്പെടെ ഒട്ടേറെ പേർ പുറത്താകുന്ന സാഹചര്യമാണ് പഴയ ഈ ഒഴിവാക്കലിലൂടെ സംഭവിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പും മരണ കണക്കിലെ ഒഴിവാക്കൽ വാർത്തകളായി എത്തി. മെഡിക്കൽ കോളേജുകളിൽ നിന്ന് കിട്ടിയ വിവരാവകാശങ്ങൾ മരണത്തിൽ ഒഴിവാക്കലുണ്ടെന്ന സന്ദേശം നൽകി. എന്നാൽ സർക്കാരിന്റെ പ്രചരണത്തിന് മുന്നിൽ ഈ വിവാദങ്ങൾ വിലപോയില്ല. പരാതികളുമായി അരുമെത്തിയതുമില്ല. എന്നാൽ കോവിഡിൽ മരിച്ചവർക്ക് സഹായം പ്രഖ്യാപിക്കാനുള്ള സാധ്യത തെളിഞ്ഞതോടെ പലരും മരണകാരണത്തിൽ പരാതികളുമായെത്തുകയാണ്.
കോവിഡ് ബാധിച്ച ശേഷം മറ്റ് അസുഖങ്ങൾ ഉണ്ടാകുന്നു. അങ്ങനെ മരിക്കുന്നവരെ കോവിഡ് മരണമായി കണക്കാക്കുന്നില്ല. ചില സ്വാഭാവിക മരണങ്ങളെന്ന് തോന്നുന്നവ മരണ ശേഷമുള്ള പരിശോധനയിൽ കോവിഡ് പോസിറ്റീവാകും. അതും കോവിഡ് കണക്കിൽ പെടുത്തിയിട്ടില്ലെന്നും സൂചനയുണ്ട്. അങ്ങനെ അടിമുടി ദുരൂഹമാണ് കണക്കുകൾ. കേരളത്തിലെ കോവിഡ് പ്രതിരോധത്തിൽ പുറം മേനി പറയാൻ വേണ്ടി മരണക്കണക്ക് കുറച്ചു കാണിച്ചുവെന്ന ആരോപണമാണ് അതിശക്തം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ ഈ കള്ളക്കളി വലിയ വിവാദമായി മാറും. പരാതികൾ ഉയർന്നപ്പോൾ ബീഹാർ പോലുള്ള സംസ്ഥാനങ്ങൾ സമഗ്ര ഓഡിറ്റ് നടത്തിയിരുന്നു. ഇതിലൂടെ നിരവധി മരണങ്ങൾ കോവിഡ് പട്ടികയിൽ ആവുകയും ചെയ്തു. എന്നാൽ കേരളത്തിൽ അത്തരമൊരു പുനപരിശോധന ഇനിയും നടന്നിട്ടില്ല.
കോഴിക്കോട് ജില്ലയിൽ മെയ് വരെ 2096 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഔദ്യോഗിക കണക്കിൽ 914 മാത്രം. ആലപ്പുഴ മെഡിക്കൽ കോളജിൽ മാത്രം ജൂൺ 30 വരെ 1480 പേർ മരിച്ചു. ഇതിനുപുറമേ, നെഗറ്റീവ് ആയശേഷം ചികിത്സയിലിരിക്കെ 734 പേർ മരിച്ചു. എന്നാൽ, ഔദ്യോഗിക കണക്കിൽ ആലപ്പുഴ ജില്ലയിലാകെ 1004 മരണമേയുള്ളൂ. എറണാകുളത്ത് 1277 പേർ മരിച്ചെന്നാണു സർക്കാർ കണക്ക്. എന്നാൽ തദ്ദേശസ്ഥാപനങ്ങൾ ശേഖരിച്ച കണക്കനുസരിച്ച് 2500 ലേറെ കോവിഡ് മരണം സംഭവിച്ചിട്ടുണ്ട്. കൊല്ലത്ത് ഔദ്യോഗിക സംഖ്യ 912; തദ്ദേശസ്ഥാപനങ്ങളുടെ കണക്കിൽ 2528. കോട്ടയത്ത് ഔദ്യോഗിക കണക്ക് 525; പട്ടികയിൽ ഉൾപ്പെടാതെ പോയ മരണങ്ങൾ 540.-മനോരമ റിപ്പോർട്ട് ചെയ്യുന്നു.
തിരുവനന്തപുരം ജില്ലയിൽ ഔദ്യോഗിക കണക്കിൽ 2959; യഥാർഥ കണക്ക് 4000 കവിയും. കോവിഡ് ബാധിച്ചു മരിച്ച 2200 പേരെ തിരുവനന്തപുരം കോർപറേഷനിലെ തൈക്കാട് ശാന്തികവാടത്തിൽ മാത്രം സംസ്‌കരിച്ചിട്ടുണ്ട്. മൃതദേഹം ദഹിപ്പിക്കാൻ താൽപര്യമുള്ളവർ മാത്രമാണ് ഇവിടെ എത്തിയത്. വീട്ടു വളപ്പിലോ പ്രാദേശിക ശ്മശാനങ്ങളിലോ സംസ്‌കരിച്ചവർ ഏറെയാണെന്നും മനോരമ വിശദീകരിക്കുന്നു.
പരാതികൾ ഏറെ
ചികിത്സയിലായിരിക്കെ നെഗറ്റീവായശേഷം മരിച്ചവരെ മരണപ്പട്ടികയിൽ നിന്ന് ഒഴിവാക്കുന്ന നയം വന്നതോടെ കോവിഡ് കണക്കുകളും പേരുവിവരങ്ങളും കൃത്യമായി പുറത്തുവിട്ടുകൊണ്ടിരുന്ന മലപ്പുറം ജില്ലയിലെ മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആ ജോലി അവസാനിപ്പിച്ചു. സർക്കാരിനു കൊടുക്കുന്ന കണക്ക് വെട്ടിക്കുറച്ചു മറ്റൊരു പട്ടികയാണു സംസ്ഥാന തലത്തിൽ പുറത്തുവിട്ടിരുന്നത്. അടുത്തിടെ മലപ്പുറം കരുവമ്പ്ര സ്വദേശിയായ വയോധികയെ കോവിഡ് മൂലം സ്ഥിതി വഷളായതിനെത്തുടർന്നു മഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റി. 17 ദിവസത്തെ ചികിത്സയ്ക്കിടെ മരിച്ചു. ഇതിനിടെ കോവിഡ് നെഗറ്റീവായി. ഈ മരണം കോവിഡ് കാരണമല്ലെന്നാണു രേഖ.
കണ്ണൂരിൽ ജില്ലയിൽ, അമ്മയും മകനും കോവിഡ് ബാധിച്ചു മരിച്ചെങ്കിലും കോവിഡ് മരണത്തിന്റെ പട്ടികയിൽ ഉൾപ്പെട്ടതു മകൻ മാത്രം. തളിപ്പറമ്പ് പട്ടുവം പറപ്പൂൽ സ്വദേശി ജോഷി ജോസഫും (45) അമ്മ റോസമ്മയും (72) കോവിഡ് ബാധിച്ചു പരിയാരം മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സ തേടിയിരുന്നു. ജോഷി പോസിറ്റീവ് ആയിരിക്കുമ്പോൾ തന്നെ മരിച്ചു. റോസമ്മ നെഗറ്റീവ് ആയെങ്കിലും മകൻ മരിച്ചതിന്റെ പത്താം ദിവസം ന്യുമോണിയ ബാധിച്ചു മരിച്ചു. എന്നാൽ കോവിഡ് നെഗറ്റീവ് ആയ ശേഷം ന്യുമോണിയ ബാധിച്ചു മരിച്ചവരുടെ പേരുകൾ സർക്കാർ പട്ടികയിൽ ഉൾപ്പെട്ട സംഭവവും ജില്ലയിൽ ഉണ്ടെന്നും പറയുന്നു.
എറണാകുളം ജില്ലയിലെ ശ്രീമൂലനഗരം കുറ്റിക്കാട്ടുകുടി കെ.എം. സുനിക്ക് (45) ഏപ്രിൽ 20നു കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ 18നു നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായി. 20നു മരിച്ചു. സർട്ടിഫിക്കറ്റിൽ മരണ കാരണം കോവിഡ് ആണെന്നു രേഖപ്പെടുത്തിയിട്ടില്ല. പത്തനംതിട്ടയിൽ കോവിഡ് ബാധിച്ചു ഓക്‌സിജന്റെ അളവ് കുറഞ്ഞു 2 ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞശേഷം മരിച്ചയാളും കോവിഡ് മരണപ്പട്ടികയിൽ ഇല്ല. കുളനട പഞ്ചായത്തിലെ ഉളനാട്ടിൽ വിദ്യാർത്ഥികളായ 2 മക്കളുടെ പിതാവായ ഫൊട്ടോഗ്രഫറാണു പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മരിച്ചത്. നാരങ്ങാനം കല്ലേലിയിൽ അച്ഛനും മകനും കോവിഡ് ബാധിച്ചു മരിച്ചെങ്കിലും മരണ സർട്ടിഫിക്കറ്റിൽ കോവിഡ് ആണെന്നു രേഖപ്പെടുത്തിയിട്ടില്ല.
കോവിഡ് ഒന്നാം തരംഗത്തിന്റെ സമയം കൊല്ലം ഗവ. മെഡിക്കൽ കോളജിൽ നിന്ന് ഒരേ ദിവസം കോവിഡ് നെഗറ്റീവ് ആയി 9 പേരെ ഡിസ്ചാർജ് ചെയ്തു. ഇതിൽ 8 പേരെ അന്നു തന്നെ വീട്ടിലേക്ക് വിട്ടെങ്കിലും 65 വയസ്സു കഴിഞ്ഞയാളെ ഒരുദിവസം കൂടി കഴിഞ്ഞ് വീട്ടിലേക്ക് വിടാമെന്നായിരുന്നു ആശുപത്രി അധികൃതരുടെ തീരുമാനം. അരമണിക്കൂറിനകം അദ്ദേഹം മരിച്ചു. പക്ഷേ സർട്ടിഫിക്കറ്റിൽ കോവിഡ് പരാമർശമില്ലെന്നും മനോരമ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ